2011-03-23 17:24:00

സ്മാരക സമാധിയിലേയ്ക്ക്
മാര്‍പാപ്പയുടെ സ്വകാര്യസന്ദര്‍ശനം


23 മാര്‍ച്ച് 2011, വത്തിക്കാന്‍
മാര്‍ച്ച് 27-ാം തിയതി ഞായറാഴ്ചയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമിലുള്ള ഫൊസ്സേ ആര്‍ദിയാത്തീനെ Fosse Ardiatine സ്മാരകസമാധി സന്ദര്‍ശിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത്, 1944-ല്‍ മാര്‍ച്ച് 24-ാം തിയതി, കുട്ടികളടക്കമുള്ള നിര്‍ദ്ദോഷികളായ 335- റോമന്‍ പൗരന്മാരെ നാസ്സികള്‍ കൊലചെയ്തിന്‍റെ സ്മാരകത്തിലേയ്ക്കാണ് മാര്‍പാപ്പ, ഞായറാഴ്ച, സ്വകാര്യസന്ദര്‍ശനം നടത്തുന്നത്. ഇറ്റിലിയിലെ നാസി കൈയ്യേറ്റകാലത്തെ ഏറ്റവും ക്രൂരസംഭമായിട്ടാണ് ഫോസ്സെ ആര്‍ദിയാത്തീനെ ഇന്നും അനുസ്മരിക്കപ്പെടുന്നത്. സംഖ്യകക്ഷികളുടെ സൈന്യം 33 നാസികളെ റോമില്‍ ആക്രമിച്ചു കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ്
റോമിലെ ജയിലില്‍നിന്നും വീടുകളില്‍നിന്നും വഴിയോരങ്ങളില്‍ നിന്നുമായി ബന്ധികളാക്കിയ 335 പേരുടെ സംഘത്തെ നാസികള്‍ കൂട്ടക്കുരുതി നടത്തിയത്. റോമാ പട്ടണപ്രവിശ്യയുടെ തെക്കുഭാഗ്, ആദ്രിയാത്തീനെ ദേശീയപാതയ്ക്കു സമീപത്തുള്ള ഒരു ഗുഹയിലേയ്ക്കാണ് നാസി പട്ടാളം സാധാരണ ജനങ്ങളെ വെടിവെച്ചു വീഴ്ത്തിയത്. (ഇറ്റാലിയനില്‍ fossa/e എന്ന വാക്കിന് കിടങ്ങ്, കുഴി എന്നാണ് അര്‍ത്ഥം.) യുദ്ധത്തിനുശേഷം ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെടുത്ത്, പരേതരുടെ പേരുകള്‍ ഉല്ലേഖനംചെയ്യപ്പെട്ട ആദ്രിയാത്തീനെ സമാധി, പിന്നീട് ഇറ്റലിയിലെ വലിയ ചരിത്ര സ്മാരകമായി ഉയര്‍ത്തപ്പെട്ടു.

ഞായറാഴ്ച സ്മാരകത്തിലെത്തുന്ന പാപ്പ പരേതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ദാരുണമായ പ്രത്യാഘതങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുമെന്ന്, മാര്‍ച്ച് 23-ാം തിയതി, ബുധനാഴ്ച രാവിലെ, വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. (ഇനിയും സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല). ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കു മുന്‍പ് 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമാന്‍, 1965-ല്‍ പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പാമാരും റോമിന്‍റെ തെക്കുഭാഗത്തുള്ള ഈ രക്തസാക്ഷികളുടെ സമാധിസ്മാരകം സന്ദര്‍ശിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.