2011-05-23 15:45:22

ക്രൈസ്തവീകത യൂറോപ്പിന്‍റെ ചരിത്രത്തില്‍ കേന്ദ്രഘടകം – മാര്‍പാപ്പ


23 മെയ് 2011, വത്തിക്കാന്‍
ഓരോ മനുഷ്യവ്യക്തിയുടേയും അന്തസ്സും അടിസ്ഥാനാവകാശവും ആദരിക്കപ്പെടാതെ യഥാര്‍ത്ഥമായ ഐക്യം ഉണ്ടാവുകയില്ലെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പതെക്കുകിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യമായ മുന്‍ യുഗോസ്ലാവിയായിലെ മാഡിഡോണിയാ റിപ്പബ്ലിക്ക് എന്നറിയപ്പെടുന്ന മാസിഡോണിയായില്‍ നിന്ന് സ്ലാവ് ജനതയുടെ മധ്യസ്ഥരായ വിശുദ്ധ സിറിലിന്‍റെയും മെത്തേഡിയൂസിന്‍റെയും തിരുന്നാളിനോടനുബന്ധിച്ച് റോമിലേക്കു നടത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനത്തിനെത്തിയ അന്നാടിന്‍റെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തെ ഇരുപത്തിമൂന്നാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദൈവത്തിന്‍റെ രക്ഷാകരപദ്ധതി സ്വീകരിക്കുന്നതിലൂടെ അനുരഞ്ജനത്തിന്‍റേയും സമാധാനത്തിലുള്ള സഹജീവനത്തിന്‍റെയും അരൂപിയില്‍ തങ്ങളുടെ സമൂഹവും സംസ്ക്കാരവും വളര്‍ത്തുവാനുള്ള അടിസ്ഥാനങ്ങള്‍ കണ്ടെത്തുവാന്‍ ജനതകള്‍ക്കു സാധിക്കും. വിശുദ്ധരായ സിറിലും മെത്തേഡിയൂസും നന്നായി മനസിലാക്കിയിരുന്നതുപോലെ, കര്‍ത്താവിന്‍റെ സുവിശേഷത്തിനു മാനുഷികാനുഭവങ്ങളുടെ എല്ലാതലങ്ങളും പ്രകാശിപ്പിച്ചുകൊണ്ട് അവയെ കൂടുതല്‍ മാനുഷീകമാക്കിത്തീര്‍ക്കുവാന്‍ സാധിക്കുമെന്ന് പാപ്പ മാസിഡോണിയന്‍ പ്രതിനിധി സംഘത്തെ അനുസ്മരിപ്പിച്ചു. നമ്മുടെ‍ ഓരോ നിശ്ചയവും തിരഞ്ഞെടുപ്പും സ്വാര്‍ത്ഥതയില്‍ നിന്നും ശുദ്ധീകരിക്കപ്പെടുന്നതിനായുള്ള ഹൃദയ പരിവര്‍ത്തനമാണ് ദൈവവചനം നിരന്തരം ആവശ്യപ്പെടുന്നതെന്നു പറഞ്ഞ മാര്‍പാപ്പ ദൈവത്തിലേക്കുള്ള നിരന്തരമായ പരിവര്‍ത്തനത്തിലൂടെയാണ് ഒരു പുതിയ മാനവീകതയക്കു രൂപം കൊടുക്കാന്‍ സാധിക്കുന്നതെന്നും വിശദീകരിച്ചു.

വിശുദ്ധ സിറിലിന്‍റെയും മെത്തേഡിയൂസിന്‍റെയും തിരുന്നാളിനോടനുബന്ധിച്ച് റോമിലേക്കു വാര്‍ഷിക തീര്‍ത്ഥാടനത്തിനെത്തിയ മധ്യ യൂറോപ്പ്യന്‍ രാജ്യമായ ബള്‍ഗേരിയായില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിനും തിങ്കളാഴ്ച മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിച്ചിരുന്നു. അവരോട് യൂറോപ്പിന്‍റെ സങ്കീര്‍ണ്ണമായ ചരിത്രത്തില്‍ ക്രൈസ്തവീകതയ്ക്കുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ചാണ് പാപ്പ പ്രധാനമായും സംസാരിച്ചത്. സഹകരണത്തിന്‍റെ പുതിയ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുന്ന യൂറോപ്പിലെ ജനസമൂഹങ്ങള്‍ അവര്‍ക്കു പൊതുവായുള്ള ക്രൈസ്തവ തായ് വേരുകളില്‍ ഉറപ്പിക്കപ്പെടുമ്പോഴാണ് അവരുടെ അവരുടെ ഐക്യം കൂടുതല്‍ ശക്തമായിത്തീരുന്നതെന്ന് വിശുദ്ധ സിറിലും മെത്തേഡിയൂസും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ബള്‍ഗേരിയായുടെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംഘത്തോട് മാര്‍പാപ്പ പറഞ്ഞു. യൂറോപ്പ് ആത്മീയമായും വളരേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ പുതിയ യൂറോപ്പിന് ശക്തമായ അടിത്തറ നല്‍കുവാന്‍ ഓരോ മനുഷ്യന്‍റെയും മനസാക്ഷിയില്‍ ആലേഖനം ചെയ്തിട്ടുള്ള സാര്‍വ്വത്രീക ധാര്‍മ്മീക നിയമങ്ങളില്‍ അടിസ്ഥാനമിട്ട യഥാര്‍ത്ഥ മൂല്യങ്ങള്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.