2011-06-10 16:12:25

പരിശുദ്ധസിംഹാസനത്തിന്‍റെ ഭാവി നയതന്ത്രപ്രതിനിധികള്‍ മാര്‍പാപ്പയോടൊപ്പം


10 ജൂണ്‍ 2011, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര പ്രതിനിധികളുടെ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പത്താം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് പാപ്പ പരിശുദ്ധ സിംഹാസനത്തിന്‍റെ ഭാവി നയതന്ത്രജ്ഞരുമായി അനുവര്‍ഷം നടത്താറുള്ള കൂടിക്കാഴ്ച നടത്തിയത്. സഭയില്‍ ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളോട് അവര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ദൗത്യത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികളുടെ ദൗത്യത്തിന് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ രൂപമാണ് ഇന്നുള്ളതെന്നു സൂചിപ്പിച്ച പാപ്പ ഒരു പരമാധികാരി തന്‍റെ പ്രതിനിധിയായി അയക്കുന്ന വ്യക്തിക്ക് നല്‍കുന്നത് ഉയര്‍ന്ന അംഗീകാരമാണെന്നും പറഞ്ഞു. സൂക്ഷമമായി കൈകാര്യം ചെയ്യേണ്ട ഒരു ദൗത്യമാണിതെന്നു പറഞ്ഞ മാര്‍പാപ്പ വിശ്വസ്തതയും, ആഴമാര്‍ന്ന മാനവീകതയും അയക്കപ്പെടുന്ന വ്യക്തികള്‍ക്ക് അവശ്യം വേണ്ട മൂല്യങ്ങളാണെന്നും പറഞ്ഞു.
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായിരിക്കുക എന്ന ദൗത്യം മിക്കപ്പോഴും മെത്രാന്‍മാരിലും വൈദീകരിലുമാണ് ഭരമേല്‍പ്പിക്കപ്പെടുന്നതെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ അവര്‍ തങ്ങളുടെ വ്യക്തവും ആഴമേറിയതുമായ പൗരോഹിത്യ തനിമയുടെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പ തന്‍റെ അജപാലക ശുശ്രൂഷയുടേയും ഉപവിയുടേയും സാര്‍വ്വത്രീക വീഷണത്തില്‍ നല്‍കുന്ന സന്ദേശങ്ങള്‍ വ്യക്തിഗതസഭകളിലേക്കും ലോക രാഷ്ട്രങ്ങളിലേക്കും അന്താരാഷ്ട്രസ്ഥാപനങ്ങളിലേക്കും വഹിക്കുന്നതെന്നും പ്രസ്താവിച്ചു. സഭയുടെ നയതന്ത്ര പ്രതിനിധികള്‍ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളോട് വസ്തുനിഷ്ഠമായ രീതിയില്‍ പൊരുത്തപ്പെടുന്ന തരത്തില്‍ ജീവിക്കേണ്ടവരാണെന്നും പാപ്പ പറഞ്ഞു.
 







All the contents on this site are copyrighted ©.