2011-05-07 18:22:06

സുവിശേഷപരിചിന്തനം 8 മെയ് 2011
സീറോ മലബാര്‍ റീത്ത്


യോഹന്നാന്‍ 14, 1-14
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധം എത്രത്തോളും ആത്മാര്‍ത്ഥവും ആഴവുമുള്ളതായിരിക്കുന്നുവോ, അത്രത്തോളും ആ കുടുംബവും സന്തോഷവും സമാധാനവുമുള്ളതായിരിക്കും. രക്ഷയുടെ വാഗ്ദാനങ്ങളുമായി മനുഷ്യനായി അവതരിച്ച ക്രിസ്തു രക്ഷാകര കര്‍മ്മത്തിന്‍റെ സ്വഭാവം പിതൃ-പുത്ര ബന്ധമായിട്ട് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ നമുക്കു വെളിപ്പെടുത്തി തരുന്നു.

പിതാവും പുത്രനും തമ്മിലുള്ള ഐക്യമാണു നമുക്കു ദൈവത്തോടുള്ള ഐക്യത്തിനു മാതൃക. അതിനാല്‍ പിതൃപുത്ര ഐക്യത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള ചിന്തകള്‍ നാമും ദൈവവുമായുള്ള ഐക്യത്തിന്‍റെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും.
ഞാനും പിതാവും ഒന്നായിരിക്കുന്നുതപോലെ നിങ്ങളുെ ഒന്നായിരിക്കുവിന്‍. ക്രിസ്തുവിന്‍റെ പ്രസ്താവനയാണിത്. ഈ പ്രസ്താവന കേട്ട് കുപിതരായ യഹൂദാചാര്യന്മാരോട് ക്രിസ്തു പറഞ്ഞു, ഞാന്‍ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ട. എന്നാല്‍ ഞാന്‍ അവ ചെയ്യുന്നെങ്കില്‍ എന്നെ വിശ്വസിക്കുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലെങ്കിലും എന്‍റെ പ്രവൃത്തികള്‍ വിശ്വസിക്കുവിന്‍. അങ്ങനെ പിതാവ് എന്നിലും ഞാന്‍ പിതാവിലും ഉണ്ടെന്നു നിങ്ങള്‍ വിശ്വസിക്കുവിന്‍. ഇതു തന്നെയാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്. എന്നെ ദര്‍ശിക്കുന്നവന്‍ പിതാവിനെയും ദര്‍ശിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലേ. നിങ്ങളോടും ഞാന്‍ പറയുന്ന വാക്കുകള്‍ എന്‍റെ സ്വന്തമല്ല, എന്നില്‍ വസിക്കുന്ന പിതാവാണ് എന്നിലൂടെ സംസാരിക്കുന്നത്. ഞാന്‍ പാതാവിലും പിതാവ് എന്നിലുമാണെന്നു വിശ്വസിക്കുവിന്‍ ഇല്ലെങ്കില്‍ എന്‍റെ പ്രവൃത്തികള്‍ നിമിത്തമെങ്കിലും വിശ്വസിക്കുവിന്‍. 4, 8-11.

