2011-05-11 18:48:32

ആരാധനക്രമ നവീകരണം
സഭാജീവിതം സജീവമാക്കാനെന്ന് - മാര്‍പാപ്പ


11 മെയ് 2011, വത്തിക്കാന്‍
ആരാധനക്രമ നവീകരണങ്ങള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വീക്ഷണങ്ങളെ മറികടക്കരുതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ആരാധനക്രമത്തിനായുള്ള സെന്‍റ് ആന്‍സ്ലം പൊന്തിഫിക്കല്‍ വിദ്യാപീഠം St. Anslem Pontifical Institute for Liturgy സംഘടിപ്പിച്ച
9-ാമത് അന്തര്‍ദേശിയ സമ്മേളനത്തെ മെയ് 6-ാ തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആരാധനക്രമത്തിനായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ ‘ചരിത്രവും പ്രവാചക ദൗത്യവും’ memory and Prophesy – എന്ന വിഷയത്തെ അധികരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ യഥാര്‍ത്ഥ അരൂപി ആരാധന ക്രമത്തിന്‍റെ മൂലരൂപത്തിലോ രചനകളിലോ മാറ്റം വരുത്തുകയായിരുന്നില്ല, മറിച്ച് അനുദിന ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് അജപാലന ശുശ്രൂഷയിലൂടെ ക്രിസ്തുവിന്‍റെ പെസഹാ രഹസ്യങ്ങള്‍ സജീവമാക്കുകയായിരുന്നുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സഭയില്‍ അറിവുള്ളവരും അജപാലന രംഗത്തുള്ളവരും ക്രൈസ്തവ ജീവിതത്തെ നവീകരിക്കുന്നതിനു പകരം, ആരാധനക്രമ-നവീകരണ തത്രപ്പാടില്‍ മുഴുകിപ്പോയത് ഖേദകരമായിപ്പോയെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ജീവിത നവീകരണവും ആരാധനക്രമ നവീകരണവും തമ്മില്‍ സഹജമായ സാമീപ്യവും മൗലികമായ ബന്ധവുമുണ്ടെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ആരാധനക്രമത്തിനായുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖ Sacrosactum Concilium-വും സഭയുടെ പ്രബോധനാധികാരവും സമ്പന്നമായ പാരമ്പര്യങ്ങളും മാനിച്ചുകൊണ്ടുവേണം നവീകരണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനെന്ന് മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. മെയ് 4-ന് ആരംഭിച്ച സമ്മേളനം 6-ാം തിയതി സമാപിച്ചു.







All the contents on this site are copyrighted ©.