2011-06-18 14:47:36

സുവിശേഷപരിചിന്തനം - 19 ജൂണ്‍ 2011
മലങ്കര റീത്ത്


യോഹന്നാന്‍ 6, 1-15, (25-33)
പെന്തക്കോസ്തായ്ക്കുശേഷം ഒന്നാം ഞായര്‍

വിശക്കുന്നവര്‍ക്ക് വിശിഷ്ട ഭോജ്യങ്ങള്‍കൊണ്ട് വിരുന്നൊരുക്കുന്നവാനാണ് ദൈവം. ദിവ്യകാരുണ്യം ക്രിസ്തുവിന്‍റെ വിരുന്നാണ്. വിശപ്പ് ഉടലിന്‍റെ വിശപ്പായിമാത്രം പരിഗണിക്കരുത്. ശാരീരികമായ വിശപ്പു ശമിപ്പിക്കാന്‍ അപ്പത്തിനും, അന്തിയുറങ്ങുന്ന കൂരയ്ക്കും കഴിഞ്ഞേക്കാം. എന്നാല്‍ അത്തരം വിശപ്പുകള്‍ ശമിക്കപ്പെട്ടതിനുശേഷവും പിന്നെയും അവശേഷിപ്പിക്കുന്ന വിശപ്പുകളെക്കുറിച്ചു നാം എന്തുചെയ്യും?
കുഞ്ഞിന് കനിവിനുവേണ്ടിയുള്ള വിശപ്പ്,
വൃദ്ധന് പരിഗണനയ്ക്കുവേണ്ടിയുള്ള വിശപ്പ്, അന്വേഷിക്ക് ദൈവത്തിനുവേണ്ടിയുള്ള വിശപ്പ്……
ഈ വിശപ്പുകളെ ശമിപ്പിക്കാനെത്തിയ ജീവന്‍റെ അപ്പമായിട്ടാണ് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ തന്നെത്തന്നെ സാക്ഷൃപ്പെടുത്തുന്നത്.

എല്ലാവര്‍ക്കുമുള്ള ഈ സ്നേഹവിരുന്നില്‍ ചിലര്‍ക്ക് കുറേക്കൂടി അര്‍ഹതയുണ്ട്. വിരുന്നൂട്ടുമ്പോള്‍ ആരെ വിരുന്നൂട്ടണമെന്ന് ക്രിസ്തു പറയുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും നിങ്ങള്‍ക്കായി തിരികെ ഒരു വിരുന്നേകാന്‍ കെല്‍പ്പില്ലാത്തവര്‍ക്കായി വിരുന്നൊരുക്കുക.
ഇവിടെ സ്നേഹം വൈകാരികത എന്നതിലുമുപരി ഒരു നിലപാടായി രൂപാന്തരപ്പെടുന്നു. ക്രിസ്തുവിന്‍റെ സ്നേഹദര്‍ശനത്തില്‍ ധ്യാനിക്കേണ്ട
പദമാണ് സവിശേഷ-സ്നേഹം അല്ലെങ്കില്‍ പ്രത്യേക സ്നേഹം - preferential love. എല്ലാവരെയും ഒരേപോലെ സ്നേഹിക്കുമ്പോഴും ചിലരെ പ്രത്യേകമായി അണച്ചുപിടിക്കേണ്ടതുണ്ട്. ക്രിസ്തു ദരിദ്രരെ സ്നേഹിച്ചു ...എന്നതിന്‍റെ അര്‍ത്ഥം ധനികരെ വെറുത്തുവെന്നല്ലല്ലോ. ചിലപ്പോള്‍ ഒരച്ഛന്‍ പഠിക്കാന്‍ മിടുക്കനായ മകനെക്കാള്‍, പഠിക്കാന്‍ മോശമായ മകനെ സ്നേഹിക്കുന്നതുപോലെയൊരു കനിവാണത്.

