2011-04-06 18:43:08

അല്‍മായര്‍ സുവിശേഷത്തിലെ പുളിമാവെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


6 ഏപ്രില്‍ 2011, വത്തിക്കാന്‍
എല്ലാവര്‍ക്കും എല്ലാതലങ്ങളിലും അല്‍മായര്‍ സുവിശേഷത്തിലെ പുളിമാവാകണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അര്‍ജന്‍റീനായിലെ കത്തോലിക്കാ അല്‍മായ സംഘടയായ Catholic Action –ന്‍റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഏപ്രില്‍ 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി അയച്ച സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. ജോലിസ്ഥലത്തും കുംബങ്ങളിലും, രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും അല്‍മായര്‍ സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് മുന്നോട്ടു നീങ്ങണമെന്ന്, അര്‍ജന്‍റീനായുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന, സംഘടനയുടെ മുപ്പതിനായിരത്തോളം വരുന്ന അംഗങ്ങളെ സന്ദേശത്തിലൂടെ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. സുവിശേഷമൂല്യങ്ങള്‍ക്കുനുസൃതമായി ഭൗമിക യാഥാര്‍ത്ഥ്യങ്ങളെ നന്മയിലേയ്ക്കു പരിവര്‍ത്തനംചെയ്തുകൊണ്ട് ഈ ലോകത്തെയും സഭയെയും വിശുദ്ധീകരിക്കുവാന്‍ അല്‍മായര്‍ക്കു സാധിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുഖ്യലക്ഷൃമാക്കിയിട്ടുള്ള Catholic Action സംഘടന വിവേചനമില്ലാത്തതും നീതിയിലധിഷ്ഠിതവുമായ ഒരു രാജ്യം വളര്‍ത്തിയെടുക്കുവാന്‍ വേദനാജനകമായ ദാരിദ്ര്യമെന്ന പ്രതിഭാസത്തെ തുടച്ചു നീക്കാന്‍ തുടര്‍ന്നും പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, രാഷ്ട്രീയം എന്നീ മേഖലകളില്‍ വ്യക്തികളുടെ വളര്‍ച്ചയെ നിരന്തരമായി തുണച്ചുകൊണ്ടും, കുട്ടികളുടെയും യുവാക്കളുടെയും പ്രായപൂര്‍ത്തിയായവരുടെയും സമഗ്രവികസന പരിപാടികള്‍ സമൂഹ്യ പുരോഗതിക്കായി പതറാത്ത സമര്‍പ്പണത്തിലൂടെ സംഘടിപ്പിച്ചുകൊണ്ടുമാണ് ഇത് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.