2011-05-26 18:55:58

ആരോഗ്യസംരക്ഷണം
എല്ലാവരുടെയും കടമ


26 മെയ് 2011, ജെനീവ
ആഗോള ആരോഗ്യ സംരക്ഷണം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കായി സഹായഹസ്തം നീട്ടണമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്കി, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു. മെയ് 24-ാം തിയതി ചൊവ്വാഴ്ച ജനീവയിലുള്ള യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന 64-ാമത് ലോകാരോഗ്യ സമ്മേളനത്തിന്‍റെ സമാപന സംഗമത്തെ അഭിസംബോധനചെയ്യുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി. 2010-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ആഗോള ആരോഗ്യപരിപാലനം ഇനിയും ഒരു വിദൂരസ്വപ്നമാണെന്നും, ഈ മേഖലയില്‍ സമത്വവും കാര്യക്ഷമതയും ആര്‍ജ്ജിക്കാന്‍ പാവങ്ങളും നിര്‍ദ്ധനരുമായവര്‍ക്കുവേണ്ടി രാഷ്ട്രങ്ങള്‍ പ്രത്യേകം ധനശേഖരണ പദ്ധതികള്‍ ആസൂത്രണംചെയ്യണമെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്കി പ്രസ്താവിച്ചു.
ദരിദ്ര രാഷ്ട്രങ്ങളുടെ വികസന പദ്ധതികളില്‍ സമ്പന്ന രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്യുക മാത്രമല്ല, ഫലവത്തായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ദരിദ്രരാജ്യങ്ങളുടെ സമഗ്ര ആരോഗ്യ പരിപാലനം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരാഗോള ഐക്യദാര്‍ഢ്യം അനിവാര്യമാണെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്കി സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.