2011-06-22 19:12:01

ആത്മീയതയുടെ ചക്രവാളത്തിലേയ്ക്ക് മനസ്സുതുറക്കണമെന്ന്
മാര്‍പാപ്പ യുവാക്കളോട്


19 ജൂണ്‍ 2011, സാന്‍ മരീനോ
ഭൗമികതലം വിട്ട് വിസ്തൃതമായ ആത്മീയതയുടെ ചക്രവാളങ്ങളിലേയ്ക്ക് മനുഷ്യന്‍ മനസ്സുതുറക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യുവാക്കളെ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 19-ാം തിയതി ഞായറാഴ്ച ഇറ്റലിയിലെ സാന്‍ മരീനോ റിപ്പബ്ളിക്കിലേയ്ക്കു നടത്തിയ ഇടയസന്ദര്‍ശനത്തിന്‍റെ സമാപനത്തില്‍ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
മാനുഷിക പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണുവാന്‍ ശാസ്ത്ര സാങ്കേതികതയ്ക്ക് ആവില്ലെന്നു പറഞ്ഞ പാപ്പ, ജീവിതത്തിലെ യാതനകളുടെയും വേദനകളുടെയും അര്‍ത്ഥം മനുഷ്യന്‍റെ ഹൃദയാന്തരാളത്തിലും ആത്മാവിലുമാണെന്നും, അതിനായി ഭൗമികതലങ്ങള്‍ താണ്ടി മനുഷ്യന്‍ ആത്മീയതയുടെ മാനങ്ങളിലേയ്ക്ക് ഉയരേണ്ടത് അനിവാര്യമാണെന്ന്,
സാന്‍ മരീനോയിലെ പെന്നാബിലി ചത്വരത്തില്‍ സമ്മേളിച്ച
4000-ത്തോളം വരുന്ന യുവാക്കളെ ഉദ്ബോധിപ്പിച്ചു.
മനുഷ്യാസ്തിത്വത്തോട് സത്യസന്ധത പുലര്‍ത്തുകയാണെങ്കില്‍
മനുഷ്യന്‍ ഭൗമികതലം വിട്ട് ആത്മീയ തലത്തിലേയ്ക്ക് അനുദിനം ഉയരേണ്ട ആവശ്യമുണ്ടെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
ജീവിതത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അവയ്ക്കുത്തരം കണ്ടെത്താനും യുവാക്കള്‍ ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ വളരണമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
കൂദാശകളുടെ സ്വീകരണത്തിലൂടെയും അത്മീയ ഗുരുക്കന്മാരുടെ ഉപദേശങ്ങളിലൂടെയും ക്രിസ്തുവുമായുള്ള സന്ധിചേരല്‍ യാഥാര്‍ത്ഥ്യമാക്കാമെന്നും മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.