അങ്ങാടിയുടെ മനസ്സ് consumerism, commercialism നമ്മുടെ ഹൃദയങ്ങളെ പിടികൂടിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. വസ്തുക്കളെന്നപോലെ വ്യക്തികളെയും വളരെ പെട്ടെന്ന്, ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞു കളയുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്. Things are disposable. വ്യാപാകമായൊരര്‍ത്ഥത്തില്‍ ഉപയോഗമുള്ളതിനെ മാത്രം സ്നേഹിക്കുക, അല്ലാത്തവയെ ഒഴിവാക്കുകയെന്ന മനസ്സാണിന്ന് പ്രബലപ്പെട്ടുവരുന്നത്. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിച്ചാല്‍ അതിനകത്ത് മഹത്വത്തിന്‍റെ വെള്ളിവെളിച്ചമില്ലായെന്ന് ക്രിസ്തു പറയുന്നുണ്ട്.
തിരികെ വിരുന്നൊരുക്കുവാന്‍ കെല്പില്ലാത്ത മനുഷ്യരാണ് നിങ്ങളുടെ സ്നേഹ-വലയത്തിലുള്ളവര്‍, എന്ന് എപ്പോഴും വിചിന്തനം ചെയ്യുക. അവര്‍ക്കുവേണ്ടി വിരുന്നൊരുക്കാനാവുമോ?
വിശക്കുന്ന മനുഷ്യരെ അണച്ചു പിടിക്കാനാവുമോ നമുക്ക്?
ഇല്ലെങ്ങില്‍ നമ്മള്‍ ഘോഷിക്കുന്നത് വലിയൊരു കപടതയാണ്.

നേരത്തേ സൂചിപ്പിച്ചതുപോലെ, ഇത് വിശക്കുന്നവരുടെ ഭൂമിയാണ്.
മദര്‍ തെരേസായോട് ആരോ ചോദിച്ചു. നിങ്ങള്‍ എന്തിനാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മഠങ്ങള്‍ സ്ഥാപിക്കുന്നതെന്ന്. അമ്മ പറഞ്ഞു, വിശപ്പ്
സാര്‍വ്വത്രിക പ്രശ്നമാണ്, അവസ്ഥാതലങ്ങളില്‍ മാത്രമേ അതിന് ഭേദമുള്ളൂ. വിശക്കുന്നവരുടെ ഭൂമിയില്‍ സ്വന്തം സ്വാര്‍ത്ഥതയുടെ ഗൃഹങ്ങളൊക്കെ മലര്‍ക്കെ തുറന്നിട്ട് അനുഭാവത്തോടും കനിവോടുംകൂടി അര്‍ഹിക്കുന്നവരെ വിരുന്നൂട്ടാന്‍ നമുക്കാവുമോ? ഉപയോഗവും സ്നേഹവും വിപരീതപദങ്ങളാണെന്ന് തിരിച്ചറിയുക.
......
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം മുഴുവന്‍ അപ്പത്തെപ്പറ്റിയുള്ള പ്രതിപാദനമാണ്, പ്രത്യേകിച്ച് ഇന്നത്തെ സുവിശേഷ ഭാഗം.
6-ാം അദ്ധ്യായം 1-15 വരെ വാക്യങ്ങളില്‍ ഗലീലിയാക്കടല്‍ക്കരയില്‍വച്ച് അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ചു ജനങ്ങള്‍ക്കു നല്കിയ സംഭവമാണ്. പിറ്റെ ദിവസം കഫര്‍ണാമിലേയ്ക്കുപോയ ക്രിസ്തുവിനെ തിരക്കി വലിയൊരു ജനാവലി അവിടെ തടിച്ചുകൂടി.
ഈ ജനത വീണ്ടും അപ്പം ഭക്ഷിച്ചു തൃപ്തിയടയാനാണു തന്‍റെ അടുക്കലേയ്ക്കു വരുന്നതെന്നു മനസ്സിലാക്കിയ ക്രിസ്തു,
ജീവന്‍റെ അപ്പത്തെക്കുറിച്ചും, അതില്‍നിന്നു ലഭുക്കുന്ന നിത്യജീവനെപ്പറ്റിയും അവരോടു സംസാരിച്ചു. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍, എന്നാണവിടുന്നു പഠിപ്പിച്ചത്. കാല്‍വരിയിലെ ബലിയുടെയും ഉയിര്‍പ്പിന്‍റെയും മുന്നോടിയായി സെഹിയോന്‍ മാളികയില്‍വച്ച് ക്രിസ്തു തന്‍റെ ശരീരവും രക്തവും, ഭക്ഷണവും പാനീയവുമായി നല്കുന്ന സംഭവത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം, ജീവന്‍റെ അപ്പത്തെപ്പറ്റിയും നിത്യജീവനെപ്പറ്റിയും ക്രിസ്തു പഠിപ്പിച്ചത്.

