2011-04-16 16:11:03

സുവിശേഷപരിചിന്തനം - 16 ഏപ്രില്‍ 2011
ഓശാനാ ഞായര്‍


മത്തായി 21, 1-17
ഈ ലോകത്തിലെ തന്‍റെ ദൗത്യം അവസാനിക്കാറായി എന്നു മനസ്സിലാക്കിയ ക്രിസ്തു നാഥന്, തന്നെപ്പറ്റി പ്രവാചകന്മാര്‍ എഴുതിയിരുന്നവ പൂര്‍ത്തിയാകണമെന്ന നിഷ്കര്‍ഷയുണ്ടായിരുന്നിരിക്കണം. ക്രിസ്തു നാഥന്‍ ആഡംബരപൂര്‍വ്വം ജരൂസലേമിലേയ്ക്ക് പ്രവേശിക്കുകയാണ്. അവിടുന്നു ജരൂസലേമിലേയ്ക്കു വരുന്നുണ്ടെന്ന വാര്‍ത്ത കാട്ടുതീപോലെ എല്ലായിടത്തും പരന്നു. അവിടുത്തെ ഒരു നോക്കു കാണുവാന്‍, അവിടുത്തെ അത്ഭുതങ്ങള്‍ വീക്ഷിക്കുവാന്‍ ജരൂസലേം നിവാസികള്‍ കാത്തിരിക്കുകയായിരുന്നു. കാരണം മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരതിമാനുഷനാണവിടുന്ന് എന്ന കീര്‍ത്തി പണ്ടേ മുതല്‍ നാടുമുഴുവന്‍ വ്യാപിച്ചിരുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ പോറ്റിയവനും അന്ധന് കാഴ്ചനല്കിയവനും ഇതാ ജനമദ്ധ്യേത്തിലേയ്ക്ക് വരുന്നു. അവരുടെ ഹൃദയങ്ങള്‍ ആവേശവും സന്തോഷവുംകൊണ്ട് നിറഞ്ഞുകാണും.
സമാധാനത്തിന്‍റെ ദൂതനായി ഒരു കഴുതപ്പുറത്തു കയറി വിനീതനായി അവിടുത്തെ കണ്ടപ്പോള്‍ ആവര്‍ ആനന്ദവിവശരായി, ആര്‍ത്തുവിളിച്ചു.
“ഹോസാനാ ദാവീദിന്‍റെ പുത്രന് ഹോസാനാ...”
ഹോസാനാ എന്ന ഹെബ്രായ പദത്തിനര്‍ത്ഥം, “രക്ഷിക്കണേ ദൈവമേ, മോചിക്കണേ...” എന്നാണ്. നാനാവിധത്തിലുള്ള വേദനകളാലും യാതനകളാലും അസ്വസ്ഥരായ ഒരു ജനത്തിന്‍റെ മുറവിളിയാണ് ആ ഓശാനാ ആരവത്തില്‍ മാറ്റൊലിക്കൊണ്ടത്.
സാമൂഹ്യവും രാഷ്ടീയവും മതാത്മകവുമായ മേഖലകളില്‍ പീഡിതരും നിന്ദിതരുമായിരുന്ന ഒരു ജനത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ നിന്നും ഉയര്‍ന്ന മുറവിളിയായിരുന്നു അത്. നീണ്ട നാളത്തെ റോമന്‍ ഭരണത്തിന്‍റെയും മതാത്മക മേഖലയിലുള്ള യഹൂദ പ്രമാണികളുടെ മേല്‍ക്കോയ്മയും ഉള്ളില്‍ വളര്‍ത്തിയനിലയ്ക്കാത്ത മോഹങ്ങളുടെ നെടുവീര്‍പ്പുകളും പ്രാര്‍ത്ഥനയുമാണ് ആ ഓശാനാ വിളിയില്‍ ഉയര്‍ന്നത്.

