2011-05-14 13:35:32

സുവിശേഷപരിചിന്തനം - 15 മെയ് 2011 ഞായര്‍
ലത്തീന്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 11-21
കര്‍ത്താവിന്‍റെ ഇടയരൂപമാണ് ഇന്നത്തെ സുവിശേഷം വെളിപ്പെടുത്തുന്നത്.
നല്ലിടയനും മറ്റിടയന്മാരും തമ്മിലുള്ള വ്യത്യാസം അടങ്ങിയിരിക്കുന്നത്, ആടുകളോടുള്ള ബന്ധത്തിലും അവയ്ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയിലുമാണ്. ആടുകളുമായി വ്യക്തിപരമായ ബന്ധമുള്ളതിനാല്‍ നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ പോലും സമര്‍പ്പിക്കുന്നു. വഴിതെറ്റിയതിനെ ഉപേക്ഷിക്കുന്നില്ല, മറിച്ച് തേടിയിറങ്ങുന്നു. പ്രതിസന്ധികളുണ്ടാകുമ്പോള്‍ തന്‍റെ ജനത്തെ കൈവെടിയുന്നില്ല. നല്ലിടയന്‍ തനിക്കുള്ളവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. ആ അറിവ് താത്വികമായ അറിവല്ല. വ്യക്തിപരമായ ബന്ധത്തില്‍നിന്നുള്ള അറിവാണ്.
പിതാവും പുത്രനും തമ്മിലുള്ള പരസ്പരമായ അറിവും ഇപ്രകാരമുള്ളതാണ്. ക്രിസ്തുവും തനിക്കുള്ളവരും തമ്മിലുള്ള പരസ്പരമായ അറിവിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് നല്ലിടയന്‍റെ ആത്മസര്‍പ്പണം.. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ, എല്ലാമനുഷ്യരും ഒന്നാകേണ്ടിയിരിക്കുന്നു, “അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ, അവരും നമ്മില്‍ ഒന്നായിരിക്കണമേ…” 17, 21.

ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു രചിക്കുന്ന
ഇടയന്‍റെ ചിത്രം പഴയനിയമപാരമ്പര്യത്തെയും അനുസ്മരിപ്പിക്കുന്നുണ്ട്. പൗരസ്ത്യനാടുകളില്‍ ഇടയന്‍ ദേവന്മാരുടെയും രാജാക്കന്മാരുടെയും പ്രതീകമായിരുന്നു. ദൈവം മാത്രം ഇസ്രായേലിന്‍റെ ഇടയന്‍‍ ദൈവമായിരുന്നതിനാല്‍ അവര്‍ രാജാക്കന്മാരെ ഇടയന്മാരായി കരുതിയിരുന്നില്ല. ഇടയന്മാരാണെന്ന അവകാശവാദം മുഴക്കുന്ന യഹൂദാധികാരികളെ പ്രവാചകന്മാര്‍ വിമര്‍ശിച്ചിട്ടുണ്ട്. ജെറ. 23. 1.
എന്നാല്‍ ദാവീദിന്‍റെ ഭവനത്തില്‍നിന്നുള്ള ഒരിടയനെ, ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്നു. ആ പ്രവാചക സങ്കല്പത്തിലുള്ള ഇടയനെയാണു യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇന്നു നാം കാണുന്നത്- നല്ലിടയനായ ക്രിസ്തു – തന്‍റെ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച നിത്യഇടയന്‍. ക്രിസ്തുവിന്‍റെ മരണത്തെ അകാലചരമമായല്ല, സ്വയം സമര്‍പ്പണമായിട്ടാണു യോഹന്നാന്‍ അവതരിപ്പിക്കുന്നത്. അവിടുന്ന് സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്നതു സമ്മര്‍ദ്ദത്തിന്‍ കീഴല്ല, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ്. പിതാവിനോടും തനിക്കുള്ളവരോടുമുള്ള സ്നേഹമാണ് ഈശോയെ അതിനു പ്രേരിപ്പിക്കുന്നത്.

