2011-04-29 15:35:10

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശവകുടീരം തുറന്നു.


വത്തിക്കാന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ച് മാര്‍പാപ്പയുടെ ഭൗതീകശരീരാവശിഷ്ടങ്ങള്‍ വിശ്വാസികളുടെ വണക്കത്തിനുവേണ്ടി പ്രദര്‍ശിപ്പിക്കുന്നതിനു മുന്നോടിയായി മാര്‍പാപ്പയുടെ വികാരി ജനറാളായ കര്‍ദ്ദിനാള്‍ ആഞെലോ കൊമാസ്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇരുപത്തിയൊന്‍പതാം തിയതി വെള്ളിയാഴ്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശവകുടീരം തുറന്നു.കര്‍ദ്ദിനാളിനെ കൂടാതെ കൂരിയായിലെ മുതിര്‍ന്നഅംഗങ്ങളും പേപ്പല്‍ ഭവനത്തില്‍ ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് സേവനമനുഷ്ഠിച്ചിരുന്ന സന്ന്യാസിനികളും വത്തിക്കാനിലെ സുരക്ഷാ സൈന്യത്തിന്‍റെ മേധാവികളുമടക്കം ഏകദേശം പത്തുപേരോളം ചടങ്ങില്‍ സംബന്ധിച്ചുവെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ നിലവറയിലെ ശവകുടീരത്തില്‍ നിന്നും മാര്‍പാപ്പയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പേടകം എടുത്ത് നിലവറയില്‍തന്നെയുള്ള വിശുദ്ധ പത്രോസിന്‍റെ ശവകുടീരത്തിനു മുന്നിലായി സ്ഥാപിച്ച് സ്വര്‍ണ്ണത്തില്‍ ചിത്രപണികള്‍ ചെയ്ത അരികുകളുള്ള കച്ചകൊണ്ട് ആച്ഛാദം ചെയ്തിരിക്കുകയാണ്. വിശ്വാസികളുടെ വണക്കത്തിനുവേണ്ടി ഞായറാഴ്ച വി.പത്രോസിന്‍റെ ബസിലിക്കായുടെ പ്രധാന അള്‍ത്താരയുടെ മുന്‍പിലേക്ക് മാറ്റി സ്ഥാപിക്കുന്ന പേടകം മെയ് രണ്ടാം തിയതി തിങ്കളാഴ്ച വൈകീട്ട് ബസിലിക്ക അടച്ചതിനുശേഷമായിരിക്കും വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള കപ്പേളയുടെ അള്‍ത്താരയ്ക്കുതാഴെ പ്രതിഷ്ഠിക്കുന്നതെന്ന് വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റെയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഈശോ സഭാ വൈദീകന്‍ ഫാ. ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.







All the contents on this site are copyrighted ©.