2011-03-26 14:39:30

സുവിശേഷ പരിചിന്തനം – 27 മാര്‍ച്ച് 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്


മത്തായി 21, 33-46
ഏശയ്യാ പ്രവാചകന്‍റെ ചുവടുപിടിച്ചാണ് ക്രിസ്തു മുന്തിരിത്തോട്ടത്തിന്‍റെ ഉപമ പറയുന്നത്. ഏശയ്യ 5, 1-7. ദൈവം മുന്തിരിത്തോട്ടവുടമയും ഇസ്രായേല്‍ മുന്തിരത്തോട്ടവുമാണ്. സുവിശേഷകന്‍ മത്തായി തോട്ടവുടമയെ വീട്ടുടമസ്ഥന്‍ എന്നാണു വിശേഷിപ്പിക്കുന്നത്. മത്തായിയെ സംബന്ധിച്ചിടത്തോളം ദൈവമോ ക്രിസ്തുവോ ആകാം വീട്ടുടമസ്ഥന്‍. കാവല്‍ഗോപുരമുള്ള വലിയ വച്ചുപിടിപ്പിച്ച മുന്തിരിത്തോട്ടം കൃഷിക്കാര്‍ക്ക് പാട്ടത്തിനുകൊടുത്തിട്ടാണ് തോട്ടംഉടമ ദൂരദേശത്തോയ്ക്കു പോകുന്നത്. തന്‍റെ വിഹിതം തക്കസമയത്ത് കിട്ടാതെ വന്നപ്പോള്‍ അയാള്‍ ദാസന്മാരെ അയക്കുന്നു.
ദാസന്മാര്‍ ദൈവം അയച്ച പ്രവാചകന്മാരുടെ പ്രതീകങ്ങളാണ്. ദൈവം അയച്ച പ്രവാചകന്മാരെ ശ്രവിക്കാതെ, അവരെ ഉപദ്രവിക്കയും കൊല്ലുകയും ചെയ്ത ചരിത്രമാണ് ഇസ്രായേലിന്‍റേത്. പ്രവാചകന്മാരുടെയും നീതിമാന്മാരുടെയും സഹനങ്ങളെക്കുറിച്ച് പുതിയ നിയമ ഗ്രന്ഥവും പരാമര്‍ശിക്കുന്നുണ്ട്. പാട്ടക്കൃഷിക്കാര്‍ ദാസന്മാരോടു പെരുമാറുന്നത് ഒരേ രീതിയില്‍തന്നെയാണ്. പ്രവാചകന്മാരായ ദാസന്മാരെ ഉപദ്രവിക്കുന്നതും വധിക്കുന്നതും തെരഞ്ഞെടുക്കപ്പെട്ട ജനം തന്നെയാണ്.

തോട്ടവുടമ അവസാനം അയക്കുന്നത് തന്‍റെ പുത്രനെയാണ്. അവസാനം അയയ്ക്കപ്പെടുന്നവന്‍ മിശിഹായാണ്, ക്രിസ്തുവാണ്. ആ പുത്രനെ കാണുമ്പോള്‍, അവകാശിയെക്കൊന്ന് തോട്ടം സ്വന്തമാക്കാനാണ് പാട്ടക്കൃഷിക്കാര്‍ ആലോചിക്കുന്നത്. പൂര്‍വ്വയൌസേപ്പിനെ കൊല്ലാന്‍ സഹോദരന്മാര്‍ ശ്രമിക്കുന്ന കഥയാണ് ഇതനുസ്മരിപ്പിക്കുന്നത്. സുവിശേഷകന്‍ പുത്രനെ ഏകനെന്നോ, പ്രിയനെന്നോ വിശേഷിപ്പിക്കുന്നില്ലെങ്കിലും, അത് ക്രിസ്തുവാണെന്നത് സ്പഷ്ടമാണ്. പുത്രനെക്കൊന്നശേഷം തോട്ടത്തിനു പുറത്ത് എറിയുകയല്ല, തോട്ടത്തിനു പുറത്തു കൊണ്ടുപോയി കൊല്ലുകയാണ് ചെയ്യുന്നത്. വിശുദ്ധ നഗരത്തിനു വെളിയല്‍‍വച്ചു കൊന്ന യേശുവിനെക്കുറിച്ചുള്ള സൂചനയാണിത്. ഹെബ്രായാര്‍ 13, 12.

