2011-03-28 15:13:43

സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാ൪ ആദ് ലിമിന സന്ദര്‍ശനം ആരംഭിച്ചു.


റോം: മാര്‍ച്ച് ഇരുപത്തിയേഴാം തിയതി ഞായറാഴ്ച സീറോ മലബാ൪ സഭയിലെ മെത്രാന്‍മാര്‍ ആദ് ലിമിന സന്ദര്‍ശനം ആരംഭിച്ചു. ഇരുപത്തിയെട്ടാം തിയതി തിങ്കളാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സീറോമലബാര്‍ സഭയിലെ ഏഴു സഭാധ്യക്ഷന്‍മാരെ പ്രത്യേക കൂടിക്കാഴ്ചകളില്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ എന്നിവരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച മാര്‍പാപ്പ തുടര്‍ന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലേക്കാട്ടിനെയും അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിലിനെയും കണ്ടു സംസാരിച്ചു. ഏകദ്ദേശം പതിനഞ്ചു നിമിഷം നീണ്ടു നിന്ന ഈ കൂടിക്കാഴ്ചയ്ക്കുശേഷം തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം പാപ്പായുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് റാഫേല്‍ തട്ടില്‍ എന്നിവരെയും പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു.

സീറോ മലബാര്‍സഭയിലെ മുപ്പത്തിയാറു മെത്രാന്‍മാരാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആദ് ലിമിന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. സീറോമലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ല. അദ്ദേഹത്തെ പ്രതിനിധീകരിച്ച് സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂരാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്

കേരളത്തില്‍ വിശ്വാസപാരമ്പര്യം ശക്തമായി വളരാന്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നുവെന്ന് തലശ്ശേരി അതിരൂപതാധ്യക്ഷ൯ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം തിങ്കളാഴ്ച രാവിലെ മാര്‍പാപ്പയോടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരോ അതിരൂപതാ, രൂപതാധ്യക്ഷന്‍മാരെയും ഹൃദ്യമായി സ്വീകരിച്ച മാര്‍പാപ്പ ഒരോ സഭാപ്രവിശ്യയെക്കുറിച്ചും വളരെ ശ്രദ്ധയോടും താല്‍പര്യത്തോടെയുമാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം അഭിപ്രായപ്പെട്ടു. .







All the contents on this site are copyrighted ©.