2011-05-05 19:48:10

അക്വിലെയാ വെനീസ്
പട്ടണങ്ങളിലേയ്ക്ക് മാര്‍പാപ്പ


5 മെയ് 2011, വത്തിക്കാന്‍
വടക്കു-കിഴക്കെ ഇറ്റലിയിലേയ്ക്ക് മാര്‍പാപ്പ മെയ് 7, 8 ശനി ഞായര്‍ തിയതികളില്‍
അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നു. അക്വിലെയാ–വെനീസ് പട്ടണങ്ങളിലേയ്ക്കാണ് മാര്‍പാപ്പയുടെ ഇടയസന്ദര്‍ശനം. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇറ്റലിയിലെ 22-ാമത്തെ സന്ദര്‍ശനമാണിത്. മെയ് 7-ാം തിയതി ശനിയാഴ്ച വൈകുന്നേരം 3.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന മാര്‍പാപ്പ, 4.30-ന് അക്വിലെയായിലെ പട്ടണ ചത്വരത്തിലെ പൗരസ്വീകരണത്തില്‍ പങ്കെടുക്കും.
അവിടെ പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള ബസിലിക്കാ സന്ദര്‍ശിച്ച് വിശ്വാസികളെ അഭിസംബോധനചെയ്യും. അക്വെലായില്‍നിന്നും മാര്‍പാപ്പ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വെനീസിലേയ്ക്ക് യാത്രചെയ്യും. അവിടെ വിശുദ്ധ മാര്‍ക്കോസിന്‍റെ നാമത്തിലുള്ള വിഖ്യാതമായ ബസിലിക്കാ സന്ദര്‍ശിച്ച് മാര്‍പാപ്പ സുവിശേഷകന്‍റെ തിരുശേഷിപ്പു വണങ്ങുന്നതോടെ പ്രഥമ ദിനത്തിലെ പരിപാടികള്‍ സമാപിക്കും.
സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം വെനീസ് പട്ടണത്തോടു ചേര്‍ന്നുള്ള മെസ്ത്രേയിലെ ജൂലിയാനോ മൈതാനത്തൊരുക്കുന്ന പ്രത്യേക വേദിയില്‍ രാവിലെ 10-മണിക്ക് മാര്‍പാപ്പ സമൂഹബലിയര്‍പ്പിക്കുകയും തൃകാലപ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യും.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് വെനീസിലെ സഭാതലവന്മാരുമായി സംവാദിക്കുന്ന മാര്‍പാപ്പ, പട്ടണത്തിലെ പൗരപ്രമുഖരുമായും കൂടിക്കാഴ്ചനടത്തും. സന്ദര്‍ശനത്തിന് സമാപനമായി പരിശുദ്ധത്രിത്വത്തിന്‍റെ പുനഃരുദ്ധരിച്ച കപ്പേള ആര്‍വ്വാദിക്കുന്ന മാര്‍പാപ്പ, വെനീസിലെ മാര്‍സിയന്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. മാര്‍ക്കോപ്പോളോ വിമാനത്താവളത്തില്‍നിന്നും യാത്ര തിരിക്കുന്ന മാര്‍പാപ്പ രാത്രി 8.30-ന് റോമില്‍ എത്തിച്ചേരും.







All the contents on this site are copyrighted ©.