2011-03-30 17:35:17

‘മതസ്വാതന്ത്ര്യത്തിന്‍റെ
രക്തസാക്ഷി’


31 മാര്‍ച്ച് 2011, പാക്കിസ്ഥാന്‍
ഷബാസ് ഭട്ടിയുടെ ജീവിതം സംവാദത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേതുമെന്ന് റോമിലെ സാന്‍ എജീഡിയോ സമൂഹം.

റോമില്‍ നടത്തുവാനുദ്ദേശിക്കുന്ന ഷബാസ് ഭട്ടി അനുസ്മരണ സമ്മേളനത്തെക്കുറിച്ച് മാര്‍ച്ച് 29-ാം തിയതി ചൊവ്വാഴ്ചയിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്, കൊലചെയ്യപ്പെട്ട പാക്കിസ്ഥാനി ന്യൂനപക്ഷകാര്യ മന്ത്രിയെ ഇപ്രകാരം വിശേഷിപ്പിച്ചത്. വിവാദമായ മതനിന്ദാനിയമത്തില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ ശബ്ദം പാര്‍ലിമെന്‍റില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 2-ാം തിയതി തന്‍റെ വസതിയില്‍നിന്നും ഓഫീസിലേയ്ക്ക് കാരില്‍ സഞ്ചരിക്കവേ ഭട്ടി തീവ്രവാദികളുടെ വെടിയേറ്റ് മരണമടഞ്ഞത്.
അന്തര്‍ദേശിയതലത്തില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന റോമിലെ സാന്‍ എജീഡിയോ സമൂഹത്തിന്‍റെ സജീവ സഹകാരിയായിരുന്നു അന്തരിച്ച പാക്കിസ്ഥാനിലെ മന്ത്രി, ഷബാസ് ഭട്ടി.
ഏപ്രില്‍ 5-ന് റോമില്‍ സംഘടനയുടെ ആസ്ഥാനത്തു നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തില്‍ ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ഫ്രാങ്കോ ഫ്രത്തീനി, ഭട്ടിയുടെ സഹോദരന്‍ പോള്‍ ഭട്ടി, ലാഹോറിലെ വലിയ മുസ്ലിം പള്ളിയുടെ ഇമാം ബാദ്ഷാഹി മോസ്ക്, ഫൈസലാബാദ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കൂട്സ്, സാന്‍ എജീഡിയോ സമൂഹത്തിന്‍റെ തലവന്‍ അന്ത്രയാ റിക്കാര്‍ദി എന്നിവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. മുള്‍ട്ടാനില്‍ മാര്‍ച്ച് 24-ാം തിയതി ചേര്‍ന്ന പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ യോഗം ഷബാസ് ഭട്ടിയെ ‘മതസ്വാതന്ത്ര്യത്തിന്‍റെ മദ്ധ്യസ്ഥനും രക്തസാക്ഷിയു’മായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് അഭ്യര്‍ത്ഥിച്ചതായും ഫീദെസ് വാര്‍ത്താ ഏജന്‍സി റോമില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.