2011-03-23 17:35:06

നാഗസാക്കി യുദ്ധക്കെടുതിയും
ഫുക്കൂഷിമാ പ്രകൃതിദുരന്തവും


23 മാര്‍ച്ച് 2011, ജപ്പാന്‍
ജപ്പാനിലെ പ്രകൃതി ദുരന്തത്തെ ഹിരോഷിമാ-നാഗസാക്കി യുദ്ധക്കെടുതിയോട് തുലനംചെയ്യരുതെന്ന് ആര്‍ച്ചുബിഷപ്പ് ജോസഫ് തക്കാമി, നാഗസാക്കിയിലെ മെത്രാപ്പോലീത്ത ഒരഭിമുഖത്തില്‍ പ്രസ്താവിച്ചു. മാര്‍ച്ചു 22-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു, ആര്‍ച്ചുബിഷപ്പ് തക്കാമി.
മാര്‍ച്ച് 12-ാം തിയതിയിലെ ഭൂകമ്പത്തെ തുടര്‍ന്ന് വടക്കെ ജപ്പാനിലെ ഫുക്കൂഷിമാ ആറ്റോമിക് നിലയത്തിലുമുണ്ടായ സ്ഫോടനത്തിന്‍റെ ഭീകരതയെക്കുറിച്ചു വിവരിക്കവേയാണ് നാഗസാക്കിയുടെ ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രതികരിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഹിരോഷിമായിലും നാഗസാക്കിയിലും ക്രൂരമായ പ്രത്യാഘാതങ്ങളുണര്‍ത്തിയ ആണവ-പ്രസരണം യുദ്ധത്തിന്‍റെ ഫലമായിരുന്നെന്നും, ഇന്ന് ഫുക്കൂഷിമായിലുണ്ടായ അണുപ്രസരണം പ്രകൃതി ദുരന്തത്തിന്‍റെ ഫലമാണെന്നും ആര്‍ച്ചുബിഷപ്പ് തക്കാമി ചൂണ്ടിക്കാട്ടി. 1981-ലും 2007-ലും ദരുന്തങ്ങളുണ്ടാക്കിയിട്ടുള്ള ഫുക്കുഷിമാ നിലയം ജപ്പാന്‍റെ വ്യവസായ മേഖലയുടെ ഊര്‍ജ്ജകേന്ദ്രമാണെന്ന് വ്യക്തമാക്കിയ ആര്‍ച്ചുബിഷപ്പ്, സ്ഥിതിഗതികള്‍ ഇപ്പോള്‍ ഏറെ നിയന്ത്രണത്തിലായിട്ടുണ്ടെന്നും വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
ജപ്പാനിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ കാരിത്താസ് ഇന്‍റെര്‍ നാഷണലിന്‍റെ പ്രവര്‍ത്തനങ്ങളോടു സഹകരിച്ചും, സന്നദ്ധ സംഘങ്ങളെ അടിയന്തിര മേഖലകളിലേയ്ക്കയച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണെന്ന്, ആര്‍ച്ചുബിഷപ്പ് ജോസഫ് തക്കാമി തന്‍റെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.