2011-03-22 15:02:05

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഡിജിറ്റല്‍ അനുയായികള്‍


വത്തിക്കാന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഫേസ്ബുക്കിലും യൂറ്റൂബിലും ജനപ്രീതി വര്‍ദ്ധിക്കുന്നുവെന്ന് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ റേഡിയോയും വത്തിക്കാന്‍റെ ടെലിവിഷന്‍ കേന്ദ്രവും സംയുക്തമായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളുടെയും കൂടിക്കാഴ്ചകളുടെയും വിദേശയാത്രകളുടെയും ദൃശ്യ ശ്രാവ്യ രേഖകള്‍ ഉള്‍ക്കൊള്ളുന്ന താളുകള്‍ ഫേസ്ബുക്കിലും യൂറ്റൂബിലും ആരംഭിച്ച് ഒരു വാരത്തിനുള്ളില്‍ ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതാവഹമാണെന്ന് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെയും റേഡിയോയുടെയും ഡിറക്ടര്‍ ജനറല്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച നല്‍കിയ വാര്‍ത്താ പ്രസ്താവനയില്‍ വെളിപ്പെടുത്തി. വിവിധ ഭാഷകളിലുള്ള വീഡിയോകള്‍ അന്‍പതിനായിരത്തിലധികം തവണ പ്രക്ഷേപണം ചെയ്യപ്പെട്ടുവെന്നും അവയില്‍ ചിലത് ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ അധ്യക്ഷന്‍കൂടിയായ ഫാദര്‍ ലൊംബാര്‍ദി അറിയിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ച് ആരംഭിച്ച ഈ സംരംഭം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതിലുള്ള സംതൃപ്തിയും അദ്ദേഹം മറച്ചുവെച്ചില്ല.







All the contents on this site are copyrighted ©.