2011-05-30 14:42:34

ക്രൈസ്തവ വിശ്വാസം ജീവിതശൈലിയില്‍ പ്രകടമാകണം – ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


30 മെയ് 2011, വത്തിക്കാന്‍
സമകാലികലോകത്തില്‍ സഭയുടെ പ്രേഷിത ദൗത്യം ശാക്തീകരിക്കണമെന്ന് മാര്‍പാപ്പ. മുപ്പതാം തിയതി തിങ്കളാഴ്ച നവസുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് വിശ്വാസം ജീവിതശൈലിയില്‍ പ്രകടമാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ഇരുപത്തിയൊന്‍പതാം തിയതി താന്‍ മോത്തു പ്രോപ്രിയയിലൂടെ സ്ഥാപിച്ച നവസുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നതിനുള്ള ചാരിത്ഥാര്‍ത്യവും പാപ്പ പ്രകടിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസില്‍ സഭാധ്യക്ഷന്‍മാര്‍ ദീര്‍ഘദൃഷ്ടിയോടെ പരാമര്‍ശിച്ച സാംസ്ക്കാരീക മാറ്റങ്ങള്‍ക്ക് ഇന്നു ലോകം സാക്ഷൃം വഹിക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ ദൈവത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിറുത്തുന്നതാണ് ഇന്ന് നേരിടേണ്ടി വരുന്ന പ്രതിസന്ധിയെന്നും ചൂണ്ടിക്കാട്ടി. സഭാംഗങ്ങളായിരിക്കാന്‍ ആഗ്രഹിക്കുകയും അതേസമയം വിശ്വാസത്തിനു വിപരീതമായ ജീവിതദര്‍ശനത്താല്‍ രൂപീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന വ്യക്തികളെ കൂടുതലായി കണ്ടുവരുന്നുവെന്ന നിരീക്ഷണവും പാപ്പ അവരോടു പങ്കുവച്ചു. ലോകത്തിന്‍റെ ഏക രക്ഷകനായ യേശുവിനെ പ്രഘോഷിക്കുന്നത് കഴിഞ്ഞകാലത്തേക്കാള്‍ ഇന്ന് സങ്കീര്‍ണമായിരിക്കുകയാണ‍െങ്കിലും സുവിശേഷപ്രഘോഷണ ദൗത്യത്തിനു മാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രഥമ ശിഷ്യരേപ്പോലെ ഉത്സാഹത്തോടെയും ധൈര്യത്തോടെയും സമകാലിക മനുഷ്യര്‍ക്ക് ക്രിസ്തു സാക്ഷൃം നല്‍കാന്‍ പരിശുദ്ധാത്മാവ് ഇന്നും സഭയ്ക്ക് ശക്തി പകരുന്നുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സഭ ലോകത്തെ സുവിശേഷവല്‍ക്കരിക്കുന്നത് പ്രധാനമായും തന്‍റെ പെരുമാറ്റ രീതിയിലൂടെയും ജീവിത ശൈലിയിലൂടെയുമാണെന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച മാര്‍പാപ്പ ക്രൈസ്തവരുടെ ജീവിതശൈലി വിശ്വാസത്തിനു നിരക്കുന്ന രീതിയിലായിരിക്കേണ്ടതിനെക്കുറിച്ചാണ് പ്രാധാനമായും സംസാരിച്ചത്.







All the contents on this site are copyrighted ©.