പിതാവും പുത്രനും തമ്മിലുള്ള ഐക്യത്തിന്‍റെ സവിശേഷത ഇന്നത്തെ സുവിശേഷത്തില്‍നിന്നും വ്യക്തമാണ്. സത്തയില്‍ പിതാവും പുത്രനും ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് പുത്രനെ കാണുന്നത് പിതാവിനെ കാണുന്നതിന് തുല്യമാണ്. അത്ര ഹൃദൃമാണ് പിതൃപുത്രഐക്യം. ദൈവികസത്തയിലുള്ള ഈ ഐക്യംതന്നെയാണ് ക്രിസ്തുവിന്‍റെ മനുഷ്യാവതാരാവിഷ്കാരത്തിലും വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുനാഥന്‍ പിതാവുമായുള്ള ഐക്യത്തിന്‍റെ അടയാളമായി തന്‍റെ പ്രവൃത്തികളെ ചൂണ്ടിക്കാണിച്ചു. അവിടുത്തെ പ്രവൃത്തികള്‍ ജീവന്‍ പ്രദാനംചെയ്യാന്‍ പര്യപ്തമാണ്. അവിടുത്തെ ജീവന്‍ ദൈവിക ജീവനാണ്. ആ ജീവനില്‍ പുത്രനും പങ്കുചേരുന്നു. മനുഷ്യര്‍ക്കായി മുറിക്കപ്പെട്ട ക്രിസ്തുവിന്‍റെ ജീവന്‍ പിതാവിന്‍റേയും പുത്രന്‍റേയുമാണ്. ഒരേ ജീവിനിലുള്ള പങ്കുചേരല്‍വഴി കൈവന്ന ഐക്യത്തില്‍നിന്നും ക്രിസ്തു ഒരിക്കലും പിന്മാറിയിട്ടില്ല, വിശ്രമിച്ചിട്ടില്ല, വിരമിച്ചിട്ടില്ല. ജീവിതം ക്രിസ്തുവിലുള്ള പങ്കുചേരലും ക്രിസ്താനുകരണവുമായി മാറ്റുന്നവര്‍ക്ക് – ക്രിസ്തു ദൃശ്യമാക്കിയ ഈ ദൈവികൈക്യത്തില്‍ പങ്കുചേരുവാന‍ സാധിക്കും.

“പിതാവു പഠിപ്പിച്ചതല്ലാതെ ഞാന്‍ സ്വമേധയാ ഒന്നും ചെയ്യുന്നില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അയച്ചവന്‍ എന്‍റെ കൂടെയുണ്ട്. ഞാന്‍ എപ്പോഴും അയച്ചവനു പ്രിയങ്കരമായവ മാത്രം ചെയ്യുന്നു. എന്നെ അയച്ചവന്‍റെ പ്രവൃത്തികളില്‍ ഞാന്‍ വ്യാപൃതനായിരിക്കും.” പിതൃപുത്രൈക്യം ചലനാത്മകമാണെന്നു സജീവമാണെന്നും പ്രസ്തുത വാക്യങ്ങള്‍ തെളിയിക്കുന്നു. പിതാവില്‍നിന്നുത്ഭവിച്ച് പുത്രനിലൂടെ വ്യക്തമാകുന്ന പ്രവൃത്തികളില്‍ ഈ ഐക്യം നിലകൊള്ളുന്നു. പിതാവിന്‍റെ തിരുവിഷ്ടത്തോടുള്ള വിധേയത്വമായി ഇവയെ നമുക്കു കണക്കാക്കാം. വെറും ബാഹ്യമായൊരു വിധേയത്വമോ അനുകരണമോ അല്ലിത്. ഒരേ ചൈതന്യത്താല്‍, അരൂപിയാല്‍ പ്രചോദിതമായ പ്രവര്‍ത്തനത്താലുള്ള പങ്കാളിത്തവും കൂട്ടായ്മയുമാണിത്.
ഈ പങ്കുചേരല്‍ പരസ്പര സ്നേഹബന്ധംവഴിയാണ് പ്രകടമാകുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു, താന്‍ ചെയ്യുന്നതെല്ലാം പുത്രനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ പിതാവിന്‍റെയും പുത്രന്‍റെയും കൂട്ടായ്മ പരസ്പരസ്നേഹത്താല്‍ പൂരിതമാണ്. ഈ സ്നേഹം ജീവനിലും പ്രവൃത്തിയിലും പൂര്‍ണ്ണമായ ഐക്യം സ്ഥാപിക്കുന്നു. പിതാവിന്‍റെ ഹിതം അംഗീകരിച്ചും മരണത്തോളം പിതാവിന് വിധേയനായും പുത്രന്‍ ഈ ഐക്യം വെളിപ്പെടുത്തുന്നു. തത്ഫലമായി പിതാവിന്‍റെ ജീവനും മഹത്വവും പുത്രനിലൂടെ ലോകത്തിനു വെളിപ്പെടുത്തപ്പെടുകയും പകര്‍ന്നുകൊടുക്കപ്പെടുകയും ചെയ്തു. തന്മൂലമാണ് എന്നെ കാണുന്നവന്‍ പിതാവിനെയും കാണുന്നു എന്നു പറയുവാന്‍ യേശുവിനു കഴിഞ്ഞത്.

