2011-06-10 16:16:43

അക്രമത്തിനും ചൂഷണത്തിനും ഇരകളായ കുട്ടികള്‍ക്ക് സ്നേഹവും സുരക്ഷയും ഉറപ്പുവരുത്തുക - ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി


10 ജൂണ്‍ 2011, ജനീവ

എല്ലാ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ ഘടകങ്ങളും സാമൂഹ്യസമിതികളും വിശ്വാസ കേന്ദ്രീകൃതമായ സ്ഥാപനങ്ങളും കൂടുതല്‍ ഊര്‍ജ്ജിതമായ സഹകരണത്തോടെ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അക്രമത്തിനും ചൂഷണത്തിനും ഇരകളായ കുട്ടികള്‍ക്ക് സ്നേഹവും കരുതലും ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസി. അങ്ങനെ അക്രമരഹിതമായ ഭാവിയെക്കുറിച്ച് ഈ കുട്ടികള്‍ക്കുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കാന്‍ സാധിക്കുമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലുള്ള ആസ്ഥാനത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള സമിതിയുടെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പതിനേഴാമത് യോഗത്തെ ആറാം തിയതി തിങ്കളാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. കുട്ടികളുടെ സുരക്ഷയ്ക്ക് കുടുംബം ഒരവശ്യഘടകമാണെന്ന കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയുടെ ദര്‍ശനത്തോട് തിരുസഭയും യോജിക്കുന്നുവെന്ന് പ്രസ്താവിച്ച ആര്‍ച്ച് ബിഷപ്പ് പരമ്പരാഗതമായ കുടുംബ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നതെന്നാണ് സഭ കരുതുന്നതെന്നും വിശദീകരിച്ചു.







All the contents on this site are copyrighted ©.