2011-04-08 15:47:18

ജനകീയ ഭക്താനുഷ്ഠാനങ്ങളുടെ പ്രധാന ഉറവിടം വിശ്വാസമായിരിക്കണം – മാര്‍പാപ്പ


റോം: ജനകീയ ഭക്താനുഷ്ഠാനങ്ങള്‍ പ്രധാനമായും ഉത്ഭവിക്കേണ്ടത് വിശ്വാസത്തില്‍ നിന്നായിരിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ലത്തീന്‍ അമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്തവരെ ഏപ്രില്‍ എട്ടാം തിയതി വത്തിക്കാനില്‍ ഒരു പ്രത്യേക കൂടിക്കാഴ്ചയില്‍ സ്വീകരിച്ച മാര്‍പാപ്പ സുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ ജനകീയ ഭക്താനുഷ്ഠാന പാരമ്പര്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് അവരോട് പ്രധാനമായും സംസാരിച്ചത്. ഭക്താനുഷ്ഠാനങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേത സംസ്ക്കാരത്തിന്‍റെ സാംസ്ക്കാരീക പ്രകടനമായിത്തീരാന്‍ ഇടവരുത്താതെ സുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള മാര്‍ഗ്ഗമായി അതു മാറ്റാന്‍ സാധിക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ജനകീയ ഭക്താനുഷ്ഠാനങ്ങളിലൂടെ പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ആരാധനയും, ദിവ്യ ജനനിയോടുള്ള വണക്കവും, പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള ഐക്യവും വളര്‍ത്താന്‍ സാധിക്കണമെന്നും പാപ്പ പറഞ്ഞു. ഭക്താനുഷ്ഠാനങ്ങളും ആരാധനാക്രമവും പരസ്പരം ആദരിച്ചുകൊണ്ട് ഫലദായകമായിത്തീരേണ്ടവയാണെന്ന സഭാപ്രബോധനം അനുസ്മരിച്ച മാര്‍പാപ്പ ജനകീയ ഭക്താനുഷ്ഠാനങ്ങള്‍ സഭയുടെ ശ്രേഷ്ഠ പൈതൃകമാണെന്നും എടുത്തു പറഞ്ഞു. ക്രൈസ്തവജീവിതത്തിന്‍റെയും അജപാലനശുശ്രൂഷയുടെയും കേന്ദ്രമായ ദൈവവചനവുമായുള്ള സമാഗമം ക്രിസ്തുവും അവിടുത്തെ സുവിശേഷവുമായി അനുരൂപപ്പെട്ടുകൊണ്ട് ജീവിത പരിവര്‍ത്തനത്തിനു വഴിതെളിക്കണമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
ലത്തീന്‍ അമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ വാര്‍ഷികസമ്മേളനം വെള്ളിയാഴ്ച സമാപിച്ചു. ലാറ്റിനമേരിക്കയുടെ സുവിശേഷവല്‍ക്കരണത്തില്‍ ജനകീയ ഭക്താനുഷ്ഠാനങ്ങളുടെ പങ്ക് എന്നതായിരുന്നു ചൊവ്വാഴ്ച ആരംഭിച്ച ഈ ചതുര്‍ദിന സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം.







All the contents on this site are copyrighted ©.