2011-06-07 14:59:44

എല്ലാവര്‍ക്കും ക്രിയാത്മക സംഭാവനകള്‍ നല്‍കിയ പേപ്പല്‍ സന്ദേശങ്ങള്‍ - ഫാദര്‍ ലൊംബാര്‍ദി


07 ജൂണ്‍ 2011, റോം
ക്രൊയേഷ്യയിലേക്ക് മാര്‍പാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനം അന്നാട്ടിലെ മെത്രാന്‍മാര്‍ പ്രതീക്ഷിച്ചതിലേറെ വിജയമായിരുന്നുവെന്ന് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. സഭാംഗങ്ങള്‍ മാത്രമല്ല അന്നാട്ടിലെ പൊതുജനങ്ങള്‍ മുഴുവന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടുവെന്നാണ് താന്‍ നീരിക്ഷിക്കുന്നതെന്നും ആറാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വത്തിക്കാന്‍ വക്താവ് ഫാദര്‍ ലൊംബാര്‍ദി വെളിപ്പെടുത്തി. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നവയായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണങ്ങള്‍ എന്നഭിപ്രായപ്പെട്ട അദ്ദേഹം പാപ്പ തന്‍റെ പ്രഭാഷണങ്ങളില്‍ കുടുംബങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നും പറഞ്ഞു. ക്രൊയേഷ്യയുടെ സാമൂഹ്യ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ സംസാരിച്ചതെങ്കിലും അത് യൂറോപ്യന്‍ സംസ്ക്കാരത്തെ മുഴുവന്‍ സ്പര്‍ശിക്കുന്നതാണെന്നും വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റെയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി അഭിമുഖത്തില്‍ പറഞ്ഞു.







All the contents on this site are copyrighted ©.