തോട്ടവുടമ വരുമ്പോള്‍ പാട്ടകൃഷിക്കാരോട് എന്തു ചെയ്യുമെന്ന ചോദ്യത്തിനു ശ്രോതാക്കളാണ് ഉത്തരം പറയുന്നത്. അയാള്‍ അവരെ കഠിനമായി ശിക്ഷിക്കും എന്നാണ് മറുപടി. ഫലം നല്‍കാത്ത മുന്തിരത്തോട്ടത്തിന് എന്തു സംഭവിക്കുമെന്നു ഏശയ്യാ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്, 5, 5.
ഈ മുന്തിരിത്തോപ്പിനോട് എന്തുചെയ്യുമെന്ന് ഇപ്പോള്‍ ഞാന്‍ പറയാം.
ഞാന്‍ അതിന്‍റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും. അതിന്‍റെ മതിലുകള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും. ഞാന്‍ അതിനെ ശൂന്യമാക്കും. അതിനെ വെട്ടിയൊരുക്കുകയോ അതിന്‍റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും. അതിന്മേല്‍ മഴ വര്‍ഷിക്കരുതെന്നു ഞാന്‍ മേഘങ്ങളോട് ആജ്ഞാപിക്കും.

അതുതന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. പാട്ടക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ജരൂസലേമിന്‍റെയും ദേവാലയത്തിന്‍റെയും നാശത്തില്‍ ഉണ്ടായെന്നു സുവിശേഷകന്‍ മത്തായി പിന്നീട് കുറിക്കുന്നുണ്ട്.
ദൈവരാജ്യത്തെ അവിശ്വസ്തരില്‍നിന്നും എടുത്തുമാറ്റി ദൈവം വിശ്വസ്തരെ ഏല്പിക്കും എന്ന സന്ദേശം വളരെ വ്യക്തമാണ്. പുതിയ ജനമാണ് ദൈവത്തിന്‍റെ മുന്തിരിത്തോട്ടം. അവിശ്വസ്തതകൊണ്ട് വീണ്ടും അത് നമ്മളില്‍നിന്നും എടുക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന ധ്വനിയും സുവ്യക്തമാണ്.
ക്രിസ്തു കാണിച്ചു തരുന്ന സഹനത്തിന് അര്‍ത്ഥമുണ്ട്. സഹനത്തിലൂടെ നമുക്ക് ദൈവരാജ്യം നേടാനാകും. ഉപമയില്‍ നിര്‍ദ്ദോഷിയും നീതിമാനുമായ പുത്രനാണ് കൊല്ലപ്പെട്ടത്. എന്തുകൊണ്ട് നീതിമാന്‍ സഹിക്കേണ്ടി വരുന്ന എന്ന ചോദ്യമാണ് ഇവിടെ നമ്മുടെ മുന്നില്‍ ഉയരുന്നത്.

പഴയ നിയമത്തില്‍ ഈ ചോദ്യം ചോദിക്കുന്നതു ജോബാണ്. ദൈവവും തിന്മയുടെ ശക്തികളും ഒരുപോലെ നീതിമാനായിക്കണ്ട ആ മനുഷ്യന്‍, എന്നിട്ടും ഓരോ ദുരന്തത്തിനുശേഷം ദുരന്തത്തിനു ദൂതുപറയാന്‍ മാത്രം ഒരാള്‍ അവശേഷിക്കുന്നു. വല്ലാത്ത സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന മനുഷ്യനായിരുന്നല്ലോ ജോബ്. ജോബ് ആകാശത്തോടു വിളിച്ചു ചോദിക്കുന്നുണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ടാണ് നീതിമാന് സഹിക്കേണ്ടി വരുന്നത്. ദൈവമാകട്ടെ. ജോബിന്‍റെ ചോദ്യത്തിനു വ്യക്തമായി ഉത്തരം നല്കുന്നില്ല. മറിച്ച്, ചില മറുചോദ്യങ്ങള്‍കൊണ്ട് ജോബിനെ നേരിടാന്‍ ശ്രമിക്കുകയാണ്. ഭൂമിയില്‍ ഒരുപക്ഷേ, ഒരിക്കലും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യമായ... സഹനം എന്തിനു നീതിമാന്, എന്നുള്ളത് അവശേഷിക്കട്ടെ, ജോബിന്‍റെ സ്നേഹപൂര്‍്വ്വകമായ ദൈവഹിതത്തിനുള്ള കീഴടങ്ങലും.

