2011-04-09 11:24:00

  സുവിശേഷപരിചിന്തനം – 10 ഏപ്രില്‍ 2011 ഞായര്‍
മലങ്കര റീത്ത്



യോഹന്നാന്‍റെ സുവിശേഷം 9, 1-41, മാര്‍ക്കോസ് 10, 46-52
ഒരു ആചാര്യന്‍ തന്‍റെ ശിഷ്യന്മാരോട് ഇങ്ങനെ ചോദിച്ചു.
രാത്രി തീര്‍ന്ന് പ്രഭാതം വിരിഞ്ഞു എന്നെങ്ങിനെയാണ് അറിയുക?
ഒന്നാമന്‍ ഇങ്ങനെ പറഞ്ഞു. ഒരു മൃഗത്തെ അകലത്തില്‍ കണ്ട് അതിനെ പശുവെന്നോ കുതിരയെന്നോ തിരിച്ചറിയാവുന്ന സമയമായിരിക്കും അത്.
ഗുരു പറഞ്ഞു, അല്ല. ഒരു വൃക്ഷത്തെ അകലത്തില്‍ കണ്ട് അതിനെ മാവെന്നോ പ്ലാവെന്നോ തിരിച്ചാറിയാവുന്ന സമയമായിരിക്കും അത്.
വീണ്ടു ഗുരു പറഞ്ഞു തെറ്റിപ്പോയി. ദൂരങ്ങളിലേയ്ക്കു നോക്കുമ്പോള്‍ അകലെനില്ക്കുന്നത് ഒരു മരമല്ല, നടന്നടുക്കുന്ന ഒരു മനുഷ്യനാണെന്ന് തിരിച്ചറിയുന്ന സമയമായിരിക്കും അത്. അപ്പോഴും ആചാര്യന്‍ പറഞ്ഞു, അതും ശരിയല്ല. എങ്കില്‍പ്പിന്നെ ഉത്തരം എന്താണ്, ശിഷ്യന്മാര്‍ ആരാഞ്ഞു.

ഒരു മനുഷ്യന്‍റെ കണ്ണുകളിലേയ്ക്കു നോക്കി അവനിലുള്ള നിങ്ങളുടെ സഹോദരനെ തരിച്ചറിയാന്‍ സാധിക്കുന്ന മുഹൂര്‍ത്തമാണത്.
ഒരു സ്ത്രീയുടെ കണ്ണുകളിലേയ്ക്കു നോക്കി അവള്‍ നിന്‍റെ സഹോദരിയാണെന്ന് തിരിച്ചറിയുന്ന മൂഹര്‍ത്തമാണ് അതെന്നും ഗുരു വിവരിച്ചു. ഇതു നിനക്ക് തിരിച്ചറിയാനായില്ലെങ്കില്‍ ആ സമയം സൂര്യനുണ്ടെങ്കില്‍പ്പോലും നിനക്കത് രാത്രിയാണ്.

