2011-03-30 18:41:25

വിശ്വാസം
മനഃസ്സാക്ഷിയുടെ സ്വാതന്ത്ര്യം


30 മാര്‍ച്ച് 2011 അമേരിക്ക
മനഃസ്സാക്ഷിയുടെ സ്വാതന്ത്ര്യം ധ്വംസിക്കപ്പെടുമ്പോള്‍, മതവിശ്വാസം ജീവിക്കാനുള്ള സാദ്ധ്യത അട്ടിമറിക്കപ്പെടുമെന്ന്, അമേരിക്കയിലെ മെത്രാന്മാര്‍ അമേരിക്കയിലെ സെനറ്റില്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. മാര്‍ച്ച് 29-ാം തിയതി ചെവ്വാഴ്ച അമേരിക്കയിലെ നിയമസഭയില്‍ കത്തോലിക്കാ മെത്രാന്മാരെ പ്രതിനിധീകരിച്ചു സംസാരിക്കവേയാണ് വാഷിങ്ടണിലെ മുന്‍മെത്രാപ്പോലീത്താ, കര്‍ദ്ദിനാള്‍ തിയദോര്‍ മാക്റിക്ക് ഇപ്രകാരം പ്രസ്താവിച്ചത്.
അടുത്തകാലത്ത് രാഷ്ട്രങ്ങള്‍ നിയമങ്ങളടിച്ചേല്‍പ്പിച്ച് പൗരന്മാരുടെ മതസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാന്‍ ശ്രമിച്ചത് കലാപത്തിലും കൊലപാതകത്തിലും കലാശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തികളുടെ മതസ്വാതന്ത്ര്യം, വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം, അമേരിക്കയില്‍ എപ്പോഴും മാനിക്കപ്പെടുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ മാക്റിക്ക് വ്യക്തമാക്കി. ലോകത്തില്‍ പലേ രാഷ്ട്രങ്ങളും മതന്യൂനപക്ഷങ്ങളെ എങ്ങനെ മാനിക്കണമെന്ന കാര്യത്തില്‍ ഗുസ്തിപിടിക്കുമ്പോള്‍, അമേരിക്ക മുസ്ലീം സഹോദരങ്ങളെ അന്തസ്സോടും ആദരവോടുംകൂടെ സ്വീകരിക്കുന്നത് ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന്, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍ക്കുവേണ്ടി കര്‍ദ്ദിനാള്‍ മാക്റിക്ക് സഭയില്‍ പ്രസ്താവിച്ചു.
ചില ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അടുത്ത കാലത്തുണ്ടായ വര്‍ഗ്ഗീയ-മത കലാപങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു അമേരിക്കന്‍ പാര്‍ലിമെന്‍റില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ തിയദോര്‍ മാക്റിക്ക്.







All the contents on this site are copyrighted ©.