മനുഷ്യന്‍ ഈ പിതൃപുത്ര സഹവാസത്തില്‍ പങ്കുചേരുകയും അതില്‍ വളരുകയും ചെയ്യേണ്ടതാണ്. “എന്ന‍െ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം അനുസരിക്കും അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുയും ഞങ്ങള്‍ വന്ന് അവനോടുകൂടെ വാസമുറപ്പിക്കുകയും ചെയ്യും.” നമുക്കു ദൈവവുമായുള്ള ബന്ധത്തിന്‍റെ സ്രോതസ്സും മാതൃകയും അടിസ്ഥാനവും ക്രിസ്തുവിനു പിതാവിനോടുള്ള ബന്ധമാണെന്ന ആശയം യോഹന്നാന്‍റെ സുവിശേഷത്തിലെ മൗലികഘടകമാണ്. അതിനാല്‍ ക്രിസ്തു ശിഷ്യന്മാരുടെ ദൗത്യനിര്‍വ്വഹണത്തിലും ഈ മാതൃകതന്നെയാണ് സുവിശേഷകന്‍ നല്കുന്നത്. പിതാവ് എന്നെ അയച്ചിരിക്കുന്നതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.

പിതാവും പുത്രനും പരസ്പരം അറിയുന്നതുപോലെ ലോകവും ക്രിസ്തുവിനെ അറിയണം. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ എന്‍റെ സ്വന്തമായവയെ ഞാനും അവ എന്നെയും അറിയുന്നു. 10, 14. പുത്രന്‍റെ ജീവന്‍ പിതാവിനോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ തന്നെയാണ് മനുഷ്യജീവിതങ്ങള്‍ പുത്രനോടു ബന്ധപ്പെട്ടിരിക്കേണ്ടത്. “സജീവനായ പിതാവാണ് എന്നെ അയച്ചത്. പിതാവുമൂലം ഞാന്‍ ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.” 6, 57. ക്രിസ്തു തന്നില്‍ത്തന്നെ എന്തായിരിക്കുന്നുവോ അതായിത്തീരുന്നതിനു ക്രിസ്തുവിലുള്ള വിശ്വാസം മനുഷ്യര്‍ക്കു ശക്തിപകരുന്നു എന്നതു യോഹന്നാന്‍റെ മറ്റൊരു അടിസ്ഥാന പ്രമേയമാണ്. ക്രിസ്തു വെളിച്ചമാണെങ്കില്‍ അവനിലുള്ള വിശ്വാസം മനുഷ്യരെ വെളിച്ചത്തിന്‍റെ മക്കളാക്കി തീര്‍ക്കുന്നു. “നിങ്ങള്‍ പ്രകാശത്തിന്‍റെ മക്കളാകേണ്ടതിനും പ്രകാശം നിങ്ങളോടുകൂടിയുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍.” 12, 36. ക്രിസ്തുവാണ് ഉയിര്‍പ്പും ജീവനും. അവിടുന്നിലുള്ള വിശ്വാസം ജീവനും നിത്യമരണത്തില്‍നിന്നുള്ള മോചനവും പ്രദാനംചെയ്യുന്നു. 11, 25. യേശു ജീവന്‍റെ അപ്പമാണെങ്കില്‍ അവനിലുള്ള വിശ്വാസം മനുഷ്യരുടെ വിശപ്പും ദാഹവും ശമിപ്പിക്കും.

യോഹന്നാന്‍റെ ഈ മൗലികദര്‍ശനത്തിന് ഉദാഹരണങ്ങള്‍ വളരെയുണ്ട്. അതുവഴി പിതാവും പുത്രനും തമ്മിലുള്ള പരസ്പരബന്ധം മനുഷ്യരില്‍ വളര്‍ത്തുകയാണ് സുവിശേഷകന്‍റെ ലക്ഷൃം. “പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലുമായിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിന്” 17, 21. ഇവിടെ പിതൃപുത്ര ബന്ധവും ദൈവ-മനുഷ്യ ബന്ധവും തമ്മില്‍ തുലനം ചെയ്യുകമാത്രമല്ല ഒന്നു മറ്റേതിന്‍റെ ഹേതുവാണെന്നു സൂചിപ്പിക്കുകകൂടി ചെയ്യുന്നു. അതിനാല്‍ പിതൃപുത്ര ബന്ധം വിശ്വാസികളിലുള്ള ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രതീകം മാത്രമല്ല അതിന്‍റെ ഉറവിടം കൂടിയാണ്.

