2011-03-22 15:05:04

മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് സാര്‍വ്വത്രീക സഭയുടെ പിന്തുണ


വത്തിക്കാന്‍: മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്കു എല്ലാ ക്രൈസ്തവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി . ഇക്കൊല്ലം ദു:ഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ച മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവസമൂഹങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാര്‍വ്വത്രീക സഭയിലെ അജപാലകര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ സാന്ദ്രി ഇപ്രകാരം രേഖപ്പെടുത്തിയത്. മധ്യപൂര്‍വ്വദേശത്തെ പ്രത്യേകിച്ച് ജറുസലേം, ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരെ പിന്തുണയ്ക്കാനും മാര്‍പാപ്പ നിരന്തരമായി നടത്തുന്ന ആഹ്വാനത്തില്‍ പങ്കുചേരാന്‍ കര്‍ദ്ദിനാള്‍ ഏവരേയും ക്ഷണിച്ചു. അന്നാടുകളില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ക്രൈസ്തവരുടെ അസ്ഥിരതയ്ക്കും അസമാധാനത്തിനും കൂട്ടപലായനത്തിനും വഴിതെളിക്കുന്നവെന്ന് കത്തില്‍ സൂചിപ്പിച്ച കര്‍ദ്ദിനാള്‍ സമാധാനമാണ് മധ്യപൂര്‍വ്വദേശത്തു നിന്നുള്ള ക്രൈസ്തവരുടെ കൂട്ടപലായനം ഇല്ലാതാക്കാനുള്ള ഏകമാര്‍ഗ്ഗമെന്നും കത്തില്‍ രേഖപ്പെടുത്തി. സമാധാനം സാധ്യമാണെന്നും അത് അത്യാവശ്യമാണെന്നും സമാധാനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ നിന്നും പിന്തിരിയരുതെന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.