2011-04-30 17:44:58

സുവിശേഷപരിചിന്തനം 1, മെയ് 2011
മലങ്കര റീത്ത്



യോഹന്നാന്‍ 20, 19-29
ഉത്ഥാന മഹോത്സവത്തിനുശേഷം ഒന്നാം ഞായര്‍
യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം

ഈസ്റ്റര്‍ ആരാധനക്രമങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ വിരിയിക്കുന്ന രണ്ട് പ്രത്യേക അടയാളങ്ങളാണ്, ജലവും പ്രകാശവും. പെസഹാ രാവിലുയരുന്ന പ്രകാശവലയം മനുഷ്യമനസ്സുകളില്‍ ആനന്ദത്തിന്‍റെ പ്രഭ പരത്തുന്നു.
പുത്തന്‍ തീയില്‍നിന്നും ഉയരുന്ന പ്രകാശം, കാലത്തിന്‍റെ അതിനാഥനായ ക്രിസ്തുവിന്‍റെ പ്രതീകമായ പെസഹാത്തിരിയായി നമ്മുടെ മുന്നില്‍ ഈ ആരാധനക്രമകാലത്തില്‍ തെളിഞ്ഞു നില്കുന്നു. ക്രിസ്തു പാപത്തിന്‍റെയും തിന്മയുടെയും ഇരുട്ടിനെ കീഴടക്കി ലോകത്തിനു നേടിത്തന്ന സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രകാശ വലയമാണിത്.

രണ്ടമത്തെ അടയാളമായ ജലം ഇസ്രായേല്‍ ഒരുനാള്‍ താണ്ടിയ ചെങ്കടലും, മനുഷ്യന്‍റെ പാപത്തിലുള്ള പതനവും മരണവും സൂചിപ്പിക്കുന്നു. ഇതു പഴയനിയമത്തിന്‍റെ കാഴ്ചപ്പാടാണെങ്കില്‍, പുതിയ നിയമത്തില്‍ ജലം നമ്മെ ക്രിസ്തു രഹസ്യങ്ങളിലേയ്ക്കു നയിക്കുന്നു. സാധാരണ ജലം ക്രിസ്തു പാപത്തിന്‍റെ വരള്‍ച്ച മാറ്റുന്ന ജീവജലമാക്കി മാറ്റി. അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും നമ്മെ പങ്കുകാരാക്കുന്ന ജ്ഞാനസ്നാന ജലത്തെ അതു സൂചിപ്പിക്കുന്നു.

ഈസ്റ്റര്‍ മഹോത്സവത്തിന്‍റെ കാതലായ മറ്റൊരടയാളം വചനം, തിരുവെഴുത്തുകളാണ്. ഈ ദിവസങ്ങളിലെ, ഈസ്റ്റര്‍ കാലത്തെയും വചനഭാഗങ്ങളെല്ലാം തന്നെ, നമ്മെ രക്ഷാകര ചരിത്രത്തിന്‍റെ സഞ്ചാരപഥത്തിലേയ്ക്കു നയിക്കുന്നു.
ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മവും, ദൈവം തന്‍റെ ഛായയില്‍ മനുഷ്യന് രൂപംനല്കുന്നതും, എന്നാല്‍ മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ച്, പാപത്തില്‍ നിപതിച്ചതും, ഇസ്രായേലിന്‍റെ രൂപീകരണവും മോചനവും പ്രവാചക ശബ്ദവും എല്ലാം അവസാനം ക്രിസ്തുവില്‍ എത്തിച്ചേരുന്നതും നാം പെസഹാനാളില്‍ ധ്യാനിക്കുന്നു. പ്രവാചകന്മാര്‍ ഭാവി സംഭവങ്ങളെക്കുറിച്ച് ക്ലിപ്തമായൊന്നും പറയുന്നില്ലെങ്കിലും, പ്രവചനങ്ങളെല്ലാംതന്നെ ചരിത്രത്തിന്‍റെ ആന്തരീകഭാവവും ഭാവിദിശയും സ്പ്ഷ്ടമാക്കുന്നു.
അവ നമ്മെ കൈപിടിച്ച് ക്രിസ്തുവിലേയ്ക്ക് ഉയര്‍ത്തുകയും എത്തിക്കുകയും ചെയ്യുന്നു. തിരുവെഴുത്തുകള്‍ യഥാര്‍ത്ഥ വെളിച്ചമായി അവസാനം സത്യപ്രകാശമായ, നിത്യപ്രകാശമായ ക്രിസ്തുവില്‍ എത്തിച്ചേരുന്നു.
...............................

തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ ക്രിസ്തുവിലുള്ള എത്തിച്ചേരല്‍ പുനരുത്ഥാനമാണ്. ഈ ലോകത്തുള്ള ഓരോ മനുഷ്യനും ക്രിസ്തുവിന്‍റെ പുനരുത്ഥാനം പ്രത്യാശ പകരുന്നുണ്ട്. ക്രിസ്തു ഉയിര്‍ത്തില്ലായെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം,1 കൊറി. 15, 14. എന്നുള്ള പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ അര്‍ത്ഥ ഗര്‍ഭമാണ്. യേശുവിന്‍റെ ഉത്ഥാനം അവിടുത്തെ നന്മകളുടെയും സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും മേലുള്ള മകുടം ചാര്‍ത്തലായിരുന്നു. കുരിശിനെ പുല്കിക്കൊണ്ടും, ജീവിതത്തില്‍ഏതു സഹനവും ദുഃഖവും സ്വീകരിച്ചുകൊണ്ടുള്ള, ജീവിതത്തിനു മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഉത്ഥാനത്തിലുള്ള ഉറച്ച വിശ്വാസമാണ്. ക്രിസ്തു ഉയിര്‍ത്തെങ്കില്‍ നാമും ഉയിര്‍ക്കും. പൗലോസ്ശ്ലീഹാ കൊറീന്ത്യായിലെ സഭയ്ക്ക് എഴുതിയതിങ്ങനെയാണ്... ഒരു മനുഷ്യന്‍വഴി മരണമുണ്ടായതുപോലെ, ഒരു മനുഷ്യന്‍വഴി ഉത്ഥാനവും ഉണ്ടായി. ആദ്യത്തേതില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിക്കും.
1കൊറി. 15, 21-22

ക്രിസ്തു ബഥനിയില്‍ ചെന്നപ്പോള്‍, ലാസറിന്‍റെ സഹോദരി മാര്‍ത്തയോട് ക്രിസ്തു പറഞ്ഞത് ഇതുതന്നെയാണ്. ഞാനാകുന്നു പുനരുത്ഥാനവും ജീവനും എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. യോഹ. 11, 25. യേശു തന്‍റെ ഉത്ഥാനംവഴി മരണത്തെ ജയിച്ചു. അതുകൊണ്ട് ഇനിമേല്‍ മരണം ജീവിതത്തിന്‍റെ ദുഃഖകരമായ അന്ത്യമല്ല, ആഹ്ലാദകരമായ ഒരു പുനര്‍ജ്ജന്മമാണ്. മരണത്തിന്‍റെ കവാടത്തിലൂടെ പുതിയ ജീവനിലേയ്ക്കു കടക്കുകയാണ് നാം. പൗലോസ്ലീഹാ തന്‍റെ ആത്മിയ ദര്‍ശനത്തില്‍, മരണത്തിന്‍റെ പരാജയത്തെ കണ്ട് വിജയാഹ്ലാദത്തോടെ ചോദിക്കുന്നു. മരണമേ, നിന്‍റെ വിജയമെവിടെ, മരണമേ, നിന്‍റെ വിഷദ്വംശനമെവിടെ? 1, കൊറി. 15, 55.
യേശുവിന്‍റെ മരണശേഷം കല്ലറയിങ്കല്‍ ചെന്നവര്‍ ശൂന്യമായ കല്ലറയാണ് കണ്ടത്. മാലാഖമാര്‍ അവരോടു ചോദിച്ചു. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്. അവിടുന്ന് ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. ശൂന്യമായ കല്ലറയില്‍ യേശുവിനെ അന്വേഷിച്ചു ചെന്നവരാണു ശിഷ്യന്മാര്‍. ജീവിക്കുന്ന യേശുവിനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിച്ചാല്‍ ഒരിക്കലും കണ്ടെത്തുകയില്ല. സജീവനായ ദൈവത്തെ കല്ലറകളിലും കൂടാരങ്ങളിലുമല്ല നാം അന്വേഷിക്കേണ്ടത്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ജീവിക്കുന്നതു മനുഷ്യഹൃദയങ്ങളിലാണ്. മനുഷ്യനെ മനുഷ്യനായിക്കാണാതെ, സ്നേഹിക്കാതെ ദൈവത്തെ കണ്ടെത്താനാവുകയില്ല. സ്വന്തം സഹോദരെ സ്നേഹിക്കാതെ, സഹായിക്കാതെ ഉത്ഥിതനായ യേശുവിനെ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? മനുഷ്യരെ, സ്വന്തം സഹോദരനെ മാറ്റി നിറുത്തിക്കൊണ്ട് ദൈവത്തിനായി പരക്കംപായുന്നവര്‍ക്ക് ദൈവം ഒരു മരീചികയായിരിക്കും. നഗ്നതമറയ്ക്കാന്‍ വസ്ത്രമില്ലാതെയും, വിശപ്പടക്കാന്‍ ഒരു നേരത്തെ ആഹാരമില്ലാതെയും വിഷമിക്കുന്നവരെ കണ്ടില്ലെന്നു നടിച്ച് ദൈവാലയത്തില്‍ തിങ്ങിക്കൂടുന്ന ഭക്തജനങ്ങള്‍ക്കു ദൈവത്തെ കണ്ടെത്താനാകുമോ? ദൈവസ്നേഹമോ പരസ്നേഹമോ ഇല്ലാതെ മതത്തിന്‍റെ പേരില്‍ ദൈവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പ്രഹസനം നടത്തുമ്പോള്‍ ശൂന്യമായ കല്ലറയില്‍ സജീവനായ ദൈവത്തെ അന്വേഷിക്കുന്നതുപോലെയാണ്. ദുഃഖാര്‍ത്തനായ സഹോദരന്‍റെ നിലവിളിക്കെതിരെ ചെവി കൊട്ടിയടച്ചുകൊണ്ട് ദേവാലയത്തിലേയ്ക്ക് പായുന്നവരെ സ്വീകരിക്കാന്‍ ക്രിസ്തു ഉണ്ടായിരിക്കണമെന്നില്ല. അവിടെല്ലാം ശൂന്യമായ കല്ലറയായിരിക്കും നാം കണ്ടെത്തുക..

