2011-06-08 19:08:00

സുസ്ഥിര വികസനത്തിന്
സമുദ്രസമ്പത്ത് – സമുദ്രദിനം


8 ജൂണ്‍ 2011, ന്യൂയോര്‍ക്ക്
മാനവീകതയുടെ സുസ്ഥിര വികസനത്തിന് സമുദ്രസമ്പത്ത് എന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്ന്, ബാന്‍ കി മൂണ്‍, യു.എന്‍ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. ജൂണ്‍ 8-ാം തിയതി ബുധനാഴ്ച യു.എന്‍ ആചരിച്ച
ആഗോള സമുദ്ര ദിനത്തോടുനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ്
മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. സമുദ്രവും മനുഷ്യനുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന നിരവധിയായ വെല്ലുവിളികള്‍ പഠിക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്യേണ്ടതാണെന്ന് മൂണ്‍ പ്രസ്താവിച്ചു. വംശനാശം വന്നുപോകുന്ന സാഗര സമ്പത്തുക്കള്‍,
കാലാവസ്ഥാ വ്യതിയാനം, ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമുദ്ര-യാത്രാ-സുരക്ഷ,
ആഗോള കുടിയേറ്റ പ്രതിഭാസം മൂലമുണ്ടാകുന്ന അധികൃതവും അനധികൃതവുമായ സമുദ്ര യാത്രകള്‍ എന്നിവ അടിയന്തിരമായി പരിഗണിക്കേണ്ട മേഖലകളാണെന്ന് ബാന്‍ കീ മൂണ്‍ ചൂണ്ടിക്കാട്ടി.
സമുദ്ര-പരിസ്ഥിതി സംരക്ഷണവും സുരക്ഷയും യാഥാര്‍ത്ഥ്യമാക്കുവാന്‍ ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചിട്ടുള്ള ആഗോള സമുദ്ര നിയമങ്ങള്‍ ഇനിയും പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രങ്ങള്‍ ശ്രദ്ധചെലുത്തേണ്ടതാണെന്നും ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ആഗോള സമ്പത് വ്യവസ്ഥയിലും പരിസ്ഥി സംരക്ഷണത്തിലും സമുദ്രങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ്,
ഭൂമിയുടെ ഹരിതഭാവി സുസ്ഥിതിക്ക്- സമുദ്രങ്ങള്‍ Our oceans for a greener future of the planet...എന്ന വിഷയത്തെ കേന്ദ്രീകരിച്ച്, 2012 ജൂണില്‍ ബ്രസീലിലെ റിയോയില്‍ ജീ-20 ലോക ഉച്ചകോടി വിളിച്ചു കൂട്ടിയിരിക്കുന്നതെന്നും
ബാന്‍ കി മൂണ്‍ അറിയിച്ചു.







All the contents on this site are copyrighted ©.