ജന്മനാ അന്ധനായിരുന്ന ഒരു മനുഷ്യന് ക്രിസ്തു തന്‍റെ ദിവ്യകരസ്പര്‍ശത്താല്‍ അത്ഭുതകരമായി കാഴ്ച നല്കുന്ന സംഭവമാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 9, 1-41 വാക്യങ്ങളില്‍ വായിക്കുന്നത്. ക്രിസ്തു അയാളുടെ ജീവിതത്തിന് പ്രകാശം നല്കുന്നു. ഈ അത്ഭുതം വിവരിച്ചുകൊണ്ട് ക്രിസ്തു ആരെന്നു സുവിശേഷകന്‍ വ്യക്തമാക്കുകയാണ്.
ഈ അത്ഭുതകൃത്യങ്ങളോടു ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ ക്രിസ്തുവിനെ ലോകത്തിന്‍റെ പ്രകാശമായി അവതരിപ്പിക്കുന്നു. ആ മനുഷ്യന്‍റെ ശാരിരികമായ അന്ധത സുവിശേഷകന്‍ ആത്മീയ തലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. ആഖ്യാനത്തിന്‍റെ അന്ത്യത്തില്‍ ആ മനുഷ്യന്‍ ക്രിസ്തുവിന്‍റെ ചാരത്തുവന്ന് ഉണര്‍ത്തിച്ചു, കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു, എന്ന്. എന്നിട്ട് അയാള്‍ ക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ് ആരാധിക്കുന്നു.
ആ മനുഷ്യന് ക്രിസ്തു നല്കിയ കാഴ്ച, ശാരീരികമായ കാഴ്ചയ്ക്കൊപ്പം വിശ്വാസത്തിന്‍റെ കാഴ്ചയാണ്. ക്രിസ്തു നല്കിയ പ്രകാശം ആ മനുഷ്യന്‍റെ ജീവിതത്തിലെ ഭീതി പാടെ എടുത്തുകളയുന്നു.
യഹൂദാചാര്യന്മാര്‍ അയാളെ പിന്‍തുടരുകയും ചോദ്യചെയ്യുകയും ചെയ്യുന്നുണ്ട്. അവര്‍ അയാളെ ഭയപ്പെടുത്തിയെങ്കിലും, അയാള്‍ ഭയന്നില്ല. അയാളുടെ മാതാപിതാക്കള്‍പോലും ഒരു പക്ഷവും ചേരാതെ, ഫരീസേയരുടെ കെണിയില്‍നിന്നും വളരെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. എന്നാല്‍ അന്ധത മാറിയവന്‍ വളരെ ബോധ്യത്തോടെ ഏറ്റുപറയുന്നുണ്ട്:

എനിക്ക് കാഴ്ചതന്ന ഈ മനുഷ്യന്‍, ക്രിസ്തു എവിടെനിന്നു വന്നുവെന്ന് എനിക്ക‍റിയില്ല, എന്നാല്‍ അവന്‍ എന്‍റെ കണ്ണുകള്‍ തുറന്നു. ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു. അന്ധനായിപ്പിറന്ന ഒരു മനുഷ്യന്‍റെ കണ്ണ് ആരും തുറന്നതായി ലോകാരംഭംമുതല്‍ ഇന്നോളം കേട്ടിട്ടില്ല. ഈ മനുഷന്‍ ദൈവത്തില്‍ നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല. 9, 30-34.

സംഭവ വിവരണത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അന്ധതയുടെ കാരണമാണന്വേഷിക്കുന്നുണ്ട്. പാപം അന്ധതയ്ക്കു കാരണമായി വ്യാഖ്യനിക്കപ്പെടുന്നുണ്ടെങ്കിലും, ക്രിസ്തു ആ ആശയത്തെ നിഷേധിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്തു മറുപടി പറഞ്ഞു, ഇവന്‍റെയോ ഇവന്‍റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. 9, 3.
ക്രിസ്തുവില്‍ ദൈവീക വെളിച്ചം ലോകത്തില്‍ ആഗതമായി എന്നാണ് അന്ധനു ലഭിച്ച കാഴ്ച വെളിപ്പെടുത്തുന്നത്. ഇരുള്‍ മാറി പ്രഭാതം വിരിഞ്ഞു...അവന്‍റെ ജീവിതത്തില്‍.

യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ എല്ലാ അത്ഭുതങ്ങളെയും അടയാളങ്ങളായിട്ടാണ് വിവരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തിലെ
ഏഴ് അടയാളങ്ങളില്‍ ആറാമത്തേതാണ് അന്ധനു കാഴ്ച നല്കുന്ന സംഭവം. സുവിശേഷത്തിന്‍റെ ലക്ഷൃംതന്നെയാണ് ഈ അത്ഭുതം വിവരിക്കുന്നത് അല്ലെങ്കില്‍ വ്യക്തമാക്കുന്നത്...ക്രിസ്തു ലോകത്തിന്‍റെ പ്രകാശമാണ്, ദൈവപുത്രനായ ക്രിസ്തുവാണവിടുന്ന്, എന്നാണ്. യോഹന്നാന്‍റെ വാക്കുകളില്‍നിന്നുതന്നെ നമുക്കതു മനസ്സിലാക്കാം.
20, 30, 31
ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും
യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.

യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിന്...
യോഹന്നാന്‍ ഇതുപോലെ മറ്റനേകം അടയാളങ്ങളും തന്‍റെ സുവിശേഷത്തില്‍ ഉപയോഗിക്കുന്നുണ്ട്, വെള്ളം, വഴി, പ്രകാശം എന്നിവ.
പ്രകാശമാണ് യോഹന്നാന്‍റെ ഏറ്റവും ഇഷ്ട-ചിഹ്നം. എന്നിട്ട് അതിനെപ്പോഴും വൈവിധ്യമായിട്ട് ഇരുട്ടും ഉപയോഗിച്ചിരിക്കുന്നു. ഇരുളും – വെളിച്ചവും യോഹന്നാന്‍റെ സുവിശേഷത്തില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. അങ്ങനെ ഇന്നത്തെ സുവിശേഷഭാഗം പ്രതീകാത്മകമായി പ്രകാശത്തെ കേന്ദ്രീകരിച്ചാണ് എല്ലാ വിവരണങ്ങളും മുന്നോട്ടു നീങ്ങുന്നത്.

ഇരുട്ടില്‍തന്നെ ജീവിക്കാനാണ് പലപ്പോഴും നമുക്കിഷ്ടം. നമുക്ക് ശാരീരികമായി കാഴ്ചയുണ്ട്, എന്നാല്‍ ആന്തരികമായി അന്ധതയിലാണ്, ആത്മീയ അന്ധതയിലാണ്. ക്രിസ്തു മദ്ധ്യത്തിലുണ്ടായിരുന്നിട്ടും അവിടുത്തെ തിരിച്ചറിയാതെ പോകുന്നുണ്ട്. ക്രിസ്തു മൂല്യങ്ങള്‍ ശ്രവിക്കാതം പോകുന്നുണ്ട്. നാം സ്വാര്‍ത്ഥതയില്‍ മെനഞ്ഞെടുക്കുന്ന ദൈവത്തിന്‍റെ രുപങ്ങളുടെ പരിമിതികളില്‍ ഒതുങ്ങിപ്പോകുന്നുണ്ട്.
പ്രകാശം ലോകത്തിലേയ്ക്കു വന്നിട്ടും, പ്രകാശത്തെ അവര്‍ അംഗീകരിച്ചില്ല, തരിച്ചറിഞ്ഞില്ല, സ്വീകരിച്ചില്ല.

അനുദിന ജീവിതത്തില്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം ജലവും വായുവും പോലെ എല്ലാ മനുഷ്യര്‍ക്കും പ്രധാനപ്പെട്ടതും ആവശ്യവുമായ ഘടകമാണ് പ്രകാശം. ഈ പ്രപഞ്ചത്തിന്‍റെ നിലനില്പിനുപോലും ഒരു പരിധിവരെ പ്രകാശം അനിവാര്യമാണ്. വെളിച്ചമില്ലാത്ത അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പ്രകാശത്തിന് മനുഷ്യന്‍റെ ജീവിതത്തില്‍ ഒരു പ്രത്യേക സമൂഹ്യ പ്രധാന്യമുണ്ട്..

