2011-05-11 18:53:49

ദൃശ്യമാക്കേണ്ട
സമൂഹ്യഘടകമാണ് മതം


11 മെയ് 2011, റോം
എവിടെയും ദൃശ്യമാക്കേണ്ട സാമൂഹ്യ ഘടകമാണ് മതമെന്ന്,
കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമില്‍ പ്രസ്താവിച്ചു.
പത്തു ദിവസം നീണ്ടുനിന്ന തന്‍റെ ബാംഗ്ളാദേശ് പര്യടനത്തെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയോട്
മെയ് 10-ാം തിയതി ചൊവ്വാഴ്ച, സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ താവ്റാന്‍. ബാംഗ്ലാദേശിന്‍റെ തലസ്ഥാനമായ ഡാക്കായിലുള്ള മതാന്തര സംവാദത്തിനായുള്ള അന്തര്‍ദേശിയ കേന്ദ്രത്തില്‍ International Centre for religious dialogue വച്ചാണ് മതനേതാക്കളുമായി കര്‍ദ്ദിനാള്‍ താവ്റാന്‍ കൂടിക്കാഴ്ച നടത്തിയത്. മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാന ഭാവമാണ് ഈശ്വരവിശ്വാസമെന്നും, അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ദൃശ്യവും യഥാര്‍ത്ഥവുമായ ഒരു|സാമൂഹ്യമാനമുണ്ടെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മനുഷ്യാന്തസ്സിനും ധാര്‍മ്മികതയ്ക്കും ഇണങ്ങുന്ന രീതിയില്‍ ഈശ്വരവിശ്വാസം സമൂഹത്തില്‍ ജീവിച്ചുകൊണ്ട്, ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹ്യസേവനത്തിലൂടെയും നാടിന്‍റെ സുസ്ഥിതിക്കും പുരോഗതിക്കുംവേണ്ടി യത്നിക്കുവാനുള്ള അവകാശം മതങ്ങള്‍ക്കുണ്ടെന്ന് കര്‍ദ്ദിനാല്‍ താവ്റാന്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മതങ്ങള്‍ തമ്മിലുള്ള സംവാദമാണ‍്‍ ഏതു സമൂഹത്തിന്‍റയും ക്ഷേമത്തിനും ഐക്യത്തിനും അനിവാര്യമായ ഘടകമെന്ന് ഉദ്ബോധിപ്പിച്ച കര്‍ദ്ദിനാള്‍ താവ്റാന്‍, വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കരസ്ഥാനമായ ബാംഗ്ളാദേശില്‍ നിലനില്ക്കുന്ന സൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെ അന്തരീക്ഷം മാതൃയാക്കാവുന്നതാണെന്ന് വിലയിരുത്തി.







All the contents on this site are copyrighted ©.