2011-04-20 19:53:39

ജോണ്‍ പോള്‍ രണ്ടാമന്‍റെ
പൂജ്യാവശിഷ്ടങ്ങള്‍ പത്രോസിന്‍റെ
ബസിലിക്കായിലേയ്ക്ക്


20 ഏപ്രില്‍ 2011 വത്തിക്കാന്‍
മാര്‍പാപ്പയുടെ പൂജ്യാവശിഷ്ടങ്ങള്‍
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ പ്രത്യേക അള്‍ത്താരയിലേയ്ക്ക് മാറ്റിസ്ഥാപിക്കുന്നു. മെയ് ഒന്നാം തിയതി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതുവണക്കത്തിന് സൗകര്യപ്രദമായ സ്ഥാനതത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയാണെന്ന് വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി ഏപ്രില്‍ 19-ാം തിയതി ചൊവ്വാഴ്ച വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു. 2005 ഏപ്രില്‍ 2-ാം തിയതി കാലംചെയ്ത പുണ്യശ്ലോകനായ മാര്‍പാപ്പയുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലെ ഭൂഗര്‍ഭ കപ്പേളയിലാണ് സംസ്കരിച്ചിരുന്നത്. വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോടെ ബസിലിക്കായുടെ വലതുഭാഗത്ത് മൈക്കളാഞ്ചലോയുടെ വിശ്വത്തര ശില്പം, പിയെത്തായോടു ചേര്‍ന്നുള്ള, വിശുദ്ധ സെബസ്ത്യാനോസിന്‍റെ അള്‍ത്താരയിലാണ് സ്ഥാപിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ദിവസമായ മെയ് 1-ാം തിയതി, വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ കഴിയുമ്പോഴേയ്ക്കും പൊതുജനങ്ങളുടെ ദര്‍ശനത്തിനും വണക്കത്തിനും സൗകര്യപ്പെടുന്ന വിധത്തില്‍, പൂജ്യാവശിഷ്ടങ്ങള്‍ പൂര്‍വ്വസ്ഥാനത്തുനിന്നും വിശുദ്ധ സെബസ്ത്യാനോസിന്‍റെ നവീകരിച്ച ചെറിയ അള്‍ത്താരയിലേയ്ക്ക് ഒരു സ്വകാര്യചടങ്ങിലൂടെ നീക്കംചെയ്യപ്പെട്ടിരിക്കുമെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ സംസ്കരിച്ച ഭൂഗര്‍ഭാലയത്തിലെ കല്ലറയുടെ കപ്പേളയില്‍ അനുഭവപ്പെട്ടിരുന്ന ജനങ്ങളുടെ അതിയായ തിക്കുംതിരക്കും മാനിച്ചുകൊണ്ടാണ് ഈ മാറ്റം വരുത്തിയതെന്നും ഫാദര്‍ ലൊമ്പോര്‍ഡി അറിയിച്ചു.







All the contents on this site are copyrighted ©.