അനുദിന ജീവിതത്തില്‍ നിലവിളിക്കുന്ന എന്‍റെ സഹോദരന്‍റെ കണ്ണീരൊപ്പാനും, അവനെ ആശ്വസിപ്പിക്കാനും ആവശ്യമായ സഹായം ചെയ്തുകൊടുക്കുവാനും നമുക്കു സാധിക്കട്ടെ. ഉത്ഥിതനായ ക്രിസ്തു ഇരുകയ്യും നീട്ടി നമ്മെ ക്ഷണിക്കുന്നു. യേശുവിന്‍റെ ഉത്ഥാനത്തില്‍ പങ്കുചേരാനാഗ്രഹിക്കുന്ന നമുക്ക് മനുഷ്യഹൃദയങ്ങളില്‍ ക്രിസ്തുവിനെ കണ്ടെത്താനാവട്ടെ.


ആഗോള സഭ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന മഹാസംഭവം നടക്കുന്ന ദിവസമാണ് മെയ് ഒന്നാം തിയതി. കരിങ്കല്‍മടയില്‍ ജോലി ചെയ്ത്, കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കനത്തഭാരമേറി വളര്‍ന്ന വേയ്ത്തീവ, കാലത്തിന്‍റെ തികവില്‍ ക്രിസ്തുവിന്‍റെ സഭയുടെ നായകനായി. പത്രോസിന്‍റെ പരമാധികാരം പേറുന്ന 264-ാമത്തെ മാര്‍പാപ്പ. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹഗീതികളുമായി ലോകത്തിന്‍റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച സ്നേഹദൂതനാണ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്, കുരിശില്‍ നെറ്റി മുട്ടിച്ചുള്ള പരസ്യകുമ്പസാരം. മേയാക്കൂള്‍പ്പ, മേയാക്കൂള്‍പ്പ. മേയാ മാക്സിമാ കൂള്‍പ്പാ. നൂറ്റാണ്ടുകളായി വന്നുപോയ സഭയിലെ പാളിച്ചകള്‍ക്കൊക്കെ ഇതാ മാര്‍പാപ്പ അതിന്‍റെ ധാര്‍മ്മികത ഏറ്റെടുക്കുകയും സ്വയം താഴ്ത്തുകയും ചെയ്തപ്പോള്‍, പാപ്പായിലെ ക്രിസ്തു-സാന്നിദ്ധ്യത്തിന്‍റെ പ്രഭ കുറെക്കൂടി ലോകത്തിനു വെളിപ്പെട്ടു കിട്ടി. തെറ്റിപ്പോയെന്ന് പറയാനുള്ള, എളിമയും നന്മയും ആര്‍ക്കുമില്ലാത്തൊരു കാലത്താണ്, ഹൃദയത്തില്‍നിന്നുള്ള പാപ്പായുടെ ഏറ്റുപറച്ചില്‍ ക്ഷതങ്ങള്‍ക്കു മീതെ സൗഖ്യലേപനമായി ഇന്നും തെളിഞ്ഞു നില്ക്കുന്നത്.