എന്നും ജീവിക്കുക, ദീര്‍ഘായുസ്സുണ്ടായിരിക്കുക, എന്നത് മനുഷ്യന്‍റെ വലിയ ആഗ്രഹമാണ്. ഈ ആഗ്രഹത്തിന് എതിരായി നില്കുന്ന മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമാണ് മരണം. ആയുസ്സ് നീട്ടിക്കിട്ടാന്‍ വൈദ്യശാസ്ത്രവും ഇതര മനുഷ്യ ശാസ്ത്രങ്ങളും നിരന്തരം ശ്രമിക്കുന്നുണ്ട്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്നതു തീര്‍ച്ചയാണ്. എന്നാല്‍ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ജനിച്ചാല്‍ പിന്നെ അവനു മരണമില്ല. മരണത്തെ ഈ ലോക ജീവിതാന്ത്യത്തിലെ ഒരു കടന്നുപോകലായി, കാണുന്നത് ക്രൈസ്തവ ദര്‍ശനമാണ്. ഒരു ശാരീരിക വേര്‍പാടായി മാത്രമെ ക്രൈസ്തവന്‍ മരണത്തെ കാണുന്നുള്ളു.
ഭൗതിക ശരീരം നശിച്ചാലും ഓരോ വ്യക്തിയും ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരും, തുര്‍ന്നും ജീവിക്കും. മരണത്തെ ജയിച്ച ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും സ്വര്‍ഗ്ഗീയ ജീവിന്‍ പ്രാപിച്ച്, നിത്യമായി ജീവിക്കും. നിത്യജീവിതമെന്നത് ക്രിസ്തുവിനോടുകൂടിയുള്ള ജീവിതമാണ്, അതു സ്വര്‍ഗ്ഗീയ ജീവനാണ്.

റഷ്യയെ ഭരിച്ചിരുന്ന ജോസഫ് സ്റ്റാലിന് മരിക്കാന്‍ ഭയമായിരുന്നു. അദ്ദേഹം ക്രൂരനായ ഭരണാധിപനായിരുന്നു. മരണചിന്ത അദ്ദേഹത്തെ എപ്പോഴും ആകുലപ്പെടുത്തിയിരുന്നു. ജീവിതം നീട്ടിക്കിട്ടുമെന്നു കരുതി എന്നും ഒരു പ്രത്യേകതരം രാസലായത്തില്‍ കുളിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സ്റ്റാലിന്‍ അകാല മരണപ്രാപിച്ചു. മരുന്നുകള്‍ക്കൊ മറ്റു ഉപാധികള്‍ക്കൊ മനുഷ്യ് നിത്യജീവിതം പ്രദാനം ചെയ്യാന്‍ കഴിയുകയില്ല. അമര്‍ത്യതയ്ക്ക് ഒരു മരുന്നേ ദൈവം നിര്‍ദ്ദേശിക്കുന്നുളളൂ. നിത്യം ജീവിക്കുന്നതിന് ക്രിസ്തു നല്കുന്ന ഒരു മാര്‍ഗ്ഗമേയുള്ളൂ. അതാണ് ജീവിന്‍റെ അപ്പം. അന്ത്യോക്യായിലെ മെത്രാനായിരുന്ന വി. ഇഗ്ന്യേഷ്യസ് പറഞ്ഞു. ഇതാ മരണമില്ലായ്മയുടെ മരുന്ന്, യേശുവില്‍ ജീവിക്കാനുള്ള അമര്‍ത്യതയുടെ അമൃതം. ഇത് സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്ന ഭക്ഷിച്ചു എങ്കിലും മരിച്ചു. എന്നാല്‍ ഈ അപ്പം ഭക്ഷിക്കുന്നവര്‍ നിത്യമായി ജീവിക്കും, എന്നാണ് ക്രിസ്തു പഠിപ്പിച്ചത്.

