2011-04-22 20:22:16

കുര്‍ബ്ബാന കൂട്ടായ്മയുടെ കൂദാശ
സ്നേഹമില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ്
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


21 ഏപ്രില്‍ 2011, വത്തിക്കാന്‍
സമയമായപ്പോള്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരോടിങ്ങനെ പറഞ്ഞു. “പീഡകളനുഭവിക്കുന്നതിനു മുന്‍പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു,” ലൂക്കാ 22, 15. തന്‍റെ ശിഷ്യരോടൊപ്പം ക്രിസ്തു ആഘോഷിച്ച അന്ത്യത്താഴം ഇങ്ങനെയാണ് ആരംഭിച്ചത്. ആര്‍ദ്രമായ ആഗ്രഹത്തോടെ ആയിരുന്നിരിക്കണം അവിടുന്ന്
ഈ വിനാഴികയെ സമീപിച്ചത്. തന്നെത്തന്നെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തില്‍ തന്‍റെ സ്നേഹിതര്‍ക്ക് പകുത്തു നല്‍കുന്ന ആ നമിഷത്തിനായി ക്രിസ്തു പാര്‍ത്തിരുന്നു. ആ രാവില്‍ അവിടുന്നു തന്‍റെ ശിഷ്യരോടുത്തു നടത്തിയ അന്ത്യത്താഴവിരുന്നില്‍ ഈ ലോകത്തിന്‍റെതായ കാഴ്ചദ്രവ്യങ്ങളെ തന്നോടുതന്നെ സാരൂപ്യപ്പെടുത്തിക്കൊണ്ട് പൂര്‍ണ്ണമായി പിതാവിനു സമര്‍പ്പിച്ച്, അവയെ രൂപാന്തരപ്പെടുത്തി. നിത്യതയില്‍ ഏവരും
ആസ്വദിക്കവാന്‍ പോകുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്‍റെ മുന്നാസ്വാദനമാണത്. വര്‍ദ്ധിച്ച ആശയോടെയുള്ള ക്രിസ്തുവിന്‍റെ ഈ ദിനത്തിനായുള്ള കാത്തിരിപ്പ്, ദൈവത്തിന്‍റെയും കാത്തിരിപ്പിനു സമാനമാണ്. ഈ ലോകത്തിന്‍റെയും മനുഷ്യകുലത്തിന്‍റെയും രക്ഷയ്ക്കുവേണ്ടുയുള്ള ദൈവത്തിന്‍റെ ആശയാര്‍ന്ന സ്നേഹത്തിന്‍റെ കാത്തിരിപ്പാണത്. എല്ലാ മനുഷ്യരേയും സൃഷ്ടിയെത്തന്നെയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണിവിടെ ദൃശ്യമാകുന്നത്. “സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” റോമ. 8, 19. അങ്ങിനെ ദൈവസ്നേഹത്തിലൊന്നാകുന്ന ഐക്യത്തില്‍ മാതമേ മനുഷ്യരും ഈ പ്രപഞ്ചമൊക്കെയും സംതൃപ്തി നേടുകയുളളൂ.