ഈ അര്‍ത്ഥത്തില്‍ ഓശാനത്തിരുനാള്‍ ഇന്നു നമ്മെ ഓരോത്തരെയും സമ്പന്ധിച്ചിടത്തോളവും ജീവിതബന്ധിയാണ്.
ഇന്നത്തെ നമ്മുടെ ലോകം എല്ലാ വിധത്തിലും പുരോഗതി പ്രാപിച്ചുട്ടുണ്ട്.
ആധുനിക സാങ്കേതികതകൊണ്ട് മനുഷ്യന്‍റെ ജീവിത സുഖങ്ങള്‍ എല്ലാ മേഖലകളിലും വര്‍ദ്ധിച്ചു കഴിഞ്ഞു. യാത്രാസൗകര്യം, ജീവിതസൗകര്യം, ആശയവിനിമയ സൗകര്യം എല്ലാം, അവസാനം മനുഷ്യനെ സുഖലോലുപതയിലും സ്വാര്‍ത്ഥതയിലും ആഴ്ത്തിയിട്ടുണ്ട്. ഉപഭോഗ മനസ്ഥിതി മനുഷ്യനെ ഏറെ സ്വാര്‍ത്ഥനും സുഖലോലുപനുമാക്കിയിരിക്കുന്നു. ജഡമോഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ശക്തികള്‍ക്കു നാമിന്ന് അടിപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അവയില്‍നിന്ന് വിമോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. ഓശാനാ വിളികളിലൂടെ “രക്ഷിക്കണേ, ദൈവമേ,” എന്നപേക്ഷിച്ച യഹൂദജനതയെപ്പോലെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, ദൈവമേ, ഞങ്ങളേയും എല്ലാവിധത്തിലുള്ള ബന്ധനങ്ങളില്‍നിന്നും മോചിക്കണേ, അവിടുത്തെ ശാന്തിയും സമാധാനവും ഞങ്ങളില്‍ വര്‍ഷിക്കണേ, എന്ന്.
ജരൂസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനത്തോടെ നാം വിശുദ്ധവാരം ആരംഭിക്കുകയാണ്. ക്രിസ്തുവിന്‍റെ പെസാഹരഹസ്യങ്ങള്‍ ആഴമായി ധ്യാനിക്കുകയാണ്. ജനക്കൂട്ടം ആഹ്ലാദാരവങ്ങളോടെ ക്രിസ്തുവിനെ എതിരേല്‍ക്കുന്നു. സമാധാനത്തിന്‍റെ രാജാവ്, ലാളിത്യത്തിന്‍റെ രാജാവ് എളിമയോടെ എഴുന്നള്ളുന്നു. ഒരു വിപ്ലവകാരിയായി റോമാനഗരത്തെ ആക്രമിക്കാനോ അല്ല അവിടുന്നു വരുന്നത്. അക്രമത്തിലൂടെ ദൈവരാജ്യം സ്ഥാപിക്കാന്‍ സാധിക്കുകയില്ല. അവിടുത്തേക്ക് കരുത്തുണ്ട് അവിടുത്തെ കരുത്ത് പക്ഷെ വ്യത്യസ്ഥമാണ്. സ്നേഹത്തിന്‍റെ കരുത്താണത്. സൗഖ്യത്തിന്‍റെ ദാനവുമായിട്ടാണ് യേശു വരുന്നത്. സ്നേഹത്തിലൂടെ അവിടുന്ന് മാനവകുലത്തോട് സംവാദിക്കുന്നു. സ്നേഹത്തിന്‍റെ കരുത്ത് അവിടുന്ന് പ്രകടമാക്കുന്നു. എന്നാല്‍ ജറൂസലേം പ്രവേശനത്തിന്‍റെ തൊട്ടടുത്ത ദിവസം, ദേവാലയത്തില്‍ നിന്നും കച്ചവടക്കാരേയും നാണയമാറ്റക്കാരെയും പുറത്താക്കുന്ന യേശുവിനെയും നാം കാണുന്നു. ദൈവാരാധനയെ വ്യാപാരത്തോട് ഇടകലര്‍ത്തരുതെന്ന് അവിടുന്ന് കര്‍ശനമായി പറയുന്നുണ്ട്. എന്‍റെ പിതാവിന്‍റെ ആലയം നിങ്ങള്‍ കവര്‍ച്ചക്കാരുടെ താവളമാക്കിയെന്ന് അവിടുന്ന് ശാസിച്ചു.

ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ രാജകീയ പ്രവേശനത്തില്‍ ചില പ്രത്യേകതകള്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. യഹൂദരന്മാരുടെ പ്രതീക്ഷപോലെ കുതിരപ്പുറത്തെഴുന്നള്ളുന്ന യുദ്ധവീരനായ ഒരു രാജാവായിട്ടല്ല, മറിച്ച് ഒരു കഴുതക്കുട്ടിയുടെ പുറത്ത് സമാധാനവാഹകനായിട്ടാണ് ക്രിസ്തു കടന്നു വരുന്നത്. സാധാരണ ചിന്താരീതിയനുസരിച്ച് ബുദ്ധിയില്ലാത്ത ഒരു മൃഗമായിട്ടാണ് കഴുതയെ നാമെല്ലാവരും കാണുന്നത്. എങ്കിലും പൗരസ്ത്യരുടെയിടയില്‍ മാന്യതയുള്ള ഒരു മൃഗമാണ് കഴുത. പഴയനിയമത്തില്‍ കഴുതക്കുട്ടി ശാന്തിയുടേയും എളിമയുടേയും പ്രതീകമാണ്. ന്യായാധിപനായ ജായിരിന് കഴുതപ്പുറത്തു സവാരിചെയ്തിരുന്ന 30 പുത്രനാമാര്‍ ഉണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നു. 10, 4. സമാധാനകാംക്ഷികളുടെ വാഹനമാണ് കഴുത. ഈശോ സമാധാനരാജാവാണ്. അപ്പോള്‍ അവിടുന്ന് വിനീതനായി, ഒരു കഴുതക്കുട്ടിയെ തന്‍റെ വാഹനമായി തിരഞ്ഞെടുത്തത് തികച്ചും സമുചിതമാണ്. “വിജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകത്തിലെ ഭോഷന്മാരെയും ശക്തരെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്ടിയില്‍ അശക്തരായവരെയും ഉള്ളവരെ ലജ്ജിപ്പിക്കുവാന്‍ ലോകത്തിലെ താഴ്ന്നവരെയും നിന്ദിക്കപ്പെട്ടവരെയും ദൈവം തിരഞ്ഞെടുത്തു…” എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളും ഇത്തരുണത്തില്‍ സ്മരണീയമാണ് 1കൊറി.1, 27-28.