പുതിയ നിയമത്തില്‍ ഈ ചോദ്യം ചോദിക്കുന്നത്, ഈ ഭൂമി ജന്മം കൊടുത്തതില്‍ ഏറ്റവും വലിയ നീതിമാനാണ്. അവന്‍ മുഴക്കിയ കുരിശിലെ നിലവിളിയാണ് ഈ ഭൂതലത്തില്‍ മുഴങ്ങിയ ഏറ്റവും ചങ്കുലയ്ക്കുന്ന നിലവിളി. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ഉപേക്ഷിക്കപ്പെട്ടവന്‍ നെഞ്ചില്‍ തീയോടെ, കണ്ണില്‍ കണ്ണീരോടെ, ഇങ്ങനെ വിളിച്ചു ചോദിക്കുന്നുണ്ട്. “ഏലോയ്, ഏലോയ് , ലമാ സബക്ത്താനി. എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ കൈവെടിഞ്ഞൂ,” എന്ന്.
പിതാവിന്‍റെ മൌനമാണ് നാം കേള്‍ക്കുന്നത്. നിരൂപകന്മാര്‍ പിതാവിന്‍റെ ഈ നിശബ്ദതയെ aggressive silence എന്നു വിളിക്കുന്നു. വെറും മൗനമല്ല, ക്രൂരമായ മൗനം. എന്നിട്ടും ഈ മൗനത്തിന്‍റെ ഇടവേളയ്ക്കുശേഷം പുത്രന്‍ സ്നേഹപൂര്‍വ്വം ശാന്തനായിട്ട് ഇങ്ങനെ പറയുന്നു.
നിന്‍റെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ ഭരമേല്പിക്കുന്നു.
അതിന്‍റെ അര്‍ത്ഥം എന്തിനു സഹിക്കേണ്ടിവരുന്നു എന്ന എന്‍റെ വിലാപങ്ങള്‍ക്കു ഉത്തരം നല്കിയിട്ടില്ല. പക്ഷേ, ഒന്നെനിക്കറിയാം. നീ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും നിന്‍റെ കൈവശം ഉത്തരമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള നിന്‍റെ മനസ്സില്‍ എന്‍റെ സഹനത്തിനും ഒരുത്തരമുണ്ട്, ഒരു പക്ഷേ, എനിക്കതു വെളിപ്പെട്ടു കിട്ടിയില്ലെങ്കില്‍പോലും, ആ മനസ്സിന്‍റെ മുമ്പില്‍ ഞാനെന്‍റെ ആത്മാവിനെ ഭരമേല്പിക്കുകയാണ്. എന്നിട്ടാണ് ഒരു കുഞ്ഞുറങ്ങുന്ന സൗമ്യതയോടെ ക്രിസ്തു കുരിശിന്‍റെ വിരിമാറില്‍ മിഴിപൂട്ടുന്നത്.

സഹനത്തെക്കുറിച്ചു ബൈബിള്‍ നല്കുന്ന അനുമാനങ്ങള്‍ വ്യത്യസ്തങ്ങളാണ്.
ഒന്ന് സഹനം കൂടുതല്‍ നന്മയിലേയ്ക്കുള്ള ഇടദൂരമാണ്. ക്രിസ്തുവിന്‍റെ തന്നെ ഉപമയെടുക്കുക. നിലത്തുവീണ ഗോതമ്പുമണിയുടെ ഉപമയില്‍, അതു നശിക്കുന്നു, ജീര്‍ണ്ണിക്കുന്നു. എന്നിട്ടു പുതിയ മഴയില്‍ ഒരു പുതുജീവന്‍റെ നാമ്പ് നൂറുമേനിയുടെ കൊയ്ത്തുത്സവമായിട്ടു മാറുന്നു. മനുഷ്യന്‍റെ സഹനം ഒരു പക്ഷേ, നിലത്തുവീണ ഗോതമ്പുമണിയില്‍നിന്നു നൂറുമേനിയിലേയ്ക്കുള്ള ദൂരമാകാം.