യേശു ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ഐക്യവും ഇതുതന്നെയാണ്. എന്നാല്‍ അവിടുത്തോടുകൂടെ ആയിരിക്കുവാനും അവിടുത്തെ വിരുന്നുമേശയില്‍ പങ്കുചേരുവാനും അവിടുത്തെ സാന്നിദ്ധ്യം ആസ്വദിക്കുവാനുമുള്ള ആഗ്രഹവും തീക്ഷ്ണതയും നമ്മിലുണ്ടോ? ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അടുത്ത് അറിയിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള പലേ രാജ്യങ്ങളിലും ഇന്ന് ശൂന്യമായി കാണപ്പെടുന്ന വിരുന്നു മേശകള്‍ ഉപമയിലെ കഥാതന്തുവല്ല, യാഥാര്‍ത്ഥ്യമാണ്. സുവിശേഷത്തിലെ വിവാഹ വിരുന്നിന്‍റെ ഉപമയില്‍ പറയുന്നതുപോലെ, വിവാഹ വസ്ത്രമില്ലാതെ, അതായത് ഒരുക്കമില്ലാതെ, അടുപ്പമില്ലാതെ... പഴക്കംകൊണ്ടും തഴക്കംകൊണ്ടുംമാത്രം കര്‍ത്താവിന്‍റെ വിരുന്നുമേശയെ സമീപിക്കുന്നവര്‍ ഇന്നു ധാരാളമുണ്ട്. ഒരുക്കമില്ലാതെ വിരുന്നിനു വരുന്നവരെക്കുറിച്ച്
വിശുദ്ധ ഗ്രിഗരി വിവരിക്കുന്നുണ്ട്. അവര്‍ ഏറെക്കുറെ വിശ്വാസമുള്ളവരാണ്. വിശ്വാസമാണ് കര്‍ത്താവിന്‍റെ വിരുന്നിലേയ്ക്കവരെ ക്ഷണിക്കുന്നത്. വിശ്വാസം സ്നേഹപൂര്‍വ്വം ജീവിക്കാത്തവര്‍ പുറന്തള്ളപ്പെടുകയും വിരുന്നുശാലയുടെ വാതില്‍ അവര്‍ക്കെതിരെ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യും. അവര്‍ക്ക് സ്നേഹത്തിന്‍റെ വിവാഹ വസ്ത്രമില്ലാതായിപ്പോയി. കര്‍ത്താവിന്‍റെ വിരുന്നു മേശയില്‍ പങ്കുചേരാന്‍ ആഴമുള്ള വിശ്വാസം ആവശ്യമാണ്. വിശ്വാസം സ്നേഹപൂര്‍വ്വം ജീവിക്കാനാവാത്തവര്‍ വിരുന്നിനു യോഗ്യരല്ല, അവര്‍ പുറംതള്ളപ്പെടും.
വിശ്വാസം സ്നേഹത്തിലധിഷ്ഠിതമാണ്. സ്നേഹമില്ലാത്ത വിശ്വാസം നിര്‍ജ്ജീവവുമാണ്.

നാലു സുവിശേഷങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം, യേശുവിനെ സംബന്ധിച്ചിടത്തോളം അന്ത്യത്താഴവിരുന്ന് ഒരു പ്രബോധന രംഗം കൂടിയായിരുന്നു. അവിടുത്തെ പ്രബോധനങ്ങളുടെ സത്ത ഉരുത്തിരിഞ്ഞത് അന്ത്യത്താഴ വിരുന്നിലായിരുന്നു. അവിടെ വചനവും കൂദാശയും സന്ദേശവും സമ്മാനവുമെല്ലാം അഭേദ്യമായി കോര്‍ത്തിണക്കപ്പെടുന്നു. ഈ രാവില്‍ മറ്റേതിനെയുംകാള്‍ അധികമായി ക്രിസ്തു പ്രാര്‍ത്ഥിച്ചു.
സമാന്തര സുവിശേഷകന്മാര്‍ - മാത്തായി, മാര്‍ക്ക്, ലൂക്കാ എന്നിവര്‍, യേശുവിന്‍റെ പ്രാര്‍ത്ഥനയുടെ പരിസമാപ്തിയില്‍ അവിടുന്നു, കൃതജ്ഞതാ സ്തോത്രംചൊല്ലിയെന്നും eucharistesas, ആശിര്‍വ്വദിച്ചു eulogesas എന്നുമുള്ള രണ്ടു ക്രിയകളാണ് ഹെബ്രായ മൂലകൃതികളില്‍ ഉയോഗിച്ചിരിക്കുന്നത്. ദൈവത്തിങ്കലേയ്ക്കുയരുന്ന നന്ദിപ്രകടനവും, താഴെ മനുഷ്യനിലേയ്ക്ക് ഇറങ്ങിവരുന്ന ആശിര്‍വ്വാദവും പ്രതീകാന്മകവും ദീപ്തവുമാണ്. ക്രിസ്തു അന്ത്യത്താഴവിരുന്നില്‍ യാഥാര്‍ത്ഥ്യമാക്കുന്ന രൂപാന്തരീഭാവത്തിന്‍റെ വചനങ്ങളും, അവസാന