2011-05-25 20:26:30

മറിയം –
അമ്മയും അദ്ധ്യാപികയും


25 മെയ് 2011, ട്യൂറിന്‍
ആലസ്യങ്ങളുടെ മദ്ധ്യേ മറിയം അമ്മയും അദ്ധ്യാപികയുമാവട്ടെയെന്ന്, പാസ്ക്വാള്‍ ചാവെസ്, സലേഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍ പ്രസ്താവിച്ചു. മെയ് 24-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ ടൂറിന്‍ പട്ടണത്തിലുള്ള ക്രിസ്ത്യാനികളുടെ സഹായിയായ മറിയത്തിന്‍റെ നാമത്തിലുള്ള ബസിലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ഡോണ്‍ ബോസ്കോയുടെ 9-ാം മത്തെ പിന്‍ഗാമി ഫാദര്‍ ചാവെസ് ഇപ്രകാരം പ്രസ്താവിച്ചത്. അയല്‍ക്കാരുടെ ആകുലതയില്‍ ശ്രദ്ധയോടെ പങ്കുചേര്‍ന്ന മറിയത്തിന്‍റെ കാനായിലെ മാദ്ധ്യസ്ഥ്യം ഫാദര്‍ ചാവെസ് സുവിശേഷത്തില്‍നിന്നും മാതൃകയായി ചൂണ്ടിക്കാട്ടി. ജീവിത പ്രതിസന്ധികളില്‍ ക്രിസ്തു’സാന്നിദ്ധ്യം മറിയത്തെപ്പോലെ അംഗീകരിക്കുവാനും ക്രിസ്തുവിനാല്‍ നയിക്കപ്പെടുവാനും തക്കവിധം ഇന്ന് ക്രൈസ്തവര്‍ വിശ്വസ്തരും വിശ്വാസ യോഗ്യരുമായിരിക്കണമെന്നും ഡോണ്‍ ബോസ്കോയുടെ പിന്‍ഗാമി ഉദ്ബോധിപ്പിച്ചു.
ആഗോള സലേഷ്യന്‍സഭാ പ്രവര്‍ത്തനങ്ങളുടെ പ്രഭവസ്ഥാനമാണ് ഡോണ്‍ബോസ്കോയുടെ നാടെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ട്യൂറിന്‍ പട്ടണം. തന്‍റെ എല്ലാ സംരംഭങ്ങളുടെയും നായികയും നാഥയും മറിയമായിരുന്നുവെന്നും, അതിനു നന്ദിയായിട്ടാണ് ഡോണ്‍ബോസ്കോ മറിയത്തെ ക്രിസ്ത്യനികളുടെ സഹായി എന്നു വിശേഷിപ്പിച്ചുകൊണ്ട് ബസിലിക്കാ പണിതീര്‍ത്തതെന്നും ഫാദര്‍ ചാവെസ് വിശദീകരിച്ചു.
മറിയത്തിന്‍റെ മാതൃ സാന്നിദ്ധ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഇന്ന് ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രതിഭാസങ്ങള്‍ക്ക് ക്രൈസ്തവര്‍ കാതോര്‍ക്കണമെന്നും, സാക്ഷൃവും ദൗത്യവും കോര്‍ത്തിണക്കിയ ക്രൈസ്തവ ജീവിതങ്ങള്‍കൊണ്ട് ലോകത്തെ പ്രത്യാശയുടെ പാതയില്‍, സമാധാനത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും നയിക്കാനാവണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
ദൈവത്തിന്‍റെ സൃഷ്ടിയെയും ചരിത്രത്തെയും സംരക്ഷിക്കുവാനുള്ളൊരു ഉത്തരവാദിത്തം ക്രൈസ്തവര്‍ക്കുണ്ട്. നമുക്കു ചുറ്റും അനുദിനം കാണുന്ന സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങള്‍ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ കണ്ടുകൊണ്ട് കാലികമായ സാമൂഹ്യ ഘടകങ്ങളില്‍ പങ്കുചേരുകയും മനുഷ്യരെ പുരോഗതിയിലേയ്ക്കും അവസാനം അവരുടെ ഭാഗധേയത്തിലേയ്ക്കും നയിക്കാനാവണമെന്നും ആഗോള സലേഷ്യന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.