2011-05-18 18:56:45

പാപ്പായ്ക്ക്
പട്ടണത്തിന്‍റെ ആദരാഞ്ജലി


18 മെയ് 2011, റോം
ജോണ്‍ പോള്‍ രണ്ടാമന്‍ - പട്ടണത്തെ സ്നേഹിച്ച പാപ്പായെന്ന്,
ജൊവാന്നി അലെമാന്നോ, റോമാ പട്ടത്തിന്‍റെ മേയര്‍ പ്രസ്താവിച്ചു.
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മദിനമായ
മെയ് 18-ാം തിയി ബുധനാഴ്ച റോമില്‍ പട്ടണാധികൃതര്‍ സംഘടിപ്പിക്കുന്ന സംഗീതവിരുന്നിനെക്കുറിച്ചിറക്കിയ മാധ്യമക്കുറിപ്പിലാണ് റോമിന്‍റെ മേയര്‍ ഇപ്രകാരം പ്രസ്താവിച്ചത്. 26 വര്‍ഷക്കാലം നീണ്ട തന്‍റെ സഭാഭരണകാലത്ത് എന്നും രാത്രിയില്‍ പട്ടണത്തെ ആശിര്‍വ്വദിച്ചതിനുശേഷം ഉറങ്ങാന്‍ പോയിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എല്ലാവരുടെയും പാപ്പാ ആയിരുന്നെങ്കിലും റോമാ പട്ടണവാസികളുടെ പ്രത്യേക സ്നേഹിതനായിരുന്നെന്ന് മേയര്‍ വിശേഷിപ്പിച്ചു.
പട്ടണാധികാരികളും ജനങ്ങളുമായും എന്നും സംവാദത്തിന്‍റെയും സ്നേഹത്തിന്‍റെ ആത്മബന്ധം പുലര്‍ത്തിയ പാപ്പ, കൊളോസിയത്തിലെ കുരിശിന്‍റെവഴി, സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവ തിരുനാളാഘോഷം, റോമില്‍ നടത്തിയ 300-ലേറെ ഇടവകകളുടെ സന്ദര്‍ശനം, റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ്ലീഹായുടെ തിരുനാള്‍ എന്നിങ്ങനെ റോമാക്കാര്‍ക്കുവേണ്ടി അനുവര്‍ഷം ചെയ്ത ആത്മീയ നന്മകള്‍ മേയര്‍ തന്‍റെ വാര്‍ത്താക്കുറിപ്പില്‍ നന്ദിയോടെ അനുസ്മരിച്ചു. പിറന്നാള്‍ ദിനത്തില്‍ റോമില്‍ അരങ്ങേറുന്ന കലാവിരുന്നിലൂടെ മാര്‍പാപ്പയുടെ പുണ്യപ്പെട്ട മഹാമനസ്കതയ്ക്കു മുന്നില്‍ റോമാ പട്ടണം നമ്രശിരസ്കയാവുകയാണെന്ന് മേയര്‍ അലമേന്നോ പ്രസ്താവിച്ചു. റോമിലെ മാത്രമല്ല, ഇറ്റിലിയിലെ പ്രശസ്തരായ കലാകരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നില്‍ ബനഡിക്ട്ാ 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി റോമാ രൂപതയുടെ വികാരി ജനറാല്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി പങ്കെടുക്കും. ആധുനിക ക്രൈസ്തവ സംഗീതത്തിന്‍റെ റാണി The Queen of Modern Christian Music എന്നറിയപ്പെടുന്ന അമേരിക്കന്‍ ഗായിക ഏമി ഗ്രാന്‍റിന്‍റെ ദൂരെനിന്നും, ദൂരെ ദൂരെ നിന്നുമൊരാള്‍...a man from afar എന്ന പ്രശസ്തമായ ഗാനത്തോടെ കലാവിരുന്നാരംഭിക്കും. കലാവിരുന്നില്‍ മാര്‍പാപ്പയെ അടുത്തറിഞ്ഞ 27-വര്‍ഷക്കാലത്തെ വത്തിക്കാന്‍റെ ഫോട്ടോഗ്രാഫര്‍ അര്‍ത്തൂരോ മാരി, സഹൃത്ത് റോമിലെ റാബായ് ഏലിയോ തുവാഫ്, റോമിന്‍റെ കവി സെമോ റൊമാന്‍സ്, കര്‍ദ്ദിനാള്‍ റുയീനി എന്നിവരും മാര്‍പാപ്പയെക്കുറിച്ചുള്ള വ്യക്തിഗതാനുഭവങ്ങള്‍ പങ്കുവയ്ക്കുമെന്നും മേയര്‍ അല്‍മേനോ അറിയിച്ചു. മെയ് 18-ാം തിയതി വൈകുന്നേരം റോമിലെ പ്രസ്തമായ തെര്‍മീനി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ചത്വരത്തില്‍ 12-അടി വലുപ്പമുള്ള വെങ്കല പ്രതിമ അനാച്ഛാദനംചെയ്തുകൊണ്ട് റോമാ പട്ടണം കൃതാര്‍ത്ഥയായി.







All the contents on this site are copyrighted ©.