2011-03-23 19:18:16

കേരളത്തിലെ
പ്രഥമ കത്തോലിക്കാ പാര്‍ട്ടി


23 മാര്‍ച്ച് 2011, കോഴിക്കോട്
ചരിത്രത്തിലാദ്യമായി കേരളത്തിലെ കത്തോലിക്കര്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കി. മാര്‍ച്ച് 22-ാം തിയതി ചൊവ്വാഴ്ച കോഴിക്കോട് മാധ്യമങ്ങല്‍ക്കു നല്കിയ അഭിമുഖത്തിലാണ് കേരളത്തിലെ കത്തോലിക്കരുടെ പ്രഥമ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് യൂണിയന്‍റെ ജനറല്‍ സെക്രട്ടറി, ജോയ് പാരിക്കാപ്പിള്ളി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു രാഷ്ട്രീയ നേതൃത്വവും കത്തോലിക്കരോട് നീതിപുലര്‍ത്താത്തതിന്‍റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ സജീവരാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിന്‍റെ വടക്കന്‍ പ്രവിശ്യയായ മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് യൂണിയന്‍ CDU, സംസ്ഥാനത്ത് മൊത്തമായുള്ള 60 ലക്ഷത്തോളം വരുന്ന കത്തോലിക്കരുടെ പിന്‍തുണയുള്ളതാണെന്നും, അതില്‍ മൂന്നിലൊന്ന് മലബാര്‍ ഭാഗത്തുള്ളവരാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
വിവിധ റീത്തുകളിലും വിഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന ക്രൈസ്തവരെ ഒരുമിച്ചുകൂട്ടുക, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക, എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷൃങ്ങളെന്ന് പാര്‍ട്ടിയുടെ പ്രസിഡന്‍റ്, രാജു തൂമ്പുങ്കല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളത്തിന്‍റെ രാഷ്ട്രീയ മേഖലയില്‍ മാറി മറിയുന്ന കോണ്ഗ്രസ്സ്- മാര്‍ക്സിറ്റ് കക്ഷികളുടെ ഭരണത്തില്‍ അതൃപ്തരും നിരാശരുമായിട്ടാണ് ജനങ്ങള്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിച്ചതെന്നും, നീതിനിഷ്ഠയുള്ള രാഷ്ട്രീയ നേതൃത്വത്തെ കേരളത്തിലെ കത്തോലിക്കാ സഭ പിന്‍തുണ്ക്കുമെന്ന് തലശ്ശേരി രൂപതാംഗം, ഫാദര്‍ ജോസ് മണിമലപ്പറമ്പില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2010 സെപ്തംബറില്‍ രൂപീകൃതമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് യൂണിയന്‍, ഏപ്രില്‍ 13-ാം തിയതി നടക്കുവാന്‍ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







All the contents on this site are copyrighted ©.