രണ്ടാമത്തെ അനുമാനം സഹനം ദൈവദര്‍ശനത്തിനു നിമിത്തമായി മാറുന്നു എന്നതാണ്. ജീവിതത്തിലേയ്ക്കു കടന്നുവരുന്ന ചില അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ ഒരു പക്ഷേ, കുറെക്കൂടി ആഴമുള്ള ദൈവദര്‍ശനത്തിലേയ്ക്കു നയിച്ചേക്കാം. ഇതിനേറ്റവും നല്ല ഉദാഹരണം സാവൂളിന്‍റേതാണ്. അഹന്തയുടെ കുതിരപ്പുറത്തേറി ദൂരെയുള്ള ക്രൈസ്തവരെ ബന്ധികളാക്കാന്‍ പോകുന്ന സാവൂളിലില്‍ ദൈവത്തിന്‍റെ ഇടപെടലുണ്ടാകുന്നു. കുതിരപ്പുറത്തുനിന്ന് ആരോ തട്ടിയിട്ടപോലെ താഴെവീണ സാവൂള്‍ അന്ധനായി മാറുന്നു. കാഴ്ചയുള്ള കാലത്ത് കാണാതെപോയ ദൈവത്തെ അന്ധതയുടെ കാലത്ത് അയാള്‍ കണ്ടുമുട്ടുന്നു. ഒരുപക്ഷേ ജീവിതത്തിന്‍റെ സമാനമായ ദുരന്തങ്ങള്‍ നമ്മെയും നയിക്കുന്നത് കുറെക്കൂടി ആഴമുള്ള ദൈവദര്‍ശനത്തിലേയ്ക്കാണ്.
പലപ്പോഴും ദൈവം ശുഭകാലത്തില്‍ നാം വിസ്മരിക്കുന്ന നാമമാണ്. എന്നാല്‍ അപ്രതീക്ഷിതമായി എന്തൊക്കെയോ, നമുക്കു പരിഹരിക്കാനാവാത്ത എന്തൊക്കെയോ പതുക്കെപ്പതുക്കെ നമ്മെ ദൈവത്തിലെത്തിക്കാനുള്ള നിമിത്തമായി മാറുന്നു.

മൂന്നാമതായി സഹനം നമ്മെ കരുത്തുള്ളവരായി മാറ്റുന്നു. നിയമാവര്‍ത്തന പുസ്തകത്തിലാണ് രസകരമായ വിവരണം. തള്ളപ്പക്ഷി തന്‍റെ കൂട് ചിതറിക്കുന്നത് കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുന്നതിനുവേണ്ടിയാണ്. കുഞ്ഞുങ്ങള്‍ കൂട്ടിനുള്ളില്‍ എന്നും സുഖമായി വസിച്ചാല്‍ അവ പറക്കാന്‍ പഠിക്കുകയില്ല എന്ന് അമ്മയ്ക്കറിയാം. അതിനാലാണ് മെല്ലെ കൂടുലയ്ക്കുന്നത്. തന്‍റെ ചിറകുകളിലേയ്ക്ക് ആ തള്ള പക്ഷി കുഞ്ഞുങ്ങളെ ഏറ്റുന്നു.

മരപ്പണിയുമായി ബന്ധപ്പെട്ടവര്‍ക്കറിയാം, ഏറ്റവും നല്ല കാമ്പുള്ള വൃക്ഷം താഴ്വരകളിലുള്ളതല്ല, മറിച്ച് മലമുകളില്‍ എല്ലാ കാലാവസ്ഥയെയും പ്രതിരോധിച്ച്, കാറ്റിനെയും മഴയെയുമൊക്കെ അതിജീവിച്ച് നില്ക്കുന്ന വൃക്ഷമാണ്. സഹനാനുഭവങ്ങള്‍ ഒരുവനെ കുറെക്കുടി കാമ്പുള്ളനാക്കി മാറ്റുന്നു. അതുകൊണ്ടൊക്കെയാവണം പത്രോസ് ശ്ലീഹാ എഴുതുന്നത്, സഹനത്തിന്‍റെ തീച്ചൂളയില്‍ ശോധനചെയ്യപ്പെട്ടതിനെ തകര്‍ക്കാനായിട്ട്, നശിപ്പിക്കാനായിട്ട്, എന്തിനാവും.
തപസ്സിലെ ഇനിയുമുള്ള ദിനങ്ങളിലൂടെ സഹനം സ്വമനസ്സാ ഏറ്റെടുത്ത് ദൈവരാജ്യത്തിന്‍റെ മഹത്വം ആസ്വദിക്കുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. End







All the contents on this site are copyrighted ©.