2011-04-13 19:14:28

കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക്
മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംകള്‍


13 ഏപ്രില്‍ 2011 മെല്‍ബോണ്‍
ആസ്ട്രേലിയായിലെ കത്തോലിക്കാ മെത്രാന്‍ സമിതി സംഘടിപ്പിക്കുന്ന...‘സ്വപനങ്ങള്‍ പങ്കുവയ്ക്കാന്‍,’ Share the Dream എന്ന കുടുംബങ്ങളുടെ മൂന്നാമത് ദേശീയ സമ്മേളനത്തെ അഭിനന്ദിച്ചുകൊണ്ടും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍നിന്നും പ്രത്യേകം സന്ദേശമയച്ചു. ഏപ്രില്‍ 15-ാം തിയതി വെള്ളിയാഴ്ച ആരംഭിച്ച് 17- ഞായറാഴ്ച സമാപിക്കുന്ന സമ്മേളനം കുടുംബ സ്നേഹത്തിന് സാക്ഷൃംവഹിക്കുവാനുള്ള അവസരം മാത്രമല്ല, ദൈവികഭവനമാകുന്ന സഭയുമായുള്ള ഐക്യത്തിലൂടെ ജീവിതങ്ങള്‍ ആത്മീയമായി ആഴപ്പെടുത്തിക്കൊണ്ട്, സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ജീവന്‍റെയും ദൃഢതയുള്ള പുതുസംസ്കാരത്തിലൂടെ, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ഒരു നവമാനവീകതയ്ക്ക് രൂപംകൊടുക്കുവാന്‍ സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും തിരുക്കുടുംബത്തിന്‍റെയും ആസ്ട്രേലിയായുടെ വിശുദ്ധ മേരി മാക്കിലോപ്പിന്‍റെയും മാദ്ധ്യസ്ഥ്യം നേര്‍ന്ന മാര്‍പാപ്പ രോഗികളായവരെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ, പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുകയും ഏവര്‍ക്കും തന്‍റെ അപ്പസ്തേലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.
.....................................................
കുടുംബങ്ങളിലൂടെ ജീവന്‍റെയും സ്നേഹത്തിന്‍റെയും സംസ്കാരം സമൂഹത്തില്‍ വളര്‍ത്തണമെന്ന്, ആര്‍ച്ചുബിഷപ്പ് യൂജിന്‍ ഹേര്‍ളി, ആസ്ട്രേലിയായിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ഒരു വാര്‍ത്താക്കുറിപ്പിലൂടെ ആഹ്വാനംചെയ്തു. ആസ്ട്രേലിയായിലെ മെല്‍ബോണില്‍ അരങ്ങേറുന്ന മൂന്നാമത് ദേശീയ കുടുംബസമ്മേളനത്തെക്കുറിച്ച് ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ഹേര്‍ളി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. കുടുംബങ്ങളുടെ നൈസര്‍ഗ്ഗികവും നിര്‍മ്മലവുമായ കൂട്ടായ്മയിലൂടെ മാനവസമൂഹം ദൈവസ്നേഹത്തിന്‍റെ അടിത്തറയില്‍ വളരുമെന്ന്, മെല്‍ബോണിലെ പ്രശസ്തമായ കിവി സെന്‍റ് തോമസ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന... Share the Dream എന്ന സമ്മേളനത്തിലേയ്ക്ക് കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഹേര്‍ളി പ്രസ്താവിച്ചു. കുടുംബങ്ങള്‍ ജീവന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മകളായി ജീവിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ഇന്നത്തെ ലോകത്ത് യാഥാര്‍ത്ഥ്യമാക്കണമെന്നത്, പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ദര്‍ശമാണെന്നും ആര്‍ച്ചുബിഷപ്പ് ഹേളി തന്‍റെ പ്രസ്താവനയില്‍ വിശദമാക്കി. സമ്മേളനത്തിന്‍റെ വിവിധ ഘടകങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനയിലൂടെയും കൂട്ടായ്മയിലൂടെയും വിശ്വാസജീവിതത്തെ നവീകരിച്ചുകൊണ്ട്, ഇന്ന് ലോകം തീവ്രമായി ആഗ്രഹിക്കുന്ന സ്നേഹത്തിന്‍റെ സാക്ഷികളായി മാറാന്‍ ദമ്പദികള്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഹേര്‍ളി പ്രത്യാശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.