2011-03-30 17:18:15

ദൈവത്തിന്‍റെ പരിശുദ്ധന്‍
പാപികളുടെ മിത്രം


30 മാര്‍ച്ച് 2011 കൊളംമ്പിയാ
ദൈവത്തില്‍നിന്നും ലഭിക്കുന്ന കാരുണ്യം സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്ന്, കര്‍ദ്ദിനാള്‍ ഏനിയോ അന്തൊനേല്ലി, കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഉദബോധിപ്പിച്ചു. മാര്‍ച്ച് 30-ാം തിയതി കൊളംമ്പിയയില്‍ ചേര്‍ന്ന ലാറ്റിനമേരിക്കന്‍ - കരീബിയന്‍ നാടുകളിലെ മെത്രാന്മാരുടെ കുടുംബങ്ങള്‍ക്കായുള്ള കമ്മിഷനുകളുടെ അംഗങ്ങളോടൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചന പ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ അന്തൊനേല്ലി ഇപ്രകാരം പ്രസ്താവിച്ചത്.
ക്രിസ്തു ഒരേ സമയം ദൈവത്തിന്‍റെ പരിശുദ്ധനും (മാര്‍ക്ക് 1, 24) പാപികളുടെ മിത്രവുമായിരുന്നതുപോലെ (മത്തായി 11, 19) മനുഷ്യര്‍ ദൈവത്തോടെന്നതു പോലെ സഹോദരങ്ങളോടും ക്ഷമയും കരുണയും കാണിക്കണമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. വിശുദ്ധിയുടെ നിറകുടമായ ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുന്നവര്‍ക്ക്, ലഭിക്കുന്ന വെളിച്ചം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ സാധിക്കുമെന്ന് ഉദ്ബോധിപ്പിച്ച കര്‍ദ്ദിനാള്‍, സത്യം കാരുണ്യത്തില്‍നിന്നും വേര്‍തിരിക്കാവുന്നതല്ലെന്നും, ഹൃദയമറിയുന്നവനാണ് ദൈവം, അവിടുന്നു വന്നത് ലോകത്തെ വിധിക്കുവാനല്ല, മറിച്ച് രക്ഷിക്കുവാനും ജീവന്‍ നല്കുവാനുമാണെന്ന് ഉദ്ബോധിപ്പിച്ചു.
കുടുംബബന്ധങ്ങളില്‍ പലേ കാരണങ്ങളാലും വേര്‍പെട്ടു ജീവിക്കുന്ന ദമ്പതിമാര്‍ക്ക് അവരുടെ ആത്മീയാവസ്ഥ ക്രിസ്തീയ വിവാഹചട്ടങ്ങള്‍ക്കു വിരുദ്ധമല്ലായെങ്കില്‍, കാരുണ്യപൂര്‍വ്വം അവരെ സമൂഹത്തില്‍ സ്വീകരിക്കണമെന്ന് (സുവിശേഷത്തിലെ ക്ഷമിക്കാത്ത ഭൃത്യന്‍റെ ഉപമ വ്യാഖ്യനിച്ചുകൊണ്ട്) കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
മാര്‍ച്ച് 28-ാം തിയതി ചൊവ്വാഴ്ച കൊളംമ്പിയയിലെ ബഗോത്തായില്‍ ആരംഭിച്ച സമ്മേളനം ഏപ്രില്‍ 1-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.