2011-05-04 20:34:06

മാര്‍പാപ്പ മെത്രാന്മാരോടുചേര്‍ന്ന്
ജപമാലയര്‍പ്പിക്കും


4 മെയ് 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മെത്രാന്മാര്‍ക്കൊപ്പം ജപമാലയര്‍പ്പിക്കും.
മെയ് 26-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം ഇറ്റലിയിലെ പ്രാദേശിക സമയം 5.30-ന് റോമിലുള്ള മേരി മേജര്‍ ബസിലിക്കായില്‍വച്ചാണ് മാര്‍പാപ്പ, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയോടൊപ്പം ജപമാലയര്‍പ്പിക്കുന്നതെന്ന്, അപ്പസ്തോലിക അരമനയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഇറ്റലിയുടെ രാഷ്ട്രീയ പുനരേകീകരണത്തിന്‍റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രത്തോടുള്ള ഐക്യദാര്‍ഢ്യവും പ്രതിബദ്ധതയും പ്രകടമാക്കുന്ന ഒരാത്മീയ സംഗമമാണിതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സ്ഥീരികരിച്ചു. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ഇറ്റലിയിലെ ജനോവാ രൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബഞ്ഞാസ്കോയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയുള്ള മേരി മേജര്‍ ബസിലിക്കായിലെ ജപാമാലസമര്‍പ്പണത്തില്‍ പങ്കെടുക്കുന്നത്. അന്നേ ദിവസം ഇറ്റലിയിലെ കത്തോലിക്കാ സഭ ഒന്നുചേര്‍ന്ന് രാഷ്ട്രത്തിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ നവോത്ഥാനത്തിനായി പരിശുദ്ധ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യം പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്ന് മെയ് 4-ാം തിയതി, ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.







All the contents on this site are copyrighted ©.