2011-06-01 19:36:01

മറിയം വിശ്വാസ ധീരതയുടെ പ്രതീകം
– മാര്‍പാപ്പ


1 ജൂണ്‍ 2011, വത്തിക്കാന്‍
മറിയത്തിന്‍റെ സന്ദര്‍ശനം വിശ്വാസ ധീരതയുടെ പ്രതീകമെന്ന്, ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. മെയ് മാസ സമാപനത്തില്‍, മറിയത്തിന്‍റെ സന്ദര്‍ശനത്തിരുനാള്‍ ആചരിച്ചുകൊണ്ട് വത്തിക്കാന്‍ തോട്ടത്തില്‍ നടത്തപ്പെട്ട സാഘോഷമായ ജപമാല സമര്‍പ്പണത്തില്‍ നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. മറിയത്തിന്‍റെ സ്തോത്ര ഗീതത്തോട് നമ്മുടെയും എളിയ സ്വരവും ചേര്‍ത്തുകൊണ്ട് ഈ ലോകത്തും സഭയിലും നമ്മുടെ വ്യക്തി ജീവിതങ്ങളിലും ദൈവം വര്‍ഷിക്കുന്ന നന്മകള്‍ക്ക് നന്ദിയര്‍പ്പിക്കണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. മരിയഭക്തനായ ജോണ്‍ പോള്‍ രണടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോടെ ഈ മെയ്മാസം ആരംഭിച്ചത് പാപ്പാ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ജീവിതസാക്ഷൃം നമ്മുടെ ജീവിതങ്ങളെ ഇന്നും പ്രകാശിപ്പിക്കുന്നതും വിശ്വാസധീരതയോടെ ക്രിസ്തുവിനെ അനുഗമിക്കുന്നതിനുവേണ്ട ഉന്മേഷം നമുക്കു പകര്‍ന്നുതരുന്നുവെന്നും മാര്‍പാപ്പ നന്ദിയോടെ പ്രസ്താവിച്ചു. ആഴമായ വിശ്വാസംമൂലമാണ് മറിയത്തിന് ദൈവികപദ്ധതികള്‍ക്ക് സമ്മതം മൂളുവാനും നിത്യവചനമായ ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുവാനും സാധിച്ചതെന്ന് മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു.
കര്‍ത്താവരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നും, ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ലായെന്നും വിശ്വസിച്ച മറിയത്തെ,
കൃപാപൂരിതേ, എന്നു വിളിച്ചപേക്ഷിച്ചുകൊണ്ട് നമ്മുടെയും അനുദിന കുരിശുകള്‍ വഹിച്ചുകൊണ്ട് മുന്നോട്ടു ചരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.