2011-05-24 14:43:34

റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയോടുള്ള മതാന്തരസംവാദം ശക്തിപ്പെടുന്നു.


24 മെയ് 2011, ബുക്കാറെസ്ത്ത്- റുമാനിയ
കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ദിസിവിസുമായുള്ള കൂടിക്കാഴ്ച്ച റോമന്‍ കത്തോലിക്കാ സഭയും റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള മതാന്തരസംവാദ ബന്ധം അരക്കിട്ടുറപ്പിക്കുന്നതായിരുന്നുവെന്ന് റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരാമാധികാരി പാത്രിയാര്‍ക്കീസ് ഡാനിയേല്‍ പ്രസ്താവിച്ചു. റുമേനിയയിലേക്ക് അപ്പസ്തോലിക സന്ദര്‍ശം നടത്തിയ ക്രക്കോവിയാ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ദിസിവിസുമായി ഇരുപതാം തിയതി വെള്ളിയാഴ്ചയാണ് പാത്രിയാര്‍ക്കീസ് കൂടിക്കാഴ്ച നടത്തിയത്. റുമാനിയായിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷനും ബുക്കാറെസ്ത്ത് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഇയോന്‍ റോബുവും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1999ല്‍ ബുക്കാറെസ്ത്ത് സന്ദര്‍ശിച്ച കാര്യം അനുസ്മരിക്കുകയും ദൈവശാസ്ത്രപരമായ സംവാദങ്ങളിലൂടെ ഇരുസഭകളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിന് ആ സന്ദര്‍ശനം നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. സമാധാനവും, ഐക്യദാര്‍ഡ്യവും, പരസ്പരധാരണയും വളര്‍ത്തുന്നതിന് സഭകള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പ്രായോഗിക സഹകരണത്തിന്‍റെയും സംവാദത്തിന്‍റേയും പ്രാധാന്യത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് റുമേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.