2011-05-16 15:57:33

ക്രൈസ്തവ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഭദ്രമായ വിശ്വാസ പരിശീലനം നല്‍കണമെന്ന് മാര്‍പാപ്പ


16 മെയ്, വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഭദ്രമായ വിശ്വാസ പരിശീലനം നല്‍കണമെന്ന് ഭാരതത്തില്‍ നിന്നുള്ള മെത്രാന്‍മാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. റോമില്‍ ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള മെത്രാന്‍മാരെ മെയ് പതിനാറാം തിയതി തിങ്കളാഴ്ച പൊതുകൂടിക്കാഴ്ച്ചയ്ക്കായി സ്വീകരിച്ച വേളയിലാണ് കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് വിശ്വാസത്തിലും സ്നേഹത്തിലും സേവനത്തിലും വളരുവാന്‍ പരിശീലനം നല്‍കുന്ന മികച്ച വേദപഠനം ഉറപ്പുവരുത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തത്, സുവിശേഷ സാക്ഷൃം നല്‍കുന്നതില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും മാര്‍പാപ്പ തദവസരത്തില്‍ പരാമര്‍ശിച്ചു. സഭാ പൈതൃകത്തിന്‍റെ തനിമയും അനന്യതയും ആദരിച്ചുകൊണ്ടുവേണം സാംസ്കാരിക അനുരൂപണം പ്രാവര്‍ത്തീകമാക്കാനെന്നു പറഞ്ഞ മാര്‍പാപ്പ തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസസംഹിത വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കുവാനും കൈമാറ്റം ചെയ്യുവാനും മെത്രാന്‍മാര്‍ക്കുള്ള കടമയും എടുത്തു പറഞ്ഞു. മതവിശ്വാസത്തിന്‍റെ സത്ത ചോര്‍ന്നുപോകാതെ മതാന്തര സംവാദത്തില്‍ ഏര്‍പ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച മാര്‍പാപ്പ പരസ്പരബഹുമാനത്തോടെ, സത്യത്തിനു സാക്ഷൃം നല്‍കിക്കൊണ്ടു അന്യമതസ്തരുമായുള്ള സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് താന്‍ ബോധവാനാണെന്നും പ്രസ്താവിച്ചു. അന്യ മതസ്തരോടൊപ്പം സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുവാനാണ് ഭാരതത്തിലെ ക്രൈസ്തവര്‍ പരിശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശസംരക്ഷണത്തിനുവേണ്ടി അജപാലക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സഭ നടത്തുന്ന സംരംഭങ്ങള്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും പിന്തുണയും നല്‍കി.

കൂടിക്കാഴ്ചയുടെ ആരംഭത്തില്‍ വടക്കേഇന്ത്യയില്‍ നിന്നുള്ള മെത്രാന്‍മാരെ പ്രതിനിധീകരിച്ചുകൊണ്ട് റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ മാര്‍പാപ്പയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും മാര്‍പാപ്പ തന്‍റെ പ്രബോധനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ജീവിത സാക്ഷൃത്തിലൂടെയും നല്‍കുന്ന ആത്മീയ നേതൃത്വത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ആസാം ബംഗാള്‍ ബീഹാര്‍ ഒറീസ്സ ജാര്‍ഘണ്ട് എന്നീ സംസ്ഥാനങ്ങളിലെ സഭാപ്രവിശ്യകളില്‍ നിന്നുള്ള നാല്‍പ്പത്തിനാലു മെത്രാന്‍മാരാണ് കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നത്.







All the contents on this site are copyrighted ©.