2011-06-14 14:07:39

റാറ്റ്സിങ്ങര്‍ ദൈവശാസ്ത്ര സമ്മാന വിജയികളെ പ്രഖ്യാപിച്ചു


14 ജൂണ്‍ 2011, വത്തിക്കാന്‍

ദൈവശാസ്ത്രപഠനത്തില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള റാറ്റ്സിങ്ങര്‍ സമ്മാനജേതാക്കളെ പ്രഖ്യാപിച്ചു, ഇറ്റലിക്കാരനായ പ്രൊഫസര്‍ മനിലോ സിമൊനെത്തി, സ്പാനിഷ് വൈദീകന്‍ ഒലെഗാരിയോ ഗോണ്‍സാലെസ്, ജര്‍മ്മന്‍ സന്ന്യാസാശ്രമ ശ്രേഷ്ഠന്‍ ഫാദര്‍ മാക്സമില്ലൃന്‍ ഹെയിം എന്നിവരാണ് സമ്മാനത്തിനര്‍ഹരായത്. ക്രൈസ്തവ ചരിത്രവും സഭാ പിതാക്കന്‍മാരെക്കുറിച്ചുള്ള പഠനങ്ങളുമാണ് പ്രൊഫസര്‍ മനിലോ സിമൊനെത്തിയുടെ വിജ്ഞാനമേഖല. വിശ്വാസ കാര്യങ്ങളെ സംബന്ധിച്ച ദൈവശാസ്ത്ര പഠനങ്ങളില്‍ നല്‍കിയ സംഭാവനകളാണ് സ്പാനിഷ് വൈദീകന്‍ ഒലെഗാരിയോ ഗോണ്‍സാലെസിനെ സമ്മാനത്തിനര്‍ഹനാക്കിയത്. ഫാദര്‍ മാക്സമില്ലൃന്‍ ഹെയിമിന്‍റെ മേഖല ധാര്‍മ്മീക ദൈവശാസ്ത്രമാണ്.കര്‍ദ്ദിനാള്‍ റാറ്റ്സിങ്ങറുടെ ദൈവശാസ്ത്ര ദര്‍ശങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഫാദര്‍ ഹെയിം. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ള മൂവരും ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനു പുറമേ സര്‍വ്വകാലശാലകളില്‍ അധ്യാപകരായും സേവനമുഷ്ഠിച്ചുണ്ട്. പതിനാലാം തിയതി ചൊവ്വാഴ്ച ജോണ്‍പോള്‍ രണ്ടാമന്‍ ശാലയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വത്തിക്കാന്‍ ഫൗഡേഷന്‍റെ സയന്‍റിഫിക്ക് കമ്മിറ്റി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ കമിലോ റൂയീനിയാണ് സമ്മാനജേതാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്ത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരില്‍ 2010 ല്‍ സ്ഥാപിച്ച ജോസഫ് റാറ്റ്സിങ്ങര്‍ ഫൗഡേഷന്‍ ഏര്‍പ്പെടുത്തിയ റാറ്റ്സിങ്ങര്‍ സമ്മാനം ദൈവശാസ്ത്രമേഖലയില്‍ പ്രത്യേകിച്ച് അടിസ്ഥാന ദൈവശാസ്ത്രം, സഭാപിതാക്കന്‍മാരെക്കുറിച്ചുള്ള പഠനം, ബൈബിള്‍വിജ്ഞാനീയം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ളതാണ്. ജോസഫ് റാറ്റ്സിങ്ങര്‍ വത്തിക്കാന്‍ ഫൗഡേഷന്‍റെ നിയമ വ്യവസ്ഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് ബൈബിള്‍വിജ്ഞാനീയ പഠനമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള സമ്മാനജേതാവിനെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ റൂയിനി അടുത്തവര്‍ഷം അതു പരിഹരിക്കപ്പെടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ മുപ്പതാം തിയതിയാണ് സമ്മാനദാനചടങ്ങ്. മാര്‍പാപ്പതന്നെയായിരിക്കും ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് സമ്മാനദാനം നടത്തുന്നത്.







All the contents on this site are copyrighted ©.