2011-03-22 19:57:59

രൂപാന്തരീകരണം ക്രിസ്തുവിന്‍റെ
ദിവ്യത്വത്തിന്‍റെ വെളിപാടെന്ന്
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


20 മാര്‍ച്ച് 2011, വത്തിക്കാന്‍
തന്‍റെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന‍്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തശേഷം പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് ക്രിസ്തു താബോര്‍ മലമുകളിലേയ്ക്കു പോയി. അവിടെ ശിഷ്യന്മാരുടെ മുമ്പില്‍വച്ച് അവിടുന്ന് രൂപാന്തരപ്പെട്ടു. ക്രിസ്തുവിന്‍റെ മുഖം സൂര്യനെപ്പോലെ മിന്നിത്തിളങ്ങി. അവിടുത്തെ വസ്ത്രം പ്രകാശംപോലെ ധവളാഭമായി (മത്തായി 17, 1-2). മാനുഷിക ഇന്ദ്രീയങ്ങള്‍ക്ക് ഏറ്റവും തീവ്രമായ പ്രകാശം സൂര്യന്‍റേതാണ്. എന്നാല്‍ ആത്മീയതലത്തില്‍ രക്ഷാകര ചരിത്രത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ തീവ്രമായ ദൈവിക മഹത്വ-പ്രഭയാണ്. സൂര്യപ്രകാശത്തെ വെല്ലുന്ന ആ പ്രഭ ശിഷ്യന്മാരുടെ മനോനേത്രങ്ങള്‍ താബോര്‍ മലയില്‍വച്ച് ദര്‍ശിച്ചു.

വിശുദ്ധ മാക്സിമസ് ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: ധവളാഭമായ ക്രിസ്തുവിന്‍റെ വസ്ത്രങ്ങള്‍ സുതാര്യവും പ്രസ്പഷ്ടവും പ്രഭാപൂര്‍ണ്ണവുമായിത്തീര്‍ന്ന സുവിശേഷവചനങ്ങളുടെ പ്രതീകമാണെന്ന്. രൂപാന്തരീകരണം പ്രാപിച്ച ക്രിസ്തുവിന്‍റെ സമീപത്ത് മോശയും ഏലിയാസും നില്ക്കുന്നതായും, അവര്‍ അവിടത്തോടു സംസാരിക്കുന്നതായും സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ മൂശ ദൈവകല്പനകളെ പ്രതിനിധാനംചെയ്യുമ്പോള്‍, ഏലിയാസ് പ്രവചനങ്ങളെ പ്രതിനിധീകരിക്കുന്നു. “കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണെന്ന്,” ആത്മീയനിര്‍വൃതിയില്‍ പത്രോസാണ് ഉദ്ഘോഷിച്ചത്. “അങ്ങേയ്ക്കിഷ്ടമാണെങ്കില്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ നിര്‍മ്മിക്കാം, ഒന്ന് അങ്ങേയ്ക്കും ഒന്ന് ഏലിയാസിനും ഒന്നു മൂശയ്ക്കും.”
വിശുദ്ധ അഗസ്റ്റിന്‍റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള വിവരണത്തില്‍, പത്രോസ് പ്രതിപാദിക്കുന്ന ‘കൂടാരം’ ക്രിസ്തുതന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത് – അതേ, ആദിയിലെ വചനം മാസംധരിച്ച ക്രിസ്തു. രൂപാന്തരീകരണത്തില്‍ നാം തുടര്‍ന്നു കേള്‍ക്കുന്ന ദൈവീക ശബ്ദം അല്ലെങ്കില്‍ പിതാവിന്‍റെ ശബ്ദം, വിശുദ്ധ അഗസ്റ്റിന്‍റെ ചിന്തകളെ സ്ഥിരീകരിക്കുന്നതാണ്. “ഇവനെന്‍റെ പ്രിയപുത്രനാണ്, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. നിങ്ങള്‍ ഇവന്‍റെ സ്വരം ശ്രവിക്കുവിന്‍” (മത്തായി 17, 5).

രൂപാന്തരീകരണം ക്രിസ്തുവിലുണ്ടായ മാറ്റമോ പരിവര്‍ത്തനമോ അല്ല. അവിടുത്തെ ദൈവികതയുടെ വെളിപാടാണത്. ക്രിസ്തുവിലുള്ള ദൈവികൈക്യത്തിന്‍റെ വ്യാഖ്യാനവും വെളിപ്പെടുത്തപ്പെട്ട അവിടുത്തെ സുതാര്യമാകുന്ന ദൈവിക പ്രാഭവവുമാണത്. അവിടുത്തെ ദൈവിക പ്രാഭവത്തിന്‍റെ അനുഭവവും ധ്യാനവും വഴിയാണ് പത്രോസിനും യാക്കോബിനും യോഹന്നാനും കുരിശിന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്താര്‍ജ്ജിച്ചത്.
ഒരു പുരാതന ആത്മീയഗീതത്തിലെ ഈരടികള്‍ വ്യക്തമാക്കുന്നതുപോലെ:
താബോര്‍ മലയില്‍ രൂപാന്തരപ്പെട്ട നിന്‍
മഹത്വം ധ്യാനിച്ച ശിഷ്യന്മാര്‍ ദര്‍ശിച്ചു
സ്വമനഃസ്സാ കൈക്കൊണ്ട പീഡകളും ക്രൂശുമരണവും
തന്‍ പിതാവിന്‍ ദിവ്യപ്രഭായ് മന്നിതില്‍.
(kontakion eis ten metaphosis in minaia t.6)

പ്രാര്‍ത്ഥനയ്ക്കും വചനധ്യാനത്തിനും അപ്പസ്തോലന്മാരെപ്പോലെ ഈ തപസ്സുകാലത്ത് നമ്മുടെ ജീവിതത്തില്‍ ഇടംനല്കിക്കൊണ്ട് താബോറിലെ ദിവ്യദര്‍ശനവും അലൗകികാനന്ദവും സ്വായത്തമാക്കാന്‍ നമുക്കും പരിശ്രമിക്കാം. നമ്മുടെ അനുദിനജീവിതം ആവശ്യപ്പെടുന്ന പരിത്യാഗത്തിനുമപ്പുറം, സ്വമനഃസ്സാലേറ്റെടുക്കുന്ന സല്‍പ്രവൃത്തികള്‍ വഴിയും ഈ തപസ്സാവശ്യപ്പെടുന്ന പ്രായശ്ചിത്തത്തിനായുള്ള ദൈവികാഹ്വാനത്തോട് ഉചിതമായി പ്രതികരിക്കാന്‍ നമുക്ക് ഈ നാളുകളില്‍ പരിശ്രമിക്കാം. ബതലെഹേം മുതല്‍ കാല്‍വരിയിലെ കുരിശ്ശിന്‍ചുവടുവരെയും തന്‍റെ തിരുക്കുമാരനെ അനുധാവനംചെയ്ത കന്യകാമറിയത്തിന്‍റെ മാതൃസഹായവും മാദ്ധ്യസ്ഥ്യവും ഈ ആത്മീയയാത്രയില്‍ നമുക്കേവര്‍ക്കും തുണയാവട്ടെ.
Sedoc 1268







All the contents on this site are copyrighted ©.