ദൈവീക പദ്ധതിയനുസരിച്ച് ക്രിസ്തു അവസാനകാല ഇടയന്‍ എന്നനിലയില്‍ ചിതറിപ്പോയ ഇസ്രായേലിനെ ഒരുമിച്ചുകൂട്ടുന്നത് തന്‍റെ ജീവസമര്‍പ്പണത്തോടെയാണ്, മരണത്തോടെയാണ്. എന്നാല്‍, അവിടുത്തെ രക്ഷാകര ദൗത്യം ഇസ്രായേലിനെ മാത്രമല്ല, എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. ഉപമയിലെ ഇടയനെ ക്രിസ്തു തന്നോടു താദാത്മ്യപ്പെടുത്തുന്നുണ്ട്. താന്‍‍ നല്ലയിടയനാകുന്നു എന്ന് ക്രിസ്തു സ്വയം വിശേഷിപ്പിക്കുന്നുണ്ട്. സ്വന്തം ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നു. അതും തന്‍റെ ജീവസമര്‍പ്പണം വഴി മറ്റുള്ളവര്‍ക്ക് ജീവന്‍ ഉണ്ടാകുന്നതിനു വേണ്ടിയാണ്.
ഗ്രാമത്തിലെ ഒരു മനുഷ്യന്‍റെമേല്‍‍ മറ്റൊരാള്‍ ആടുമോഷണം ആരോപിച്ചു. ഗ്രാമ പ്രമുഖന്‍റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു. ആടു തന്‍റേതാണെന്നും മോഷ്ടിച്ചിട്ടാല്ലായെന്നും അയാള്‍ ആണയിട്ടു പറഞ്ഞു. നഷ്ടപ്പെട്ടുപോയ തന്‍റെ ആടിനെ തേടി അലഞ്ഞിട്ട് ഏറെ ദിവസങ്ങള്‍ക്കു ശേഷം തനിക്കത് തിരിച്ചുകിട്ടിയതാണെന്നെല്ലാം അയാള്‍ വിവരിച്ചു. എന്നാല്‍ ആര്‍ക്കുമത് ബോധ്യമായില്ല, പ്രത്യേകിച്ച് ആരോപണം നടത്തിയ വ്യക്തിക്ക്. ഗ്രാമത്തലവന് ആശയക്കുഴപ്പമായി. അയാള്‍ ഒരു പരീക്ഷണത്തിന് ബുദ്ധിപൂര്‍വ്വം മുതിര്‍ന്നു. ആടിനെ തന്‍റെ മുന്നില്‍ കൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടു. മോഷണം ആരോപിച്ച മനുഷ്യനോട് മുറിക്കു പുറത്തുപോയി ആടിനെ വിളിക്കുവാന്‍ പറഞ്ഞു. എന്നാല്‍ വിളികേട്ട് ആട് ഭയന്നു വിരളുന്നതായിട്ടാണ് ഗ്രാമത്തലവനും ദൃക്സാക്ഷികളും കണ്ടത്. തുടര്‍ന്ന് മോഷണമാരോപിക്കപ്പെട്ട മനുഷ്യനോടു പുറത്തു പോയി ആടിനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു.
അയാള്‍ പുറത്തുപോയി ആടിനെ വിളിച്ചതും, ആടു കാതോര്‍ത്ത് പ്രതികരിച്ചു. വിളിയുടെ ദിശയിലേയ്കു തിരിഞ്ഞ് കരയുവാന്‍ തുടങ്ങി. തന്‍റെ യജമാനന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് അത് സൗമ്യമായി അയാളുടെകൂടെ പുറപ്പെട്ടുപോയി
ക്രിസ്തു ഇന്നത്തെ ഉപമയില്‍ ഉപയോഗിക്കുന്ന രണ്ട് അടയാളങ്ങള്‍ ശ്രദ്ധേയമാണ്. ഇടയന്‍റെ ശബ്ദവും, ആലയുടെ വാതിലും. വളച്ചുകെട്ടി വയ്ക്കുന്ന പഴയ ആലകള്‍ക്ക് ഒരു വാതിലാണ് ഉണ്ടായിരുന്നത്. വാതില്‍ എപ്പോഴും തുറന്നുകിടക്കും, എന്നാല്‍ ഇവിടെ ഇടയന്‍ തന്നെയാണ് വാതില്‍. അയാള്‍ ആടുകളെ സംരക്ഷിക്കുവാനായി വാതില്ക്കല്‍ കിടന്നുറങ്ങുകയാണു പതിവ്. ഇടയന്‍തന്നെ വാതിലായിത്തീരുന്നു. ആലയുടെ വാതിക്കല്‍ നിന്നു വിളിക്കുമ്പോള്‍ ആടുകള്‍ ഇടയനെ തിരിച്ചറിയുകയും പിന്‍ചെല്ലുകയും ചെയ്യുന്നു. ഇടയന്‍ ആടുകളെ മുന്നില്‍നിന്നാണ് നയിക്കുന്നത്, പിന്നില്‍നിന്നല്ല. നല്ലിയടയനായ ക്രിസ്തു ആടുകള്‍ക്ക് വാതിലാണ്... അവിടുന്ന് പിതാവിങ്കലേയ്ക്കുള്ള വാതിലാണ്, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതിലാണ്. തിന്മയുടെ ശക്തികള്‍ക്കപ്പുറം നമ്മെ നയിക്കുന്ന നല്ലിടയനാണ് ക്രിസ്തു. ഉപമയില്‍ ക്രിസ്തു ഉപയോഗിക്കുന്ന, രണ്ടാമത്തെ ഘടകം ശബ്ദമാണ്. ശബ്ദം അറിവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എങ്ങിനെയാണ് ഒരാട് ഇടയന്‍റെ ശബ്ദം തിരിച്ചറിയുന്നത്. അറിവും സ്നേഹവുമാണവിടെ സ്ഫുരിക്കുന്നത്. തന്നെ സംരക്ഷിക്കുകയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനോടുള്ള സ്വാഭാവികമായ പ്രതികരണമാണത്. ഒരു കുഞ്ഞ് അതിന്‍റെ അമ്മയെയും മറിച്ച് അമ്മ കുഞ്ഞിനെയും തിരിച്ചറിയുന്നതുപോലെയാണ്.

