2011-05-21 14:28:39

സുവിശേഷപരിചിന്തനം 22 മെയ് 2011 ഞായര്‍
മലങ്കര റീത്ത് – ഉത്ഥാനാന്തരം 4-ാം വാരം


 ലൂക്കാ 24, 36-49
ഉത്ഥിതന്‍ നല്കുന്ന അന്ത്യനിര്‍ദ്ദേശളാണ് ഈ സുവിശേഷഭാഗത്ത്
മൂന്നു പ്രധാന ഘടകങ്ങള്‍ നമുക്ക് ഇന്നത്തെ സുവിശേഷഭാഗത്തുനിന്നും വേര്‍തിരിച്ചെടുക്കാം. സകലത്തിനും മേലുള്ള ക്രിസ്തുവിന്‍റെ പരമാധികാരം, ശിഷ്യന്മാരുടെ പ്രേഷിതദൗദ്യം, ക്രിസ്തുവിന്‍റെ ഈ ലോകത്തിലെ നിത്യസാന്നിദ്ധ്യം. താന്‍ സ്ഥാപിച്ച സഭയുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വിവരണമാണിതെന്നുവേണം മനസ്സിലാക്കുവാന്‍. എല്ലാവരെയും സുവിശേഷമറിയിക്കുക എന്ന ദൗത്യവുമായി ക്രിസ്തു ശിഷ്യന്മാരെ പറഞ്ഞയയ്ക്കുന്നു. ഞാന്‍ നിങ്ങളോടുകൂടെ എന്നും ഉണ്ടായിരിരിക്കും, എന്ന വാഗ്ദാനവും അവിടുന്നു നല്കുന്നു. ദൈവം നമ്മോടുകൂടെയായിരിക്കുക. – ദൈവം നമ്മോടുകൂടെയായ ക്രിസ്തു സഭയോടും സഭാദൗത്യത്തോടും എങ്ങനെ ചേര്‍ന്നിരിക്കുന്നുവെന്ന് ഈ പ്രസ്താവം വെളിപ്പെടുത്തുന്നു...........
പാപമോചനത്തിനുള്ള അനുതാപം ക്രിസ്തുവിന്‍റെ നാമത്തില്‍ ജരൂസലേമില്‍ ആരംഭിച്ചു. ഇനി എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു, എന്നാണ് ക്രിസ്തു ആഹ്വാനംചെയ്തത്. ലൂക്കാ 24, 47. സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ക്രിസ്തു തന്‍റെ ശിഷ്യന്മാരോടൊപ്പം നടത്തിയ വ്യക്തിപരമായ കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തു കാണുന്നത്. മാതാപിതാക്കള്‍ നമ്മില്‍നിന്ന് വേര്‍പിരിയുന്ന നിമിഷങ്ങളില്‍ നല്കുന്ന ഉപദേശങ്ങള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ എന്നും പ്രാധാന്യം അര്‍ഹിക്കുന്നവയായിരിക്കും. നാമത് കാത്തു സൂക്ഷിക്കും. ജീവിതക്രമത്തിനുതകുന്ന പ്രവര്‍ത്തന രൂപരേഖയായി വേണമെങ്കില്‍ ഇന്നത്തെ സുവിശേഷത്തെ നമുക്ക് വ്യാഖ്യനിക്കാം.

ക്രിസ്തുവിനെപ്പറ്റിയുള്ള രഹസ്യാത്മക ദര്‍ശനങ്ങള്‍ ആദികാലം മുതല്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ അവ സ്പഷ്ടമായി രേഖപ്പെടുത്തിയിരുന്നു. ദൈവം മനുഷ്യരൂപം സ്വീകരിച്ചപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്നവര്‍ക്ക് അത് വിവിധ സാഹചര്യങ്ങളില്‍ വെളിപ്പെടുത്തപ്പെട്ടു. എന്നാല്‍ അവയൊക്കെ ഗ്രഹിക്കുവാനുള്ള കഴിവും ശക്തിയും ആ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭിക്കുന്നത് അവരുടെ ഹൃദയങ്ങളെ ദൈവാത്മാവ് പ്രകാശിപ്പിച്ചപ്പോഴാണ് അവരുടെ പ്രവര്‍ത്തന മേഖലയുടെ ഗതിവിഗതികള്‍ പുതിയ ആഭിമുഖ്യങ്ങളിലേയ്ക്ക് തിരിച്ചുവിടുന്നതും പരിശുദ്ധാത്മാവു തന്നെയാണ്. അല്ലെങ്കില്‍ എങ്ങിനെയാണ് ഇതെല്ലാം സാധിക്കുക. കര്‍ത്താവ് പ്രവര്‍ത്തിക്കുന്ന കാര്യങ്ങളും, പറയുന്ന വചനങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.... പ്രത്യേകിച്ച്, ഇന്ന് സഭ വിഭാവനംചെയ്യുന്ന നവസുവിശേഷവത്ക്കരണ പദ്ധതിയുടെ പശ്ചാത്തലത്തില്‍.

വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്കവിധം തന്‍റെ ശിഷ്യന്മാരുടെ മനസ്സുകള്‍ അവിടുന്ന് തുറന്നു. പോവുക, പ്രഘോഷിക്കുക, എന്നുള്ള മിഷന്‍ നിയോഗത്തിന്‍റെ ആദ്യപടിയാണ് പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ഹൃദയങ്ങള്‍ തുറക്കപ്പെട്ടത്. പാപമോചനത്തിന്‍റെ അനുതാപം, ക്രിസ്തുവിന്‍റെ നാമത്തിലാണ് പ്രഘോഷിക്കപ്പെടേണ്ടത്. ദൈവിക പദ്ധതികള്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ ക്രിസ്തുവിന്‍റെ നാമത്തിലുള്ള പ്രഘോഷണവും സാക്ഷൃവും നടക്കാതെ വരുന്നു. അങ്ങനെ മാര്‍ഗ്ഗവും ലക്ഷൃവും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് വ്യതിചലിച്ചുപോകും. പോകുവിന്‍ പ്രഘോഷിക്കുവിന്‍, എന്നുള്ള പ്രേഷിത നിയോഗം മാമ്മോദീസായിലൂടെ ഏറ്റുവാങ്ങുന്ന ഓരോ വ്യക്തിക്കും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ഹൃദയങ്ങള്‍ തുറന്നുകിട്ടുവാന്‍ അവിടുത്തെ തിരുമുന്നില്‍ എളിമയോടെ വര്‍ത്തിക്കണം. അതിന് നമ്മെ ഒരുക്കണം.

