2011-06-22 19:05:27

കുര്‍ബ്ബാനയുടെ തിരുനാള്‍
Corpus Christi


22 ജൂണ്‍ 2011, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ തിരുശരീര-രക്തങ്ങളുടെ മഹോത്സവത്തില്‍
റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിക്കുപ്പെടും. ആരാധനക്രമാനുസൃതമായി ജൂണ്‍ 23-ാം തിയതി വ്യാഴാഴ്ച ആഘോഷിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ തിരുശരീര-രക്തങ്ങളുടെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ വൈകുന്നേരം 6.30-ന് വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം 6 കിലോമീറ്റര്‍ അകലെയുള്ള തന്‍റെ ഭദ്രാസന ദേവാലയത്തിലേയ്ക്ക് പുറപ്പെടും. ദിവ്യബലിമദ്ധ്യേ മാര്‍പാപ്പ വചനപ്രഘോഷണം നടത്തും. ദിവ്യബലിയെത്തുടര്‍ന്ന് സമീപത്തുള്ള മേരി മജ്ജോരെ ബസിലിക്കയുടെ ചത്വരത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലേയ്ക്കുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും, മാര്‍പാപ്പ അലംകൃത വാഹനത്തിലിരുന്നുകൊണ്ട് നയിക്കും. പാപ്പാ നല്കുന്ന ദിവ്യകാരുണ്യ ആശിര്‍വ്വാദത്തോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്.
പരമ്പരാഗതമായി ആഘോഷിക്കുന്ന ക്രിസ്തുവിന്‍റെ തിരുശരീര-രക്തങ്ങളുടെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ റോമിലും പുറത്തുനിന്നുമായി
വന്‍ പുരുഷാരമാണ് അനുവര്‍ഷം എത്തിച്ചേരുന്നത്.

ക്രിസ്തുവിന്‍റെ തിരുശരീര-രക്തങ്ങളുടെ മഹോത്സവം പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഘോഷിക്കുമ്പോള്‍ അജപാലന കാരണങ്ങളാല്‍ ഭാരതത്തില്‍ ഞായറാഴ്ചയാണ് ആഘോഷിക്കപ്പടുന്നത്.








All the contents on this site are copyrighted ©.