മനുഷ്യരെല്ലാം പിതാവായ ദൈവത്തെ അറിയാനാണ് പുത്രന്‍ ഈ ലോകത്തില്‍ അവതരിച്ചത്. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ പിതാവിനെയും അറിയുമായിരുന്നു, എന്ന് ക്രിസതു പറയുന്നു. അറിവാണ് നമ്മെ എന്തിലേയ്ക്കും നയിക്കുന്നത്. വിശുദ്ധ ജറോം പറയുന്നുണ്ട്, തിരുവെഴുത്തുകള്‍ അറിയുന്നവന്‍ ക്രിസ്തുവിനെ അറിയുന്നു. വചനത്തെക്കുറിച്ചുള്ള അജ്ഞത, ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന്.
കാലത്തിന്‍റെ തികവില്‍ ദൈവം ക്രിസ്തുവില്‍ മനുഷ്യനായി അവതരിച്ചു. അവിടത്തെ ദിവ്യപ്രഭ വചനത്തിലൂടെയും ക്രൈസ്തവ ജീവിതത്തിലൂടെയും ലോകം ഇന്ന് കാണുന്നു, അറിയുന്നു. അവിടുത്തെക്കുറിച്ചുള്ള അറിവും ഉള്‍ക്കാഴ്ചയുമാണ് മനുഷ്യരെ വിശ്വാസത്തില്‍ അനുദിനം നയിക്കേണ്ടത്. വിശ്വാസം ഒരു വികാരമല്ല. ജീവിതശൈലിയാണ്. ബോധ്യപ്പെട്ട കാര്യത്തിനനുരൂപമായ ജീവിതശൈലി. യേശു പിതാവായ ദൈവത്തിന്‍റെ ഏകജാതനാണെന്ന ഉറച്ച ബോധ്യത്തിലേയ്ക്ക് നാം വന്നിട്ടുണ്ടെങ്കില്‍ യേശുവിന്‍റെ വചനമനുസരിച്ചുള്ള ജീവിതശൈലിക്ക് നാം ഉടമകളായി മാറും നാം. പുത്രനിലൂടെ നാം പിതാവിനെ അറിയുന്നു, പിതാവിനെ കാണുന്നു. പുത്രനിലൂടെ നാം പിതാവിലുള്ള വിശ്വാസത്തില്‍ മനുഷ്യഹൃദയങ്ങളെ ബലപ്പെടുത്തുന്നു. പുത്രനിലൂടെ നാം പിതാവിന്‍റെ പ്രവൃത്തികളില്‍ വ്യാപൃതരാകാന്‍ ജനങ്ങളെ പ്രാപ്തരാകുന്നു. ഇതു കൊണ്ടും തീര്‍ന്നില്ല, പുത്രന്‍ നമുക്കുവേണ്ടി പിതാവിന്‍റെ ഭവനത്തില്‍ വാസസ്ഥലമൊരുക്കുന്നു. നമ്മെ അവിടേയ്ക്ക് ഒരുനാള്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും.

നാം ദൈവികൈക്യത്തില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന സത്യമാണ് ഈ പുനരുത്ഥാന കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും അവിടുത്തെ ഉയിര്‍പ്പില്‍ പങ്കുകാരാകും. ക്രിസ്തു പിതൃസന്നിധിയില്‍ എത്തിച്ചേര്‍ന്നതുപോലെ നാമും പിതൃസന്നിധിയില്‍ എത്തിച്ചേരും. മനുഷ്യരോടൊപ്പം ജീവിച്ച് ദൈവീക ജീവന്‍റെ സ്പര്‍ശത്താല്‍ പാപികള്‍ക്കും രോഗികള്‍ക്കും മനോവ്യഥയനുഭിവിച്ചവര്‍ക്കും പിതൃസ്നേഹം പങ്കുവച്ച ക്രിസ്തു നാഥന്‍ നമ്മെ ഏവരെയും സ്പര്‍ശിക്കട്ടെ, അവിടുത്തെ സാന്ത്വന സ്പര്‍ശമരുളട്ടെ. End
 







All the contents on this site are copyrighted ©.