2011-06-15 08:42:26

വിശ്വാസം പ്രഘോഷിക്കപ്പെടണം – മാര്‍പാപ്പ


15 ജൂണ്‍ 2011, റോം
പതിമൂന്നാം തിയതി തിങ്കളാഴ്ച റോം രൂപതയുടെ ഭദ്രാസന ദേവാലയമായ ജോണ്‍ലാറ്ററന്‍ ബസിലിക്കായില്‍ റോം രൂപതയുടെ സഭാസമ്മേളനം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതാണെന്ന് മാര്‍പാപ്പ രൂപതാംഗങ്ങളെ ഓര്‍മ്മിപ്പിച്ചത്. വിശ്വാസം അതില്‍ തന്നെ കാത്തുസൂക്ഷിക്കാനാവില്ലെന്നും അത് യാന്ത്രീകമായി മനുഷ്യഹൃദയത്തിലേക്കു സംവേദിക്കപ്പെടുകയില്ലെന്നും മറിച്ച് അത് പ്രഘോഷിക്കപ്പെടേണ്ടതാണെന്നും പാപ്പ വിശദീകരിച്ചു. നവ സുവിശേഷവല്‍ക്കരണത്തെക്കുറിച്ചും മാര്‍പാപ്പ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. സുവിശേഷവല്‍ക്കരണം ഏതാനും ചിലരുടെ ചുമതലയല്ല, എല്ലാ സഭാംഗങ്ങളുടേയും കടമയാണ്. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ലോകത്തിന് സുവിശേഷസന്ദേശം നല്‍കാല്‍ വിളിക്കപ്പെട്ടവരാണെന്നു പറഞ്ഞ മാര്‍പാപ്പ മക്കള്‍ക്ക് മതബോധനപരിശീലനം നല്‍കുന്നതിന് മാതാപിതാക്കള്‍ക്കുള്ള ചുമതലയും ചൂണ്ടിക്കാട്ടി. യുവജനങ്ങള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്ന അജപാലന മാര്‍ഗ്ഗങ്ങള്‍ അവരെ വിശ്വാസത്തില്‍ പക്വതപ്രാപിക്കുവാന്‍ സഹായിക്കുന്നതായിരിക്കണമെന്നും പാപ്പ വ്യക്തമാക്കി. മതബോധനാധ്യാപകര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളല്ല സഭയുടെ വിശ്വാസത്തിന്‍റെ സാക്ഷൃമാണ് അവരെ പഠിപ്പിക്കേണ്ടതെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. സുവിശേഷത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നതിന് ഭയപ്പെടരുതെന്ന് രൂപതാംഗങ്ങളെ ആഹ്വാനം ചെയ്ത മാര്‍പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വാദവും നേരുകയും ചെയ്തു. പതിമൂന്നാം തിയതി ആരംഭിച്ച റോം രൂപതാസമ്മേളനം പതിനാറാം തിയതി വ്യാഴാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.