.പ്രഘോഷണം ആത്മാവിനാല്‍ പ്രചോദിതമായിരിക്കണം. ആത്മാവിന്‍റെ നിറവില്‍, വചനം പ്രഘോഷിച്ചപ്പോഴാണ് സഭയില്‍ മാനസാന്തരം ഉണ്ടായത്. സഭയുടെ ആദിമചരിത്രത്തിലേയ്ക്ക് എത്തിനോക്കിയാല്‍ അപ്പ. പ്ര. 2., നിരക്ഷരരുമായിരുന്ന പാവപ്പെട്ട ശ്ലീഹന്മാര്‍ ആത്മാവിന്‍റെ നിറവാല്‍ അവരരുടെ ചുറ്റുമുള്ള ലോകത്തെ മുഴുവന്‍ ഇളക്കി മറിക്കുന്നതായി കാണാം. ഇത് അവരുടെ വ്യക്തിപരമായ കഴിവുകള്‍ കൊണ്ടായിരുന്നില്ല, ഉന്നതത്തില്‍നിന്ന് ശക്തി ലഭിച്ചതുകൊണ്ടാണ്. ഇന്ന് എല്ലാ കാലഘട്ടങ്ങളേക്കാളും കൂടുതലായി ക്രിസ്തു പ്രഘോഷിക്കപ്പെടുന്നുണ്ട്, എന്നാല്‍ സമൂഹത്തില്‍ തത്ഫലമായുണ്ടാകുന്ന മാറ്റവും നന്മയും തുലോം നിസ്സാരവുമാണ്. ദൈവിക ശക്തിധരിച്ച് ആത്മാര്‍ത്ഥമായി ജീവിക്കുവാനും അതനുസരിച്ചു മറ്റുള്ളവരെ ക്രിസ്തുവിലേയ്ക്കു നിയിക്കാനും ഏവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനായി നാം ഒരുങ്ങണം, നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്തണം. ക്രിസ്തുവിന്‍റെ നാമത്തിലുള്ള പ്രഘോഷണം ജരൂസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളുടെ ഇടയിലും എത്തേണ്ടിയിരിക്കുന്നു. അതിന്‍റെ കണ്ണികള്‍ ക്രിസ്തു ശിഷ്യന്മാര്‍ ആദ്യം ചുറ്റുമുള്ളവരുമായിട്ടാണ് പങ്കുവയ്ക്കേണ്ടത്. ആയിരിക്കുന്ന നമ്മുടെ ജീവിത മേഖലകളില്‍ ആരംഭിക്കുക.‍... നമുക്കു ചുറ്റും ക്രിസ്തുവെളിച്ചം പരക്കട്ടെ, സുവിശേഷസ്നേഹം വിരിയട്ടെ.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീക്ഷ്ണതയുടെ പ്രതീകമാണ്.
സനേഹത്തിന്‍റെ വചനം തീക്ഷണതയോടെ പ്രഘോഷിക്കുകയെന്നത് മാര്‍പാപ്പയുടെ ജീവിത ദൗത്യമായിരുന്നുവെന്ന് നമുക്കു കാണാം.
തന്‍റെ ആഗോള സഭാ നേതൃത്വകാലമൊക്കെയും സ്നേഹത്തിന്‍റെ വചനപ്രഘോഷത്തിനായി മാറ്റിവച്ചതുപോലെ അദ്ദേഹം ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടു. “ഹൃദയ കവാടങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറക്കുവിന്‍…” ഇത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ പ്രഥമ പ്രസംഗത്തിന്‍റെ സത്തയായിരുന്നു. കരിങ്കല്‍മടയില്‍ ജോലി ചെയ്തും കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കനത്തഭാരം പേറിയും വളര്‍ന്ന കാരോള്‍ വോയ്ത്തീവ, കാലത്തിന്‍റെ തികവില്‍ ക്രിസ്തുവിന്‍റെ സഭയുടെ നായകനായി. പത്രോസിന്‍റെ പരമാധികാരം പേറുന്ന 264-ാമത്തെ മാര്‍പാപ്പയായി ജോണ്‍ പോള്‍ രണ്ടാമന്‍. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹഗീതികളുമായി ലോകത്തിന്‍റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച സ്നേഹദൂതനാണ്. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്, കുരിശില്‍ നെറ്റി മുട്ടിച്ചുള്ള പരസ്യകുമ്പസാരം. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ mea culpa, mea culpa, mea maxima culpa… നൂറ്റാണ്ടുകളായി മാനുഷികതയില്‍ സഭയ്ക്കു വന്നുപോയ പാളിച്ചകള്‍ക്കൊക്കെ മാര്‍പാപ്പ അതിന്‍റെ ധാര്‍മ്മികത ഏറ്റെടുക്കുകയും സ്വയം താഴ്ത്തുകയും ചെയ്തപ്പോള്‍, പാപ്പായിലെ ക്രിസ്തു-സാന്നിദ്ധ്യത്തിന്‍റെ പ്രഭ കുറെക്കൂടി ലോകത്തിനു വെളിപ്പെട്ടു കിട്ടി. തെറ്റിപ്പോയെന്ന് പറയാനുള്ള, എളിമയും നന്മയും ആര്‍ക്കുമില്ലാത്തൊരു കാലത്ത്, ഹൃദയത്തില്‍നിന്നുള്ള പാപ്പായുടെ ഏറ്റുപറച്ചില്‍ ക്ഷതങ്ങള്‍ക്കു മീതെ സൗഖ്യലേപനമായി ഇന്നും തെളിഞ്ഞു നില്ക്കുന്നു.

അപ്പസ്തോലന്മാരുടെ കാലത്തിനുശേഷം സിനഗോഗു സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പയാണ്, ജോണ്‍ പോള്‍ രണ്ടാമന്‍. പിന്നീട് യഹൂദര്‍ക്കേറ്റം പുണ്യപ്പെട്ട സങ്കടമതിലും അദ്ദേഹം സന്ദര്‍ശിച്ച് ലോകത്തിനുവേണ്ടി വിലപിച്ചു പ്രാര്‍ത്ഥിച്ചു. മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും മാര്‍പാപ്പയുടെ ഊഴംഉണ്ടായിരുന്നു. ഡമാസ്ക്കസിലെ മദ്രസയിലദ്ദേഹം പ്രസംഗിച്ചു. റോമിലെ തേംപിയോ മജ്ജോരെ സിനഗോഗില്‍ ചെന്ന് മുഖ്യപുരോഹിതനെ ‘ജ്യോഷ്ഠസഹോദരാ’ എന്നു വിളിച്ച് ആലിംഗനംചെയ്തപ്പോള്‍, നോക്കിനിന്നവര്‍ കരയാതിരിക്കുവാന്‍ പണിപ്പെട്ടു. തീര്‍ത്ഥാടകനായിരുന്ന മാര്‍പാപ്പ ഏതു രാജ്യത്തുചെന്നാലും ആദ്യം പ്രണമിച്ച് അവിടുത്തെ മണ്ണുചുംബിക്കുന്നത് ഹൃദയസ്പര്‍ശിയായ മറ്റൊരു കാഴ്ചയായിരുന്നു. മണ്ണില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നുപോയതിനെ മണ്ണിലേയ്ക്കും മനുഷ്യനിലേയ്ക്കും അടുപ്പിച്ച്, പിന്നെ അവരെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്താവാന്‍ 26 വര്‍ഷക്കാലം (1978–2005) നിരന്തരമായി നടത്തിയ സുവിശേഷ തീര്‍ത്ഥാടനങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമനെ ലോകത്തിന് ഒരാശിര്‍വ്വാദമാക്കി മാറ്റി.

