2011-04-28 20:13:22

മാധ്യമങ്ങളുടെ മാര്‍പാപ്പ
വാഴ്ത്തപ്പെട്ട
ജോണ്‍ പോള്‍ രണ്ടാമന്‍


28 ഏപ്രില്‍ 2011, റോം
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മറ്റാരെയുംകാള്‍ ആധുനിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയ മഹാഇടയനാണെന്ന് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി,
വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി റോമില്‍‍ പ്രസ്താവിച്ചു. ഏപ്രില്‍ 27-ാം തിയതി ബുധനാഴ്ച ആരംഭിച്ച യൂറോപ്പിയന്‍ ബ്രോഡ്കാസ്റ്റേഴ്സ് യൂണിയന്‍റെ 17-ാമത് സമ്മേളനത്തെ വത്തിക്കാന്‍ റേഡിയോയിലേയ്ക്ക് സ്വാഗതംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി.
മാര്‍പാപ്പയുടെ വിഖ്യാതമായ 127 അന്തര്‍ദേശിയ യാത്രകളിലും ഇറ്റലിയിലെ 150 അപ്പസ്തോലിക യാത്രകളിലും, അതിലേറെ റോമില്‍നടത്തിയ ചെറുതും വലുതുമായ ഇടയസന്ദര്‍ശനങ്ങളിലും വത്തിക്കാന്‍ മാധ്യമങ്ങള്‍, റേഡിയോയും ടെലിവിഷനും, അദ്ദേഹത്തെ എപ്പോഴും അനുധാവനംചെയ്തിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പ‍ാര്‍ഡി സൂചിപ്പിച്ചു. റേഡിയോയുടെ ഉപഞ്ജാതാവായ മാര്‍ക്കോണി 1931-ല്‍ തുടങ്ങിവച്ച വത്തിക്കാന്‍ റേഡിയോയുടെ 80 വര്‍ഷക്കാലത്തെ പ്രക്ഷേപണ ചരിത്രത്തിലെ വിവിധ മാര്‍പാപ്പമാരുടെ ശബ്ദശേഖരത്തിലെ നാലില്‍ മൂന്നുഭാഗവും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശബ്ദലയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യകുലത്തിന്‍റെ ദുഃഖത്തിന്‍റെയും ദുരിതത്തിന്‍റെയും ചരിത്രഘട്ടങ്ങളിലെ നാടകീയമായ രംഗങ്ങളില്‍ വത്തിക്കാന്‍ മാധ്യമങ്ങള്‍ സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി അതാതു സ്ഥലങ്ങളിലും കാലങ്ങളിലും എത്തുവാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോടു ചേര്‍ന്നു നടക്കുന്ന യൂറോപ്പിയന്‍ ബ്രോഡ്കാസ്റ്റേഴ്സ് യൂണിയന്‍റെ രണ്ടു വര്‍ഷംകൂടുമ്പോഴുള്ള സമ്മേളനത്തിന് വത്തിക്കാന്‍ റേഡിയോയാണ് ഇത്തവണ ആതിഥേയത്വം നല്കുന്നത്.
ഏപ്രില്‍ 27-ന് ആരംഭിച്ച സമ്മേളനം 29-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.