ഉല്പത്തി പുസ്തകത്തില്‍ ദൈവത്തിന്‍റെ ആദ്യസൃഷ്ടിയായി അവതരിപ്പിച്ചിരിക്കുന്നത് പ്രകാശമാണ്. ഇസ്രായേല്‍ 40 വര്‍ഷക്കാലം മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ്, അവസാനം വാഗ്ദത്ത ഭൂമിയിലെത്തിയതിന്‍റെ ഓര്‍മ്മ ആചരിച്ചതാണ് കൂടാരത്തിരുനാള്‍. പ്രസ്തുത തിരുനാളിന്‍റെ സവിശേഷതയായിരുന്നു ദീപാലങ്കാരം. മരുഭൂമിയില്‍ കര്‍ത്താവ് പകല്‍ മേഘത്തൂണായും രാത്രിയില്‍ ദീപസ്തംഭമായും പ്രത്യക്ഷപ്പെട്ട് ഇസ്രായേലിനെ നയിച്ചതിന്‍റെ ഓര്‍മ്മകൂടിയാണീ തിരുനാള്‍. ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് ക്രിസ്തു പ്രഖ്യാപിക്കുന്നത്, ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. . ഇന്നും ഇസ്രായേലിന്‍റെ രാഷ്ട്രചിഹ്നം വിളക്കാണ്, Candelabra ഏഴുതിരിയിട്ട കൂട്ടവിളക്കാണ്, ഇന്നും. അതിന്‍റെ ചെറുരൂപങ്ങള്‍ എല്ലാ യഹൂദഭവനങ്ങളിലും കാണാം.
കര്‍ത്താവെന്‍റെ പ്രകാശമാകുന്നു, 27-ാം സങ്കീര്‍ത്തനമാണ്.

പ്രകാശ സ്രോതസ്സുക്കളെ മനുഷര്‍ എപ്പോഴും ചരിത്രത്തില്‍ ദൈവമായിട്ടാരാധിച്ചിരുന്നു. സൂര്യനെ ദൈവമായി ആരാധിച്ചിരുന്ന ഒരു കാലം ചരിത്രത്തില്‍ വായിക്കുന്നുണ്ടല്ലോ. ഇന്നും സൂര്യനമസ്കാരം പരിചിതമാണല്ലോ, ഇന്നും നിലവിലുണ്ട്. ദീപാവലിയും ഏകാദിശിയും മകരജോതിയുമൊക്കെ ഇന്നും ആഘോഷിക്കപ്പെടുന്നു.
ഇതെല്ലാം പരസ്പരം ബന്ധിപ്പിക്കുമ്പോള്‍, ക്രിസ്തുവിന്‍റെ പ്രസ്താവം, ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു, എന്നത് പ്രത്യേകിച്ച് അന്ധന് കാഴ്ച നല്കുന്ന സുവിശേഷ സംഭവത്തിന് തൊട്ടുമുന്നില്‍ വരുമ്പോള്‍, ഈ ഉദ്ഘോഷണം ചരിത്രത്തിലെ അതുല്യവും അര്‍ത്ഥസമ്പുഷ്ടവുമായ പ്രസ്താവമായി മാറുകയാണ്....

കാഴ്ച ലഭിച്ച കുരുടനെപ്പോലെ, വിശ്വസത്തോടും വിനയത്തോടും ധൈര്യത്തോടുംകൂടെ ക്രിസ്തുവാണ് നമ്മുടെ രക്ഷകന്‍ എന്ന് ഏറ്റു പറയാം. നമ്മുടെ ഹൃദയവും മനസ്സും ഒരുപോലെ കാണുന്ന ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തു നമ്മുടെ മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും അന്ധതമാറ്റി അവിടുത്തെ ദിവ്യപ്രകാശത്താല്‍ നമ്മെയും കുടുംമ്പങ്ങളെയും ലോകത്തെയും നയിക്കട്ടെ, നിറയ്ക്കട്ടെ. വിശ്വപ്രകാശമായ ക്രിസ്തു നമ്മുടെ മദ്ധ്യേ ഇന്നും വസിക്കുന്നു.

അസത്തോമാ സത് ഗമയാ, തമസ്സോമാ ജ്യോതിര്‍ ഗമയാ
മൃത്യോര്‍മാ അമൃതം ഗമയാ... ഞങ്ങളെ അസത്യത്തില്‍നിന്നും സത്യത്തിലേയ്ക്കും, ഇരുട്ടില്‍നിന്നും വെളിച്ചത്തിലേയ്ക്കും, മരണത്തില്‍നിന്ന് ജീവനിലേയ്ക്കും നയിക്കണമേ.. ദൈവമേ, ഞങ്ങളുടെ വിശ്വാസത്തിന്‍റെ കണ്ണുകള്‍ തുറക്കണമേ... End.







All the contents on this site are copyrighted ©.