അറിയുക, സ്നേഹിക്കുക, പിന്‍ചെല്ലുക എന്നിവ ആത്മീയതയിലെ സുപ്രധാന ചലനങ്ങളാണ്. യുക്തിപരമായി സ്നേഹം അറിവില്‍ നിന്നായിരിക്കണമെന്നില്ല. ഇടയന്‍ ആടുകളെ സ്നേഹിക്കുന്നതുകൊണ്ടാണ് അവ ഇടയന്‍റെ സ്വരം തിരിച്ചറിയുകയും അയാളെ പിന്‍ചെല്ലുകയും ചെയ്യുന്നത്. പച്ചയായ പുല്‍പ്പുറങ്ങളിലേയ്ക്കും പ്രശാന്തമായ ജലപ്പരപ്പുളിലേയ്ക്കും അവിടുന്ന് തന്‍റെ അജഗണങ്ങളെ നയിക്കുന്നു. അതു സമൃദ്ധിയിലേയ്ക്ക്, ജീവന്‍റെ സമൃദ്ധിയിലേയ്ക്ക്, നിത്യജീവന്‍റെ സമൃദ്ധിയിലേയ്ക്കുള്ള നീക്കമാണ്, ചലനമാണ്. ഇന്നത്തെ ദിവ്യബലിയിലുപയോഗിച്ച സങ്കീര്‍ത്തനം സുവിശേഷവുമായി നമ്മെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് - സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ 23-ാം സങ്കീര്‍ത്തനം - കര്‍ത്താവ് എന്‍റെ ഇടയനാകുന്നു. അനശ്വരതയുടെ മാനമെത്തിയ ഒരു സങ്കീര്‍ത്തനമെന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ലോകത്തിലെ എല്ലാ ഭാഷകളിലും സഹിത്യരൂപങ്ങളിലും സംഗീതരചനളിലും കലാസൃഷ്ടികളിലും അതിടം കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ കര്‍ത്താവിലുള്ള പ്രത്യാശയാണ് ഈ സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നത്. ബൈബള്‍ പണ്ഡിതന്മാര്‍ ഇതിനെ ശരണ സങ്കീര്‍ത്തനമെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിലെ ചിന്താധാരയ്ക്കും ഭാവനാചിത്രങ്ങള്‍ക്കും വൈകാരികമൂല്യങ്ങള്‍ക്കും ഏറെ വശ്യതയുണ്ട്.

