2011-05-09 15:27:45

സംവാദത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സംസ്ക്കാരം പ്രചരിപ്പിക്കുക- മാര്‍പാപ്പ


(09 മെയ് 2011, വെനീസ്) : ജനസമൂഹങ്ങള്‍ തമ്മില്‍ സംവാദവും സഹവര്‍ത്തിത്വവും ഉണ്ടാകുന്നതിന് സ്വീകരണത്തിന്‍റെ സംസ്ക്കാരം വളര്‍ത്തിയെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. എട്ടാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ പട്ടണമായ വെനീസിലെ വിശുദ്ധ മാര്‍ക്കോസിന്‍റെ നാമധേയത്തിലുള്ള ചത്വരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഈയാഹ്വാനം നടത്തിയത്. മാനുഷികയാഥാര്‍ത്ഥ്യത്തിനു ചേരുന്ന ധാര്‍മ്മീക തത്വങ്ങളില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാമൂഹ്യ കൂട്ടായ്മകള്‍ക്കു സാധിക്കണമെന്നും പാപ്പ പറഞ്ഞു. മനുഷ്യന്‍ തന്നെ സംബന്ധിക്കുന്ന സത്യം നിഷേധിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അവന്‍റെ വ്യക്തിപരമായ കടമകളിലും മറ്റുള്ളവരോടുള്ള ഐക്യദാര്‍ഡ്യത്തിലും, സാമ്പത്തീകവും തൊഴില്‍ പരവുമായ വിശ്വസ്തതയിലും ഉണ്ടാകുമ‍െന്നും മാര്‍പാപ്പ മുന്നറിയിപ്പുനല്‍കി. അതേസമയം, ഇറ്റലിക്കുള്ളിലെ ഇരുപത്തിരണ്ടാമത് ഇടസന്ദര്‍ശനത്തിലെ അവസാനത്തെ പൊതുപ്രഭാഷണത്തില്‍ നാം ജീവിക്കുന്ന സമൂഹത്തില്‍ വിശ്വാസത്തിനു സാക്ഷൃം നല്‍കാന്‍ ഭയപ്പെടരുതെന്ന സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്. ഞായറാഴ്ച വൈകുന്നേരം വെനീസില്‍ സാമ്പത്തീക – സാംസ്ക്കാരീക മണ്ഡലങ്ങളിലെ പ്രമുഖരുടെ സമ്മേളനത്തിലാണ് ഭയം കൂടാതെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ മാര്‍പാപ്പ പ്രബോധിപ്പിച്ചത്. ക്രിസ്തുവിന്‍റെ ജീവിത മാതൃക പിന്തുടരുന്നതിനുള്ള പാതയാണ് സുവിശേഷമെന്നും ഉപവിയുടെ ഈ പാത ജീവിത സാഹചര്യങ്ങളില്‍ പ്രാവര്‍ത്തീകമാക്കേണ്ടതാണെന്നും ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ ശരീരവും ലോകവും ചുമലില്‍ നല്‍കുന്ന കുരിശ് വഹിച്ചുകൊണ്ടുവേണം സമാധാനവും നീതിയും പ്രാപിക്കാനെന്നും പ്രസ്താവിച്ചു.







All the contents on this site are copyrighted ©.