2011-05-26 18:46:59

മാര്‍പാപ്പ നയിക്കുന്ന
ജപമാല റോമില്‍


26 മെയ് 2011, റോം
മാര്‍പാപ്പ നേതൃത്വം നല്കുന്ന ജപമാലസമര്‍പ്പണം മെയ് 26-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം റോമിലെ മേരി മേജര്‍ ബസിലിക്കായിലാണ് നടത്തപ്പെടുന്നത്. ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയാണിത് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍പാപ്പ നയിക്കുന്ന ജപമാലയില്‍ ഇറ്റലിയിലെ ദേശിയ മെത്രാന്‍ സമിതിയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍‍ ഇറ്റലിക്കുവേണ്ടി പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കും.
ഇറ്റലിയുടെ ദേശീയ പുനരേകീകരണത്തിന്‍റെ 150-ാം വര്‍ഷികം ആഘോഷിക്കുന്നവേളയില്‍ റോമിലെ ജനങ്ങളുടെ രക്ഷകിയായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള Salus Populi Romani മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ട്, രാഷ്ട്രത്തിന്‍റെ അഭിവൃദ്ധിക്കും സുസ്ഥിതിക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് മാര്‍പാപ്പ നയിക്കുന്ന മെയ്മാസ ജപമാല സമര്‍പ്പണത്തിലൂടെ. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും പ്രാദേശിക സമയം വൈകുന്നേരം 5-ന് റോഡുമാര്‍ഗ്ഗം 5 കിലോമീറ്ററോളം സഞ്ചരിച്ചാണ് മാര്‍പാപ്പ ജപമാല സമര്‍പ്പണത്തിനായി മേരി മേജര്‍ ബസിലിക്കായില്‍ എത്തിച്ചേരുക. ജപമാലമദ്ധ്യേ മാര്‍പാപ്പ പ്രഭാഷണം നടത്തും. 7 മണിയോടെ മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തും. ചിന്നഭിന്നമായി കിടന്നിരുന്ന വിവിധ ഇറ്റാലിയന്‍ സംസ്ഥാനങ്ങളെ 1861-ല്‍ രാഷ്ട്രീയമായി കൂട്ടിച്ചേര്‍ത്ത് ഒരു ഏകീകൃത ഇറ്റലി സൃഷ്ടിച്ച ചരിത്രസ്മരണയാണ് പുനരേകീകരണം.
 







All the contents on this site are copyrighted ©.