ഗൗരവപൂര്‍വ്വകമായ ശ്രദ്ധയും ജാഗരൂകതയും കാണിക്കുന്ന ഒരു ഇടയന്‍റെ ചിത്രമാണ് സംങ്കീര്‍ത്തകനും വരച്ചിരിക്കുന്നത്. ദൈവത്തെയാണ് ഇടയനായി വിശേഷിപ്പിച്ചിരിക്കുന്നത്. ദൈവം സല്‍ക്കാരപ്രിയനും ഔദാര്യമതിയുമായ ആതിഥേയനുമാണെന്നും സങ്കീര്‍ത്തകന്‍ വിവരിക്കുന്നു 5-6. ദൈവത്തിന്‍റെ സ്നേഹത്തിലും നന്മയിലും ശരണം ഗമിക്കാന്‍ മനുഷ്യനെ ഹാര്‍ദ്ദമായി സങ്കീര്‍ത്തകന്‍ ക്ഷണിക്കുന്നു. അവിടുത്തെ സാന്നിദ്ധ്യത്തിലാണു മനുഷ്യനു ജീവനും സമാധാനവും ഉണ്ടാവുക എന്ന ബോധ്യവും വരികളില്‍ ഉളവാകുന്നുണ്ട്. അങ്ങനെ, സങ്കീര്‍ത്തന പുസ്തകത്തില്‍ ഏറ്റവും വിലമതിക്കപ്പെട്ടതും സ്നേഹിക്കപ്പെടുന്നതുമായ സങ്കീര്‍ത്തനമായി ഇതു തീരുന്നു. ഇതിന്‍റെ വൈകാരികമൂല്യം സ്ഥലകാലമാനങ്ങളെ അതിലംഘിച്ചിരിക്കുന്നു. ഏറ്റവുമധികം ഹൃദിസ്ഥമാക്കപ്പെട്ടിട്ടുള്ള ബൈബിള്‍ ഭാഗം ഈ സങ്കീര്‍ത്തനമാണെന്ന് നിരൂപകന്മാര്‍ പറയുന്നത്. കര്‍ത്താവിന്‍റെ ഇടയരൂപം ദൈവത്തിലുള്ള ശിശുതുല്യമായ ശരണത്തിനുള്ള ഒരു മകുടോദൂഹരണമാണ് കര്‍ത്താവ് എന്‍റെ ഇടയനാണ്. കാരണം, അവിടുന്ന് എന്നെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നു. ആടുകളെ പച്ചപ്പുല്‍ത്തകിടികളേയ്ക്കും പ്രശാന്തമായ അരുവികളിലേയ്ക്കും ജലാശങ്ങളിലേയ്ക്കും നയിക്കുന്നു. വിശ്രമവും ഭക്ഷണവും ജലവും ആടുകള്‍ക്ക് വേണ്ടുന്നതെല്ലാം അവിടുന്നു തരുന്നു. ഇതു ദൈവം വാഗ്ദാനംചെയ്യുന്ന പറുദീസായെ ഓര്‍പ്പിക്കുന്നു. ഉല്പ. 2, 9. കൂടാതെ ഭാവിയിലെ ദൈവരാജ്യത്തെക്കുറിച്ചും. ദൈവസന്നിധിയില്‍, ദൈവാലയത്തില്‍നിന്നും പൊട്ടിപ്പുറപ്പെടുന്ന അരുവിയെപ്പറ്റി സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നു. സങ്ക.36,8. വിശ്രമത്തിന്‍റെ ജലായങ്ങള്‍ ദൈവം തന്‍റെ ജനത്തിനും വിശ്രമത്തിനായി വാഗ്ദാനംചെയ്ത ദൈവത്തിന്‍റെ നാടിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സങ്കി. 95, 11. ഹെബ്ര. 4, 1-11.
സങ്കീര്‍ത്തനത്തിന്‍റെ 3-ാം വാക്യത്തില്‍ കര്‍ത്താവ് പുനര്‍ജ്ജീവന്‍ നല്കുന്നു, എന്നു പറയുമ്പോള്‍ അനുരഞ്ജനവും ഉന്മേഷവും നവജീവനും നല്കുന്നു എന്നതാണ്. കര്‍ത്താവിന്‍റെ സംരക്ഷണയില്‍ ഓരോതുത്തരും അവിടുത്തെ താല്പര്യവും ശ്രദ്ധയും പരിപാലനവും അനുഭവിച്ചറിയുകയാണ്. കര്‍ത്താവ് സംരക്ഷിക്കുമെന്നും നീതിമാര്‍ഗ്ഗത്തില്‍ നിയക്കുമെന്നുമുള്ള ബോദ്ധ്യം സങ്കീര്‍ത്തനം തരുന്നു.

ജരൂസലേം സമൂഹത്തതിന്‍റെ പാരമ്പര്യമനുസരിച്ച് യാവേ ഇസ്രായേല്‍ ജനത്തിന്‍റെ മുഴുവന്‍ ഇടയനാണ്. സങ്കി.80, 2. ഫലമോ, പൂര്‍ണ്ണമായ ആശ്വാസവും നിരന്തരമായ സുരക്ഷിതത്ത്വാവബോധവും ഏവര്‍ക്കം ലഭിക്കുന്നു. ആധുനീകതയുടെയും സാങ്കേതികതയുടെയും സാമൂഹ്യ പരിമുറുക്കങ്ങളില്‍ നമ്മുടെ വ്യക്തി ജീവിതത്തിന്‍റെ തനിമയും അര്‍ത്ഥവും കണ്ടെത്തേണ്ടത് ആവശ്യമാണ്. ജീവിതത്തിന്‍റെ അസന്തുലിതാവ്സ്ഥയിലും സംഭ്രാന്തിയിലും ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ നമുക്ക് വ്യതിരിക്തമായ ഒരു പാത തുറന്നു തരുന്നു. ആ പാതയിലൂടെ നമ്മെ നയിക്കുന്നു. അവിടുന്നു വന്നത് നമുക്ക് അങ്ങനെ ജീവന്‍ നല്കുവാനും അതു സമൃദ്ധമായി നല്കുവാനുമാണ്. നാം പാപികളായിരിക്കേ ക്രിസ്തു നമുക്കവേണ്ടി മരിച്ചു, നമ്മോടുള്ള സനേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
ആത്മത്യാഗത്തിലൂടെ രക്ഷപ്രദാനംചെയ്യുന്ന യേശുവിന്‍റെ മഹനീയ സ്നേഹം.....







All the contents on this site are copyrighted ©.