പ്രാര്‍ത്ഥനയിലാണ് ഉരുത്തിരിയുന്നത്. രൂപാന്തരീഭാവത്തിന് ക്രിസ്തു ഉരുവിട്ട വചനങ്ങള്‍ അവിടുത്തെ പ്രാര്‍ത്ഥനതന്നെയാണ്. “ഇതെന്‍റെ ശരീരമാകുന്നു..., ഇതെന്‍റെ രക്തമാകുന്നു...” അവിടുന്ന് തന്‍റെ വേദനകള്‍ പ്രാര്‍ത്ഥനകളായി പരിവര്‍ത്തനംചെയ്ത്, മനുഷ്യകുലത്തിനുവേണ്ടിയുള്ള യാഗമായി പിതാവിനു സമര്‍പ്പിച്ചു. വേദനകളെ സ്നേഹമാക്കി രൂപാന്തരീഭാവം ചെയ്യുവാനുള്ള കരുത്താണ്, പിന്നീട് മനുഷ്യരുടെ കാഴ്ചവസ്തുക്കളിലൂടെയും പരമപിതാവിന് സ്വയം സമര്‍പ്പിക്കുവാനുള്ള കരുത്തായി ക്രിസ്തു മാറ്റുന്നത്. അവിടുന്നീ സമ്മാനം നമുക്കു തരുന്നതുവഴി, ഈ ലോകവും മനുഷ്യരും ക്രിസ്തുവില്‍ രൂപാന്തരപ്പെടുകയാണ്. ദിവ്യകാരുണ്യത്തിലെ രൂപാന്തരീഭാവത്തിന്‍റെ പരമമായ ലക്ഷൃം മനുഷ്യരുടെ രൂപാന്തരീഭാവവും ക്രിസ്തുവിലുള്ള കൂട്ടായ്മയുമാണ്. ദിവ്യകാരുണ്യം ലക്ഷൃമിടുന്ന പുതുമനുഷ്യനും പുതുലോകവും ദൈവത്തില്‍നിന്നും, ദൈവപുത്രനായ ക്രിസ്തുവിന്‍റെ സമര്‍പ്പണത്തില്‍നിന്നും ഉരുത്തിരിയുന്നു.

വിശുദ്ധ ലൂക്കായുടെയും, പ്രത്യേകിച്ച് യോഹന്നാന്‍റെ സുവിശേഷത്തിലും, അന്ത്യത്താഴവിരുന്നില്‍ ക്രിസ്തു പിതാവിനോട് പ്രാര്‍ത്ഥിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആ പ്രാര്‍ത്ഥനയില്‍ അക്കാലത്തും എക്കാലത്തുമുള്ള ശിഷ്യന്മാരോടുള്ള തന്‍റെ ഒരഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്നുണ്ട്.
ഐക്യത്തിനുവേണ്ടിയുള്ള അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമായിരുന്നു അത്.
“അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നു ലോകം അറിയട്ടെ,” യോഹന്നാന്‍ 17, 20. ക്രൈസ്തവൈക്യം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ക്രൈസ്തവര്‍ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കണം. നമുക്ക് ക്രിസ്തുവിലുള്ള വിശ്വാസവും സ്നേഹത്തോടുമൊപ്പം, പിതാവുമായി ക്രിസ്തുവിനുള്ള ഐക്യത്തിലും അവിടുന്ന് പിതാവിനോടുള്ള കാണിച്ച തുറവിലുമുള്ള വിശ്വാസവും നമ്മുടെ ഐക്യത്തിന് നിദാനമാണ്. ക്രിസ്തു വിഭാവനംചെയ്ത ഈ ഐക്യം പൂര്‍ണ്ണമായും ആന്തരികവും നിഗൂഢവുമാണെന്ന് ചിന്തിക്കരുത്. അത് ദൃശ്യവും യാഥാര്‍ത്ഥവുമാണ്. ലോകത്തിനു മുന്‍പാകെ ഈ ഐക്യം ക്രൈസ്തവര്‍ ദൃശ്യവും കാണിച്ചു കൊടുത്തുകൊണ്ടാണ് ക്രിസ്തു പിതാവിനാല്‍ അയക്കപ്പെട്ടവനാണെന്ന് തെളിയിക്കേണ്ടത്.
“നാം ആശിര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്,” 1 കൊറി.10, 16.
ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയില്‍ അന്തര്‍ലീനമായിരിക്കുന്ന ആശയം പൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യര്‍ക്കുള്ള ലേഖനത്തില്‍ ഇങ്ങനെയാണ് വെളിപ്പെടുത്തുന്നത്.

