2011-04-28 20:06:26

വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം
മൂന്നുദിവസത്തെ ആത്മീയയാത്ര


28 ഏപ്രില്‍ 2011, വത്തിക്കാന്‍
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പട്ട പദപ്രഖ്യാപനം ഒരാത്മീയ യാത്രയാണെന്ന്, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, റോമാ രൂപതയുടെ വികാരി ജനറല്‍ പ്രസ്താവിച്ചു. റോമാ രൂപതയും പട്ടണാധികാരികളും സംയുക്തമായി സംഘടിപ്പിക്കുന്ന പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പട്ട പദപ്രഖ്യാപനം ഏപ്രില്‍ 30-മുതല്‍ മെയ് 2-വരെ മൂന്നുദിവസം നീണ്ടുനില്ക്കുന്ന ഒരു ആത്മീയയാത്രയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വല്ലീനി സംഘാടകര്‍ക്കുവേണ്ടി മാധ്യമങ്ങളെ അറിയിച്ചു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മങ്ങള്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മെയ് 1-ാം തിയതി ഞായറാഴ്ച നടത്തപ്പെടുമ്പോള്‍, ഏപ്രില്‍ 30-ാം തിയതി ശനിയാഴ്ച, 3 ലക്ഷത്തോളം പേര്‍ക്ക് സമ്മേളിക്കാവുന്ന റോമിലെ ഏറ്റവും വലിയ മൈതാനമായ ചിര്‍ക്കോ മാക്സിമോയില്‍ നടത്തപ്പെടുന്ന ജാഗര പ്രാര്‍ത്ഥനയും, വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തെ തുടര്‍ന്ന് മെയ് രണ്ടാം തിയതി രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍റെ നാമത്തിലുള്ള പ്രഥമ സമൂഹബലിയര്‍പ്പണവും ആഘോഷങ്ങളെ ഒരാത്മീയ യാത്രയാക്കി കൂട്ടിയിണക്കുമെന്ന് കര്‍ദ്ദിനാള്‍ വല്ലീനി പ്രസ്താവിച്ചു.

പ്രത്യേക വിമാനങ്ങളിലും തീവിണ്ടികളിലും കപ്പലുകളിലും റോഡുമാര്‍ഗ്ഗവും യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും മറ്റുരാജ്യങ്ങളില്‍നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ ആദ്യം സമ്മേളിക്കുന്നത്, ഒരു കാലത്ത് റോമാ സാമ്രാജ്യക്കാര്‍ തേരോട്ടത്തിനും കുതിര പന്തയത്തിനുപയോഗിച്ചിരുന്ന ചിര്‍ക്കോ മാക്സിമോ മൈതാനത്താണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രൂപകല്പനചെയ്ത പ്രകാശത്തിന്‍റെ രഹസ്യങ്ങളുടെ പ്രാര്‍ത്ഥന, 24 വര്‍ഷക്കാലം പാപ്പായുടെ വക്താവായിരുന്ന ജൊവാക്കിം നവാരേ വാള്‍സ്, സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് ഡീവിസ്സ്, പാപ്പായുടെ മാദ്ധ്യസ്ഥ്യത്താല്‍ അത്ഭുതരോഗശാന്തി ലഭിച്ച സന്യാസിനി, മരിയ പിയെര്‍ എന്നിവരുടെ മാര്‍പാപ്പയെക്കുറിച്ചുള്ള വ്യക്തിഗത സ്മരണകള്‍, മാര്‍പാപ്പയുടെ വിശുദ്ധിയുടെ വ്യക്തിത്വം തെളിയിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമ പരിപാടികള്‍ എന്നിവ ജാഗര പ്രാര്‍ത്ഥനയിലെ മുഖ്യ ഇനങ്ങളാണെന്ന് കര്‍ദ്ദിനാള്‍ വല്ലീനി വിശദീകരിച്ചു. ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരെ സഹായിക്കുവാന്‍ മൈതാനത്തിനു സമീപ പ്രദേശത്തുള്ള 8 വലിയ ദേവാലയങ്ങള്‍ ആരാധനയ്ക്കും വിശ്വാസികളുടെ അനുരഞ്ജന ശ്രുശ്രൂഷയ്ക്കുമായും ലഭ്യമാക്കിയിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ ജാഗരശുശ്രൂഷയുടെ ഔദ്യോഗിക പരിപാടികള്‍ സമാപിക്കുമെങ്കിലും, തുടര്‍ന്നു നടത്തപ്പെടുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെയും ഗാനശുശ്രൂഷയിലൂടെയും വിശ്വാസികളെ പ്രഭാതത്തില്‍ വത്തിക്കാനിലുള്ള വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മങ്ങളിലേയ്ക്കു നയിക്കുമെന്നും വത്തിക്കാന്‍റെ വക്താവ് വെളിപ്പെടുത്തി.
മൈതാനത്തു പ്രതീക്ഷിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന ജനാവലിക്കാവശ്യമായ ജലവും ഭക്ഷണവും ശുചീകരണ സൗകര്യങ്ങളും സംഘാടകര്‍ ക്രമീകരിച്ചു കഴിഞ്ഞു. വത്തിക്കാനില്‍ പ്രതീക്ഷിക്കുന്ന 4 ലക്ഷംവരുന്ന ജനവാലിക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട
പദ പ്രഖ്യാപനത്തിലും ദിവ്യബലിയിലും പങ്കെടുക്കുവാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുള്ള സ്ഥിരസംവിധാനങ്ങല്‍ക്കു പുറമേ, ജനപങ്കാളിത്തം സുഗമമാക്കാന്‍ 14 ജയന്‍റ് സ്ക്രീനുകള്‍കൂടി വത്തിക്കാനിലേയ്ക്കുള്ള രാജവീഥിയിലും സമീപത്തുള്ള വലിയ ചത്വരങ്ങളിലുമായി ക്രമീകരിച്ചിട്ടുണ്ട്. വാഴ്ത്തപ്പെട്ട പദ്പഖ്യാപന കര്‍മ്മ ദിവ്യബലിയ്ക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍മാത്രം 500 വൈദികര്‍ ദിവ്യകാരുണ്യം നല്കും, 300 വൈദികര്‍ വത്തിക്കാനിലേയ്ക്കുള്ള രാജീവീഥിയില്‍, വിയാ കൊണ്‍ച്ചീലാസിയോനെയില്‍, പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്കായും ദിവ്യകാരുണ്യം നല്കും. തിരുക്കര്‍മ്മങ്ങളില്‍ ജനങ്ങല്‍ സജീവമായി പങ്കെടുക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥനാപുസ്തകങ്ങള്‍, കൂടാതെ വൈദ്യ-സുരക്ഷാ-ഭക്ഷണ-ശുചീകരണ സൗകര്യങ്ങള്‍ എന്നിവയും തയ്യാറായിക്കഴിഞ്ഞുവെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
 







All the contents on this site are copyrighted ©.