വിത്തിലും വൃക്ഷത്തിലും ജീവന്‍ ജീവന്‍തന്നെയെന്ന് പറഞ്ഞ പാപ്പായെ യാഥാസ്ഥിതികനായിട്ട് ചിലരെങ്കിലും മുദ്രകുത്തി. ജീവിതത്തിന്‍റെ ഗുണമേന്മ മാത്രം നോക്കി, അല്ലെങ്കില്‍ എനിക്കെന്തുകിട്ടും എന്ന ലാഭേഛയോടെ മാത്രമുള്ള കമ്പോള സങ്കല്‍പ്പങ്ങളെയും സംസ്കാരത്തെയും നിഷേധിച്ചതുകൊണ്ടാവാം, ജോണ്‍ പോള്‍ രണ്ടാമനെ യാഥാസ്ഥിതികനായി ചിലര്‍ നോക്കിക്കണ്ടത്. എന്നിട്ടും ആ യാഥാസ്ഥിതികനായ മാര്‍പാപ്പയെ തേടിയാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ വത്തിക്കാനിലെത്തിയത്. സ്നേഹം നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകളാവശ്യമെന്ന് മാര്‍പാപ്പ മനസ്സിലാക്കിത്തന്നു. ശരിയെന്ന് കരുതുന്ന മൂല്യങ്ങളില്‍ ദൃഢമായി നില്‍ക്കുന്നതാണ് ഭൂമിയുടെ ഇഷ്ടവും നന്മയെന്നും മാര്‍പാപ്പ കാലത്തെ പഠിപ്പിച്ചു. ഇത് ഉത്ഥിതന്‍റെ ചൈതന്യമാണ് ആരോടും പരിഭവമില്ലാതെ, മുറിയടച്ച് ഒളിച്ചിരുന്നവരുടെയും, തന്നെ തള്ളിപ്പറയുകയും സംശയിക്കുകയും നിഷേധിക്കുകയും ചെയ്തവരുടെയും, തന്നെ വിട്ട് ഓടിപ്പോയവരുടെയും പക്കലേയ്ക്ക് സമാധാനാശംസയുമായി ക്രിസ്തു കടന്നുചെന്നു. ആരും ആര്‍ക്കും പകരമാകാനാവില്ല. പകരമില്ലാത്ത മനുഷ്യസ്നേഹിയായ മാര്‍പാപ്പ സുവിശേഷത്തിനായുള്ള സ്നേഹ സമര്‍പ്പണത്തിലൂടെ ലോകമെങ്ങും പോയി - വിശുദ്ധിയുടെ പടവുകള്‍ കയറി. വാഴ്ത്തപ്പെട്ടവനായി – ആഗോളസഭ മെയ് ഒന്നാം തിയതി പുണ്യശ്ലോകനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തി. എല്ലാ ജനതകളുടെയും പക്കലേയ്ക്കു പോയി സുവിശേഷം പ്രഘോഷിക്കാനുള്ള ക്രിസ്തു പ്രബോധനത്തില്‍ സാര്‍വ്വത്രിക പ്രേഷിതദൗത്യം അടങ്ങിയിരിക്കുന്നു. ഈ ലോകത്തായിരുന്നപ്പോള്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഇസ്രായേലിലേയ്ക്കുമാത്രം അയച്ചെങ്കില്‍ ഉത്ഥിതന്‍ അവരെ അയയ്ക്കുന്നത് എല്ലാവരുടെയും പക്കലേയ്ക്കാണ് അയച്ചത്. ലോകമെങ്ങും പോയി പ്രഘോഷിക്കുവാന്‍, എന്നായിരുന്നു ക്രിസ്തുവിന്‍റെ ആഹ്വാനം. ലോകത്തിന്‍റെ നാനാ അതിര്‍ത്തികളിലേയ്ക്കുമാണ്. സുവിശേഷേതവത്ക്കരണത്തിന്‍റെ ലക്ഷൃം ഇനിയും എല്ലാവരെയും ക്രിസ്തു സ്നേഹത്തിന്‍റെ സന്ദേശമിറയിക്കുക എന്നതാണ്. അതു നിര്‍വ്വഹിക്കേണ്ടത് വാക്കുകളാല്‍ മാത്രമല്ല, നമ്മുടെ ജീവിതങ്ങള്‍കൊണ്ടാണ്. End







All the contents on this site are copyrighted ©.