ജരൂസലേം പ്രവേശനത്തിനായുള്ള യേശുവിന്‍റെ കഴുതയുടെ തിരഞ്ഞെടുപ്പ്, അല്ലേങ്കില്‍ ഉപയോഗം പല സന്ദേശങ്ങളും നമുക്കു നല്കുന്നുണ്ട്. ഈ ലോകത്തിലുള്ള ഒരു വ്യക്തിയേയും വസ്തുവിനേയും നീചമെന്നോ നികൃഷ്ടമെന്നോ നിന്ദ്യമെന്നോ പറഞ്ഞു തള്ളിക്കളായന്‍ നമുക്കവകാശമില്ല, അവയുടെ മഹനീയതതയും മാന്യതയുമെല്ലാം നിശ്ചയിക്കുന്നത് ദൈവമാണ്. ഒരുപക്ഷേ, നാം നീചന്മാരെന്നും മോശക്കാരെന്നും പറഞ്ഞു തള്ളിപ്പറയുന്നവരായിരിക്കും ദൈവത്തിന്‍റെ മുമ്പില്‍ കൂടുതല്‍ വിലയും നിലയും ഉള്ളവര്‍. അതുപോലെതന്നെ നമ്മുടെ കഴിവുകളും കഴുവുകേടുകളും, ബലവും ബലഹീനതയുമെല്ലാം ദൈവത്തിന് ആവശ്യമുണ്ടെന്നോര്‍ക്കണം, പലപ്പോഴും നമ്മുടെ ബലഹീനതയിലൂടെയായിരിക്കും ദൈവം തന്‍റെ മഹത്വം പ്രകടമാക്കുക. അതുകൊണ്ട് നാം എത്രമാത്രം നിസ്സാരരും ബലഹീനരും കുറവുള്ളവരും ആയിരുന്നാലും അതില്‍ നിരാശപ്പെടാതെ ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുകയാണ് വേണ്ടതെന്ന സത്യംകൂടി ഓശാന തിരുനാള്‍ നമ്മെ പഠിപ്പിക്കുന്നു.
തന്‍റെ ആത്മബലിക്കുള്ള ഒരുക്കമായിട്ടു കൂടിയാണ് ഈശോ ജെറൂസലേമിലെ മഹനീയമായ വരവേല്പ് സ്വീകരിച്ചത്. ഞായറാഴ്ചത്തെ ഓശാനാവിളികള്‍ വെള്ളിയാഴ്ചയാകുമ്പോല്‍ തിനിക്കെതിരായ മരണവിളികളായി മാറുമെന്ന് ക്രിസ്തുവിനറിയാമായിരുന്നു. ഓശാനാ ഞായറാഴ്ച അവിടുന്നു സഞ്ചരിച്ച വഴിനീളെ, വസ്ത്രങ്ങളും മരച്ചില്ലകളും വിരിച്ച് അവിടുത്തെ ആദരിച്ചെങ്കില്‍, ദുഃഖവെള്ളിയാഴ്ച തന്‍റെ ഉടുവസ്ത്രങ്ങള്‍പോലും ഉരിഞ്ഞെടുത്ത് അവര്‍ അവിടുത്തെ അപമാനിക്കുന്നു. ചുരിക്കത്തില്‍ ക്രിസ്തുവിനു ലഭിച്ച സ്വാഗതം യഥാര്‍ത്ഥത്തില്‍ കാല്‍വരിയിലേയ്ക്കും കുരിശ്ശിലേയ്ക്കുമുള്ള സ്വാഗതമായിരുന്നു.

നമ്മുടെ ജീവിതത്തിലും ഇതുതന്നെ സംഭവിക്കാം. ഇന്നു നമ്മെ ബഹുമാനിക്കുന്നവര്‍ നാളെ നമ്മെ അപമാനിച്ചെന്നിരിക്കും. തള്ളിപ്പറഞ്ഞെന്നിരിക്കും. നമ്മുടെ ഏറ്റവും വലിയ സ്നേഹിതന്മാര്‍പോലും നമ്മെ വഞ്ചിച്ചെന്നിരിക്കും. ഏറ്റവുമധികം സ്നേഹിക്കുന്ന ഭാര്യ ഭര്‍ത്താവിനെ തെറ്റിദ്ധരിക്കാം. ഭര്‍ത്താവു തന്നെ സ്നേഹിക്കുന്നില്ലെന്നു ഭാര്യയ്ക്കും, മക്കള്‍ അനുസരിക്കുന്നില്ലെന്ന് മാതാപിത്ക്കള്‍ക്കും അനുഭവപ്പെട്ടെന്നിരിക്കും. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ എല്ലാം നീങ്ങിയില്ലെന്നും ജീവിതത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്നു വന്നേക്കാം.
അപ്പോള്‍ നിരാശരാവാതെ ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാന്‍ നമുക്കു കഴിഞ്ഞാല്‍, ഓശാനാ ഞായറാഴ്ച ജയ് വിളികള്‍കൊണ്ടു ബഹുമാനിതനാവുകയും വെള്ളിയാഴ്ച മരണവിളികളും അപമാനശരങ്ങള്‍കൊണ്ട് നിന്ദിതനാവുകയും ചെയ്ത ക്രിസ്തുനാഥനോട് നമ്മുടെയും ജീവിതക്ലേശങ്ങള്‍ സ്വീകരിക്കുവാനുള്ള ശക്തി നല്കണമേ എന്ന്, ഉള്‍ക്കൊള്ളുവാനുള്ള ശക്തിതരണമെയെന്നു നമുക്കപേക്ഷിക്കാം. End.







All the contents on this site are copyrighted ©.