ക്രിസ്തു സ്ഥാപിച്ച പരിശുദ്ധ കുര്‍ബ്ബാനയോടെ സഭ സംജാതയായി. ക്രിസ്തു തരുന്ന അപ്പം പങ്കുവയ്ക്കുകയും പാത്രത്തില്‍നിന്ന് സഭാമക്കള്‍ കുടിക്കുകയും ചെയ്യുന്നു. ഇതുവഴി ക്രിസ്തു നമ്മെ ഉന്നതങ്ങളിലേയ്ക്കും നമുക്കപ്പുറമുള്ളതുമായ ഒരു ലോകത്തേയ്ക്ക് ആനയിക്കുന്നു. അവിടുത്തെ വിരുന്നു മേശയില്‍ ക്രിസ്തു നമ്മെ ഒരുമിപ്പിക്കുന്നു, ഐക്യപ്പെടുത്തുന്നു. നമ്മില്‍ പരസ്പരവും ദൈവവുമായുമുള്ള ആഴമായതും ദൃശ്യവുമായ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമാണ് ദിവ്യകാരുണ്യം. അത് ഐക്യത്തിന്‍റെ കൂദാശയാണ്. ത്രിത്വത്തിന്‍റെ നിഗൂഢ രഹസ്യങ്ങളിലേയ്ക്ക് അതു നമ്മെ എത്തിക്കുകയും, ആഴമായ ഐക്യം വളര്‍ത്തുകയും ചെയ്യുന്നു.
വളരെ വ്യക്തിപരമായും സ്പഷ്ടമായും ക്രിസ്തുവുമായി ബന്ധപ്പെടുന്ന കൂട്ടായ്മയുടെ കൂദാശയാണ് ദിവ്യകാരുണ്യം. വ്യക്തിപരമായ ഒരു ഭക്തി മാത്രമായി ദിവ്യകാരുണ്യത്തെ കാണരുത്. ദിവ്യബലിയുടെ കൂട്ടായ്മയിലും ക്രിസ്തു എപ്പോഴും സമ്പൂര്‍ണ്ണമായും സന്നിഹിതനാണ്. എല്ലായിടത്തും അവിടുന്ന് ഒരാള്‍തന്നെയുമാണ്.
‘ഞങ്ങളുടെ പരിശുദ്ധ പിതാവിനോടും തൂപാദ്ധ്യക്ഷനോടും ഒന്നു ചേര്‍ന്ന്,’ എന്ന വാക്കുകളില്‍ ആഗോള സഭയ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുന്നത് ഒരധികപ്പറ്റല്ല. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിലുള്ള ഐക്യവും കൂട്ടായ്മയും നാം അങ്ങനെ ഏറ്റുപറയുകയാണ്. മാത്രമല്ല, മാര്‍പാപ്പയുടെയും സഭാദ്ധ്യക്ഷന്‍റെയും പേരെടുത്തു പറയുമ്പോള്‍, തീര്‍ത്തും മൂര്‍ത്തമാകുന്ന കൂട്ടായ്മ സ്ഥിരീകരിക്കപ്പെടുകയാണ്. ലോകത്തിന് എപ്പോഴും എവിടെയും ദൃശ്യവുമാകുന്ന അടയാളവും മാനദണ്ഡവുമാകുന്ന ഒരു കൂട്ടായ്മ ദിവ്യകരുണ്യത്തില്‍ പ്രഘോഷിക്കപ്പെടണം.
“ഈ പെസഹാ നിങ്ങളോടൊപ്പം ഭക്ഷിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചതാണ്.” ദിവ്യകാരുണ്യത്തിലൂടെ മനുഷ്യരോടുകൂടെ ആയിരിക്കാനും മനുഷ്യര്‍ ഒന്നായിരിക്കാനും ക്രിസ്തു ആഗ്രഹിച്ചു. കര്‍ത്താവേ, അങ്ങയോടുള്ള തീക്ഷ്ണത ഞങ്ങളില്‍ വളര്‍ത്തണമേ. അങ്ങയോടുള്ള സ്നേഹത്തിലും സഹോദരങ്ങളോടുള്ള ഐക്യത്തിലും ഞങ്ങളെ വളര്‍ത്തണമേ. ലോകം അങ്ങയില്‍ വിശ്വസിക്കേണ്ടതിന് അങ്ങേ സഭയെ ഐക്യത്താല്‍ നിറയ്ക്കേണമേ.
An extract from the homily of the Holy Father in the Eucharistic Celebration of Holy Thursday







All the contents on this site are copyrighted ©.