2011-03-28 15:14:29

സൈപ്രസിലെ ഓര്‍ത്തഡോക്സ് സഭാതലവന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നു.


റോം: ഇരുപത്തിയെട്ടാം തിയതി തിങ്കളാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സൈപ്രസിലെ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് ക്രിസോസ്തോം രണ്ടാമനും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. നെയാ ജുസ്തീനിയാന അതിരൂപതാധ്യക്ഷനും സൈപ്രസിലെ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയുമായ ആര്‍ച്ച് ബിഷപ്പ് ക്രിസോസ്തോം രണ്ടാമന്‍ മാര്‍പാപ്പയുമായി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണ് തിങ്കളാഴ്ച നടന്നത്. മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ സ്ഥിതിവിശേഷങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് വത്തിക്കാന്‍റെ ഔദ്യോഗീക വാര്‍ത്താലയം അറിയിച്ചു.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെത്തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെയുമായും ആര്‍ച്ച് ബിഷപ്പ് ക്രിസോസ്തോം രണ്ടാമന്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോക്ക്, സാംസ്ക്കാരീക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജാന്‍ഫ്രാങ്കോ റവാസി, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൗറാന്‍ എന്നിവരുമായും ആര്‍ച്ച് ബിഷപ്പ് ക്രിസോസ്തോം രണ്ടാമന്‍ പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.
ദ്വീപു രാജ്യമായ സൈപ്രസിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയെട്ടു ശതമാനം പേരും അതായത് ഏകദേശം ആറുലക്ഷത്തി പത്തൊന്‍പതിനായിരത്തോളം പേര്‍ സൈപ്രസിലെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. 2006 നവംബര്‍ ആറാം തിയതിയാണ് ആര്‍ച്ച് ബിഷപ്പ് ക്രിസോസ്തോം രണ്ടാമ൯ സൈപ്രസിലെ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടത്.








All the contents on this site are copyrighted ©.