2011-05-03 09:56:25

കര്‍ദ്ദിനാള്‍ ഗര്‍സിയായുടെ വേര്‍പാടില്‍ മാര്‍പാപ്പ അനുശോചിക്കുന്നു.


വത്തിക്കാന്‍: അന്തരിച്ച കര്‍ദിനാള്‍ ഗര്‍സ്സിയാ സഭയ്ക്കു നല്‍കിയ സേവനങ്ങള്‍ക്ക് മാര്‍പാപ്പ കൃതജ്ഞത രേഖപ്പെടുത്തി. കര്‍ദ്ദിനാള്‍ അഗസ്റ്റിന്‍ ഗര്‍സിയാ ഗാസ്സോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സ്പെയിനിലെ വലെന്‍സ്യാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഓസോര്‍ കാര്‍ലോസ് സിയെറയ്ക്കയച്ച സന്ദേശത്തിലാണ് കര്‍ദിനാള്‍ സഭയ്ക്കു നല്‍കിയ സംഭാവനകള്‍ മാര്‍പാപ്പ നന്ദിയോടെ അനുസ്മരിച്ചത്. വലെന്‍സ്യാ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനാണ് അന്തരിച്ച കര്‍ദ്ദിനാള്‍ ഗര്‍സ്സിയാ. മദ്രിദ് അതിരൂപതയുടെ സഹായ മെത്രാനും സ്പെയിനിലെ മെത്രാന്‍മാരുടെ സമിതിയുടെ കാര്യദര്‍ശിയും ആയിരിക്കുമ്പോഴും പിന്നീട് വലെന്‍സിയായിലെ മെത്രാപ്പോലീത്തായായിരിക്കുമ്പോഴും വിവേകത്തോടെയും ഉദാരതയോടെയും സുവിശേഷവല്‍ക്കരണം നടത്തുന്നതിനുവേണ്ടി അജപാല പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട് അനേകരിലേക്ക് ക്രിസ്തു സന്ദേശമെത്തിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. വിദ്യാഭ്യാസരംഗത്തും കുടുംബപ്രേഷിത ശുശ്രൂഷയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ സന്ദേശത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ കര്‍ദ്ദിനാളിന്‍റെ നേതൃത്വത്തില്‍ സ്പെയിനില്‍ നടന്ന ആഗോള കുടുംബ സമ്മേളനം പ്രത്യേകം അനുസ്മരിച്ചു.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ സ്പാനിഷ് കര്‍ദ്ദിനാള്‍ അഗസ്റ്റിന്‍ ഗര്‍സിയാ ഗാസ്സോ ചടങ്ങു നടന്ന മെയ് ഒന്നാം തിയതി ഞായറാഴ്ചയാണ് റോമില്‍ അന്തരിച്ചത്. 1931ല്‍ സ്പെയിനിലെ തൊളേദോയില്‍ ജനിച്ച അദ്ദേഹം 1956ലാണ് വൈദികപട്ടം സ്വീകരിച്ചത്. സഭയില്‍ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വ്വഹിച്ചിട്ടുള്ള കര്‍ദിനാള്‍ ഗര്‍സിയാ 2009 മുതല്‍ അജപാല ശുശ്രൂഷകളില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഇതോടെ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം നൂറ്റിതൊണ്ണൂറ്റിയെട്ടായി കുറഞ്ഞു. ഇതില്‍ 115പേര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്.







All the contents on this site are copyrighted ©.