അപ്പസ്തോലന്മാരുടെ കാലത്തിനുശേഷം സിനഗോഗു സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പയായിരിക്കണം, ജോണ്‍ പോള്‍ രണ്ടാമന്‍. പിന്നീട് യഹൂദര്‍ക്കേറ്റം പുണ്യപ്പെട്ട സങ്കടമതിലും അദ്ദേഹം സന്ദര്‍ശിച്ച് വിലപിച്ചു പ്രാര്‍ത്ഥിച്ചു. മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും മാര്‍പാപ്പയുടെ ഊഴംഉണ്ടായിരുന്നു, ഡമാസ്ക്കസിലെ മദ്രസയിലദ്ദേഹം പ്രസംഗിച്ചു. റോമിലെ തേംപിയോ മജ്ജോരെ സിനഗോഗില്‍ ചെന്ന് മുഖ്യപുരോഹിതനെ ജ്യോഷ്ഠസഹോദരാ എന്നു വിളിച്ച് ആലിംഗനംചെയ്തപ്പോള്‍, നോക്കിനിന്നവര്‍ കരയാതിരിക്കുവാന്‍ പണിപ്പെട്ടു. തീര്‍ത്ഥാടകനായിരുന്ന മാര്‍പാപ്പ ഏതു രാജ്യത്തുചെന്നാലും ആദ്യം പ്രണമിച്ച് അവിടുത്തെ മണ്ണുചുംബിക്കുന്നത് ഹൃദയസ്പര്‍ശിയായ മറ്റൊരു കാഴ്ചയായിരുന്നു. മണ്ണില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നുപോയതിനെ മണ്ണിലേയ്ക്കും മനുഷ്യനിലേയ്ക്കും അടുപ്പിച്ച്, പിന്നെ അവരെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്താനുള്ള 26 വര്‍ഷക്കാലത്തെ നിരന്തരമായ സുവിശേഷ തീര്‍ത്ഥാടനങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമനെ ലോകത്തിന് ഒരാശിര്‍വ്വാദമാക്കുന്നു.

വിത്തിലും വൃക്ഷത്തിലും ജീവന്‍ ജീവന്‍തന്നെയെന്ന് പറഞ്ഞ പാപ്പായെ യാഥാസ്ഥിതികനായിട്ട് ചിലരെങ്കിലും മുദ്രകുത്തിക്കാണും. ജീവിതത്തിന്‍റെ ഗുണമേന്മ മാത്രം നോക്കി, അല്ലെങ്കില്‍ എനിക്കെന്തുകിട്ടും എന്ന ലാഭേഛയോടെ മാത്രമുള്ള കമ്പോള സങ്കല്‍പ്പങ്ങളെ നിഷേധിച്ചതുകൊണ്ടാവാം, ജോണ്‍ പോള്‍ രണ്ടാമനെ ഇങ്ങനെ ചിലര്‍ നോക്കിക്കണ്ടത്.
എന്നിട്ടും യാഥാസ്ഥിതികനായ മാര്‍പാപ്പയെ തേടിയാണ് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ വത്തിക്കാനിലെത്തിയത്. സ്നേഹം നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകളാവശ്യമെന്ന് മാര്‍പാപ്പ മനസ്സിലാക്കിത്തരുന്നു. ശരിയെന്ന് കരുതുന്ന മൂല്യങ്ങളില്‍ ദൃഢമായി നില്‍ക്കുന്നതാണ് ഭൂമിയുടെ ഇഷ്ടവും നന്മയും പാപ്പ നമ്മുടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഇത് ഉത്ഥിതന്‍റെ ചൈതന്യമാണ് ആരോടും പരിഭവമില്ലാതെ, മുറിയടച്ച് ഒളിച്ചിരുന്നവരുടെയും, തന്നെ തള്ളിപ്പറയുകയും സംശയിക്കുകയും നിഷേധിക്കുകയും ചെയ്തവരുടെയും, തന്നെ വിട്ട് ഓടിപ്പോയവരുടെയും പക്കലേയ്ക്ക് സമാധാനാശംസയുമായി ഉത്ഥിതന്‍ കടന്നുചെന്നു.
അവിടുത്തെ സമാധാനത്തില്‍ നമുക്കു പങ്കുചേരാം, എന്നും ചേര്‍ന്നുനില്ക്കാം.
ആരും ആര്‍ക്കും പകരമാകാനാവില്ല. പകരമില്ലാത്ത മനുഷ്യസ്നേഹിയായ മാര്‍പാപ്പ വിശുദ്ധിയുടെ പടവുകള്‍ കയറി. വാഴ്ത്തപ്പെട്ടവനായി.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ, ഞങ്ങള്‍ക്കവേണ്ടി അപേക്ഷിക്കണമേ.







All the contents on this site are copyrighted ©.