യേശു ആവര്‍ത്തിച്ചാവര്‍ത്തിച്ചും, വ്യക്തമായും പറയുന്നുണ്ട്,
ഞാനാണ് ജീവന്‍റെ അപ്പം. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്. ആകയാല്‍ നിത്യജീവന്‍ പ്രദാനംചെയ്യുന്ന അപ്പം മറ്റൊന്നുമല്ല - യേശുതന്നെയാണ്. അന്ത്യത്താഴ സമയത്താണ് ജീവന്‍റെ അപ്പം, തന്‍റെ ശരീരവും രക്തവുമാകുന്ന ആത്മീയ ഭക്ഷണം ക്രിസ്തു ശിഷ്യന്മാര്‍ക്ക് ആദ്യമായി നല്കിയത്. യേശു തന്‍റെ ശരീരവും രക്തവും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തിലാണ് നല്കിയത്. ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍, എന്ന ക്രിസ്തവിന്‍റെ ആഹ്വാനപ്രകാരം ആ സ്നേഹവിരുന്ന് ഇന്നും സഭയില്‍ അനുഷ്ഠിക്കപ്പെടുന്നു...
ഇന്നും പരിശുദ്ധ കര്‍ബ്ബാനയിലൂടെ സഭയില്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിയ അപ്പമാണ്, ജീവന്‍റെ അപ്പമാണ് വിശുദ്ധ കുര്‍ബ്ബാനയില്‍ നാം സ്വീകരിക്കുന്നത്. മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കയില്ല. ഇതു ക്രിസ്തുവിന്‍റെ വാക്കുകളാണല്ലോ.

തന്‍റെ ശരീരം ഭക്ഷിക്കുവാനും രക്തം പാനംചെയ്യുവാനും ക്രിസ്തു ആഹ്വാനംചെയ്തപ്പോള്‍ ഈ വാക്കുകള്‍ കഠിനമാണ്, അഗ്രാഹ്യമാണെന്നു പറഞ്ഞ് ജനങ്ങള്‍ അവിടുത്തെ വിട്ടുപൊയ്ക്കളഞ്ഞു. മനസ്സിന്‍റെ തൃപ്തിക്കും ശാരീരിക പോഷണത്തിനുംവേണ്ടി മാത്രം അപ്പം പ്രതീക്ഷിക്കുന്നവര്‍ക്ക് നിത്യജീവന്‍റെ അനുഭവം ഉണ്ടാകണമെന്നില്ല. ക്രിസ്തു നല്കുന്ന ജീവന്‍റെ അപ്പം ഈ ജീവിതയാത്രയില്‍ നിത്യജീവന്‍ പ്രദാനം ചെയ്യുന്ന തിരുപ്പാഥേയമായിത്തീരട്ടെ, ആത്മീയ ഭോജനമായിത്തീരട്ടെ.


ജൂണ്‍ മാസം നാം യേശുവിന്‍റെ ദിവ്യഹൃദയത്തിന്‍റെ ഭക്തി പ്രത്യേകമായി ആചരിക്കുകുയാണല്ലോ.
വചനം സ്പന്ദിക്കുന്ന ലോലമായ വിശ്വാസവും ഭക്തിയുമാണ് യേശുവിന്‍റെ തിരുഹൃദത്തോടുള്ള ഭക്തി. അതുവഴി ആഴമായ ദൈവിക രഹ്യങ്ങള്‍തന്നെയാണ് മനുഷ്യഹൃദയങ്ങളില്‍നിന്നും ഉയരുന്നത്. വിശുദ്ധ ഗ്രന്ഥം ചിത്രീകരിക്കുന്നതുപോലെ, ലോകത്തെ രക്ഷിച്ച ദിവ്യസനേഹത്തിന്‍റെ ഉറവിടമായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണിമയാണ് തിരുഹൃദയത്തില്‍ നാം ദര്‍ശിക്കുന്നത്.
അനുസരണക്കേടിന്‍റെ അടിമയായ മനുഷ്യനെ രക്ഷിക്കാന്‍ ദൈവം സ്നേഹമുള്ള നവഹൃദയം നല്കിയതാണത്. തിരുവെഴുത്തുകള്‍ പ്രതിധ്വനിപ്പിക്കുന്ന വിജ്ഞാനത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും ദൈവികതയുടെയും പൂര്‍ണ്ണിമയാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം.
ദൈവസ്നേഹത്തോട് മനുഷ്യഹൃദയങ്ങളുയര്‍ത്തുന്ന ആരാധനയുടെ ഭാവാവിഷ്ക്കാരമാണ് തിരഹൃദയഭക്തി.... പരിശുദ്ധ ദിവ്യകാരുണ്യം
ആ ദിവ്യസ്നേഹത്തിന്‍റെ നിത്യസാന്നിദ്ധ്യവും...... End







All the contents on this site are copyrighted ©.